ബംഗളൂരു: അപമാനവും പീഡനവും സഹിക്കവയ്യാതെയാണ് ഭർത്താവിനെ തലയ്ക്കടിച്ചുകൊന്ന് തടാകത്തിൽ എറഞ്ഞതെന്ന് ശിൽപ്പയുടെ മൊഴി. കാമുകനായ വാസുദേവുമൊന്നിച്ച് ജീവിക്കാനാണ് ഭർത്താവായ കേശവ് റെഡ്ഡിയെ കൊന്നതെന്ന വാദം ശരിയില്ല. താനും വസുദേവും തമ്മിൽ യാതൊരു വഴിവിട്ട ബന്ധവുമില്ലെന്നും ശിൽപ പറഞ്ഞു. കേശവ് റെഡ്ഡി സാഡിസ്റ്റായിരുന്നുവെന്നും ശിൽപ്പ വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം അച്ഛന്റെ ഉദേശമനുസിച്ചാണ് മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചതെന്നും ശിൽപ മൊഴി നൽകി.

വടക്കൻ ബംഗളുരുവിലെ ബനസ്വതിയിൽ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിയായ കേശവ് റെഡ്ഡിയെയാണ് ഭാര്യ ശിൽപ റെഡ്ഡി കൊലപ്പെടുത്തിയത്. ആക്ടിയൻസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കേശവ് റെഡ്ഡി(36) കഴിഞ്ഞ ശനിയാഴ്ച ജോലി കഴിഞ്ഞ് എത്തിയതോടെ ജ്യൂസിൽ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാമുകനായ വസുദേവിനെ വിളിച്ചുവരുത്തിയ ശിൽപ മൃതദേഹം ചാക്കിൽ കെട്ടി കോലാർ ജില്ലയിലെ ശ്രീനിവാസപുരം തടാകത്തിൽ തള്ളുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ശിൽപ്പയെ കുടുക്കിയത്.

മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരും താമസിച്ചിരുന്ന ബാനസവാടിയിലെ വീട്ടിലെത്തി പൊലീസ് തെളിവെടുത്തു. കേശവയെ കൊല്ലാനുപയോഗിച്ച നാലു തടിക്കഷ്ണങ്ങൾ കണ്ടെടുത്തു. ബംഗളുരുവിൽ ഐടി എൻജിനീയറെ കൊന്നു തടാകത്തിൽ തള്ളിയത് സ്വാതന്ത്ര്യം ലഭിക്കാതിരുന്നതിനാലാണ്. തനിക്കു ജീവിക്കണമെങ്കിൽ ഭർത്താവിനെ കൊന്നേ പറ്റൂ എന്നതായിരുന്നു അവസ്ഥയെന്നും ചോദ്യം ചെയ്യലിൽ മുപ്പത്തിരണ്ടകാരിയായ ശിൽപ പൊലീസിനോടു പറഞ്ഞു. തനിക്കു വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അത് അനുവദിച്ചില്ല. ഷോപ്പിംഗിനും പുറത്തുനിന്നു ഭക്ഷണം കഴിക്കാനും സിനിമയ്ക്കുപോകാനും എന്തിനു ഉറക്കെയൊന്നു ചിരിക്കാൻ പോലും ഭർത്താവ് കേശവ റെഡ്ഢി സമ്മതിച്ചിരുന്നില്ലെന്നും ശിൽപ പൊലീസിനോടു കുറ്റം സമ്മതിച്ചു വ്യക്തമാക്കി.

കേശവറെഡ്ഢി ഒരു സാഡിസ്റ്റായിരുന്നു. കൊലപാതക ദിവസം താൻ ആർത്തവകാലത്തായിരുന്നു. രാത്രിയിൽ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. താൻ ഒഴിഞ്ഞു മാറുകയായിരുന്നു. കുറച്ചു കഴിഞ്ഞു വീണ്ടും നിർബന്ധിച്ചു. അപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. പിന്നീട് താൻ അഭിനയിക്കുകയായിരുന്നു. ഭർത്താവിനായി ജൂസ് ഉണ്ടാക്കി. അവിൽ ഗുളിക പൊടിച്ചിട്ടു നൽകി. ഇതു കഴിച്ചു കുറച്ചുകഴിഞ്ഞപ്പോൾ കേശവ് മയക്കം പിടിച്ചു. ഈ സമയം, വീട്ടിലുണ്ടായിരുന്ന ഒരു തടിക്കഷ്ണം കൊണ്ടു കേശവിന്റെ തലയ്ക്കടിച്ചു. അതിനുശേഷം കഴുത്തറക്കുകയായിരുന്നുവെന്നു ശിൽപ പറഞ്ഞു.

പിന്നീട് കസിനായ വാസുദേവ റെഡ്ഡിയെ വിളിച്ചു കാര്യം പറഞ്ഞു. വസുദേവ വന്ന ശേഷം രണ്ടു പേരും കൂടി കേശവയുടെ തലയ്ക്കടിച്ചു മരണം ഉറപ്പാക്കി. സംഭവമറിഞ്ഞ് ശിൽപയുടെ പിതാവ് എഴുന്നേറ്റു. അദ്ദേഹമാണ് മൃതദേഹം ഉപേക്ഷിക്കാൻ പറഞ്ഞത്. തുടർന്ന് കേശവയെ പുതിയ പാന്റും ഷർട്ടും ധരിപ്പിച്ചു. ഡെറ്റോൾ ഉപയോഗിച്ചു മുഖത്തെ രക്തപ്പാടുകളൊക്കെ തുടച്ചുകളഞ്ഞു. തുടർന്നു മൂന്നു പേരും ചേർന്നു മൃതദേഹം കാറിലാക്കി കോളാർ ജില്ലയിലെ ശ്രീനിവാസ പുരയിലേക്കു പോയി. ഇവിടെയുള്ള തടാകത്തിൽ മൃതദേഹം തള്ളുകയായിരുന്നു.

കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഐ.ടി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ യുവതിയെ പൊലീസ് പിടികൂടിയത് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ്. കാമുകനെ വിവാഹം ചെയ്ത് വിദേശത്ത് പോകാനായിരുന്നു ശിൽപ്പ ഭർത്താവിനെ കൊന്നതെന്നായിരുന്നു പൊലീസിന്റെ വാദം. ഇതിനെയാണ് മൊഴി നൽകലിൽ ശിൽപ്പ തള്ളിക്കളയുന്നത്. കൊലയ്ക്ക് ശേഷം കേശവ് റെഡ്ഡിയെ കാണാനില്ലെന്ന് വരുത്താനായിരുന്നു ശ്രമം. ശിൽപ്പയുടെ കുടുംബവും ഇതിന് അനുസരിച്ച് പെരുമാറി.

എന്നാൽ കൊലപാതകം ചെയ്തതിന്റെ അടുത്ത ദിവസം വൈകിട്ട് കേശവിന്റെ സഹോദരൻ തിരുമല റെഡ്ഡിയെ ഫോണിൽ വിളിച്ച ശിൽപ്പ , ആന്ധ്രയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പോയ ഭർത്താവിനെപ്പറ്റി യാതൊരു വിവരവുമില്ല എന്നറിയിക്കുകയും ചെയ്തു. സാധാരണ വീട്ടിലേക്ക് വരുമ്പോൾ കേശവ് അമ്മയോടും അച്ഛനോടും മുൻകൂട്ടി പറയുക പതിവായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന് അറിഞ്ഞതോടെ സഹോദരന് സംശയമായി. പൊലീസിൽ പരാതിയും നൽകി.

ഇതിനിടെയാണ് ശ്രീനിവാസപുരം തടാകത്തിൽ നിന്ന് കേശവിന്റെ മൃതദേഹം കിട്ടിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ശിൽപ റെഡ്ഡി ശനിയാഴ്ച രാത്രിയിൽ ശ്രീനിവാസപുരം തടാകത്തിന് സമീപമുണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. അതോടെ എല്ലാം വ്യക്തമായി. തുടർന്ന് ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്.