തിരുവനന്തപുരം: ലോകം എമ്പാടും വലിയ കാര്യങ്ങൾക്കു തുടക്കം കുറിക്കുന്നത് ക്യാമ്പസുകളിൽ നിന്നാണ്. മലിനമാകാത്ത യുവത്വം രാഷ്ട്രീയമോ മതമോ ഒന്നും നോക്കാതെ ധർമ്മത്തിനു വേണ്ടി മുന്നിട്ടിറങ്ങും. വലിയ വിപ്ലവങ്ങൾ മുതൽ ജനകീയ പ്രക്ഷോഭങ്ങൾ വരെ അങ്ങനെയാണ് തുടങ്ങിയത്. വ്യവസ്ഥാപിത സംവിധാനങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കൾ അങ്ങനെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായി മാറുന്നു. ചില വ്യക്തികളുടെ അമിതാവേശവും ക്രിമിനൽ മനസും ദുരന്തങ്ങൾക്കു വഴി ഒരുക്കുമ്പോൾ അതു മുഴുവൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ തലയിൽ കെട്ടി വച്ച് ജനകീയ വികാരം ഉയർത്താൻ വ്യവസ്ഥാപിത മാദ്ധ്യമങ്ങൾ എക്കാലത്തും ശ്രമിച്ചിരുന്നു. അങ്ങനെയാണ് കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയം ഇല്ലാതായത്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ നിൽക്കുന്ന എസ് എഫ് ഐ അവർക്കു ക്രിമിനൽ കൂട്ടായ്മയുമാണ്.

അതോടെ ക്യാമ്പസുകളിലെ ചൂടും ചൂരും ഒഴിഞ്ഞു പോയി. പഠിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന പ്രതികരണ ശേഷിയില്ലാത്ത ഒരു തലമുറയാണ് കേരളത്തിൽ ഇപ്പോൾ രൂപപ്പെട്ടു വരുന്നത്, തസ്‌നിയയുടെ മരണം വിവാദമാകുന്നതോടെ അവശേഷിക്കുന്ന ക്യമ്പസ് ആഘോഷങ്ങൾക്കും തമാശകൾക്കും കൂടി കത്തി വീഴുകയാണ്. സിഇറ്റി അപകട പശ്ചാത്തലത്തിൽ ക്യാമ്പസിലെ ആഘോഷങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനുള്ള മാർഗ്ഗ നിർദ്ദേശം പുറത്തുവരുന്നതിന് മുമ്പേ തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണർ തന്നെ ഇടപെടലും തുടങ്ങി. ഇതോടെ ആഘോഷങ്ങളും ക്യാമ്പസുകളിൽ നിറം മങ്ങിയ കാഴ്ചകളാകും.

കോളജ് ക്യാംപസുകളിലെ ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ സർക്കാർ മാർഗരേഖ തയാറാക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ്. ഇതുമായി ബന്ധപ്പെട്ടു ചൊവ്വാഴ്ച തിരുവനന്തപുരത്തു യോഗം ചേരുന്നുമുണ്ട്. വിദ്യാഭ്യാസ വിദഗ്ദ്ധർ, പൊലീസ് മേധാവികൾ, വിസിമാർ, പ്രഫഷനൽ കോളജ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നു മന്ത്രി പറഞ്ഞു. എന്നാൽ വിദ്യാർത്ഥി പ്രതിനിധികളെ വിളിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ഏകപക്ഷീയമായ തീരുമാനം ആകും എടുക്കുക. ആഘോഷങ്ങളുടെ സ്വഭാവം എങ്ങനെയാകുമെന്ന് സർക്കാർ തീരുമാനിക്കും. അതായത്. കുട്ടികളുടെ ചിന്തപരമായ കലാ പ്രകടനമോ ആഹ്ലാദമോ ഒന്നും അനുവദിക്കില്ല.

എഞ്ചിനിയറിങ് കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോളജുകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ എച്ച്. വെങ്കിടേഷ് വ്യക്തമാക്കിയിട്ടുണ്ട്. കോളജുകളിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മാത്രം പൊലീസിനെ വിവരമറിയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ആഘോഷങ്ങൾ നടക്കുമ്പോൾ അതിനു മേൽനോട്ടം വഹിക്കാൻ ഒരു അദ്ധ്യാപകനെ ചുമതലപ്പെടുത്താൻ അവശ്യപ്പെടും. ആഘോഷം അതിരുവിട്ടാൽ ഈ അദ്ധ്യാപകൻ പൊലീസിനെ വിവരമറിയിക്കുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം. വലിയ ആഘോഷങ്ങൾ പൊലീസിനെ മുൻകൂട്ടി അറിയിക്കേണ്ടതുണ്ടെന്നും കമ്മീഷണർ പറയുന്നു.

ഈ മാതൃക സംസ്ഥാനത്തുടനീളം പരീക്ഷിക്കാനാണ് സാധ്യത. ഇതോടെ ആഘോഷങ്ങൾക്ക് മേൽ ചാരക്കണ്ണു വരും. വിവാദമുണ്ടായാൽ അദ്ധ്യാപകൻ കുടുങ്ങുമെന്നതിനാൽ എന്ത് സംഭവിച്ചാലും പ്രസ്തുത അദ്ധ്യാപകൻ പൊലീസിനെ വിളിക്കുമെന്ന ഭയം കുട്ടികളിലുണ്ടാകും. അതുകൊണ്ട് തന്നെ അടങ്ങിയൊതുങ്ങി, ചിന്താപരമായവയെല്ലാം മാളത്തിലൊളുപ്പിച്ച് സാധാരണക്കാരായി മാറും. അക്രമങ്ങളും അനിഷ്ട സംഭവങ്ങളും തടയണം. അതിന് കൂട്ടായി ചർച്ചകൾ വേണം. വിദ്യാർത്ഥികളുമായി വേണം ഇതെല്ലാം ആലോചിക്കാൻ. അല്ലാതെ പൊലീസും മന്ത്രിയും പ്രിൻസിപ്പാളും ചേർന്ന് തീരുമാനം എടുത്താൽ അത് വിദ്യാർത്ഥി സമൂഹത്തെ തളർത്തുക മാത്രമേ ചെയ്യൂ. ചിന്തിച്ചും പ്രവർത്തിച്ചു വളരേണ്ട ഭാവി വാഗ്ദാനങ്ങളെ അതിന് അനുവദിക്കാതിരിക്കലാകും അത്.

എല്ലാ സഭ്യതയും ലംഘിച്ചാണു സിഇടി ക്യാംപസിൽ ഓണാഘോഷം നടത്തിയത് എന്നത് വ്യക്തമാണ്. ആഘോഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ മദ്യം കഴിച്ചെത്തിയവരുമുണ്ടായിരുന്നു. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ വിദ്യാർത്ഥികൾ സ്വയം നിയന്ത്രണം പാലിക്കണമായിരുന്നു. ഇതെല്ലാം നിയന്ത്രിക്കണം. അതിന് ഇപ്പോഴുള്ള പ്രിൻസിപ്പൽ അടക്കമുള്ള സംവിധാനം മതി. വിദ്യാർത്ഥികളിൽ അദ്ധ്യാപകർക്കുള്ള സ്വാധീനം കുറയുന്നതും കാരണമാണ്. ഇത് പരിഹരിച്ചാൽ തന്നെ ക്യാമ്പസുകളിലെ തെറ്റു കുറ്റങ്ങൾ പരിഹരിക്കപ്പെടും. അല്ലാതെ ആഘോഷങ്ങളും കൂടിച്ചേരലുകളും തടയുന്നത് വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. കുറച്ചു പേർ ചെയ്ത തെറ്റിന്റെ ശിക്ഷ കേരളത്തിലെ മുഴുൻ ക്യാമ്പസുകൾക്കും പതിച്ചു നൽകാനാണ് നീക്കം.