ബാംഗ്ലൂർ: കേരളത്തിലെ ഏറ്റവും മാന്യനായ കച്ചവടക്കാരിൽ ഒരാൾ ആണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. നികുതി കൊടുക്കുന്ന കാര്യത്തിൽ ആണെങ്കിലും ദാനധർമ്മങ്ങൾ ചെയ്യുന്ന കാര്യത്തിൽ ആണെങ്കിലും കൊച്ചൗസേഫിന് നൂറ് മാർക്കാണ്. പക്ഷേ, തൊഴിലാളികൾ സംഘടിക്കുന്നതിനെ മാത്രം കൊച്ചൗസേഫിന് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സിപിഐ(എം) സമരം നടത്തിയപ്പോൾ പ്രതിഷേധിച്ച കോൺഗ്രസുകാരിയായ വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം സമ്മാനം നൽകിയും ചുമട്ടു തൊഴിലാളികളുമായി വഴക്കുകൂടി സ്വയം ലോഡിറക്കിയും ഒക്കെ അദ്ദേഹം ശ്രദ്ധ നേടിയത്.

തൊഴിലാളി സംഘടനകൾക്ക് എതിരെയുള്ള കൊച്ചൗസേഫിന്റെ കടുത്ത നിലപാടിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബാംഗ്ലൂർ വണ്ടർലായ്ക്ക് മുമ്പിൽ നടക്കുന്ന തൊഴിലാളികളുടെ കുടിൽകെട്ടി സമരം 130 ദിവസം പിന്നിട്ടത്. കാലങ്ങളായി തൊഴിലാളി സംഘടനകൾക്ക് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് കൊച്ചൗസേഫ്. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പണിമുടക്കും ഹർത്താലും പ്രഖ്യാപിച്ച് രംഗത്തിറങ്ങുന്ന തൊഴിലാളി സംഘടനകളോടുള്ള നിലപാടിൽ പ്രതിഷേധിച്ചാണ് കൊച്ചൗസേഫ് അദ്ദേഹം സ്വന്തം തൊഴിൽ സ്ഥാപനത്തിലെ ജീവനക്കാരോടും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത്.

വണ്ടർലയിൽ തൊഴിലാളി സംഘടനകളുടെ യൂണിറ്റ് രൂപീകരിച്ച നടപടിയാണ് ചിറ്റിലപ്പള്ളിയെ ചൊടിപ്പിച്ചത്. ഇതോടെ ബാംഗ്ലൂർ വണ്ടർലായിലെ ജീവനക്കാരെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ചിറ്റിലപ്പള്ളിയുടെ ഉത്തരവിനെതിരായി നടക്കുന്ന തൊഴിലാളികളുടെ കുടിൽകെട്ടി സമരമാണ് 130 ദിവസം പിന്നിട്ടിരിക്കുന്നത്. വണ്ടർലാ കാർമ്മിക് സംഘ എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ ഇവിടത്തെ തൊഴിലാളികൾ രൂപീകരിച്ച യൂണിയനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ പ്രകോപിപ്പിച്ചതെന്ന് ജീവനക്കാർ പറയുന്നു. തൊഴിൽ സുരക്ഷിതത്വം ആവശ്യപ്പെട്ടാണ് കഴിഞ്ഞ വർഷം ജൂണിൽ വണ്ടർലാ ബാംഗ്ലൂരിലെ തൊഴിലാളികൾ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. സംഘടന തുടങ്ങുംമുൻപ് തന്നെ മാനേജ്‌മെന്റിനെ വിവരം ധരിപ്പിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു. മാനേജ്‌മെന്റ് എപ്പോൾ ആവശ്യപ്പെട്ടാലും പിരിഞ്ഞുപോകാൻ തൊഴിലാളികൾ ബാധ്യസ്ഥരായി വന്നതോടെ ഇനി സംഘടിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് തങ്ങൾ തിരിച്ചറിയുകയായിരുന്നുവെന്ന് ജീവനക്കാർ വ്യക്തമാക്കി.

ഓപ്പറേറ്റർ/ടെക്‌നിഷ്യൻ തസ്തികയിൽ ജോലി ചെയ്യുന്ന 124 പേരായിരുന്നു തൊഴിലാളിസംഘടന രൂപീകരിച്ചത്. ഇതോടെയാണ് പണ്ടേ സംഘടനാ വിരുദ്ധനായ ചിറ്റിലപ്പള്ളി തന്റെ നിലപാട് കൂടുതൽ കർക്കശമാക്കിയത്. സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ 59 പേരെ ഹൈദരാബാദിലേക്കാണ് സ്ഥലം മാറ്റി ഉത്തരവായത്. ഹൈദരാബാദിൽ ഇതുവരെ പാർക്ക് പ്രവർത്തനം തുടങ്ങിയിട്ടില്ല. അവിടെ പാർക്കിനായുള്ള പ്രാരംഭജോലികൾ മാത്രമേ ഇനിയും തുടങ്ങിയിട്ടുള്ളൂ എന്നിരിക്കെയാണ് തൊഴിലാളി സംഘബലത്തെ അടിച്ചമർത്താൻ മാനേജ്‌മെന്റ് സ്ഥലം മാറ്റം എന്ന സ്ഥിരം അടവുമായെത്തിയത്.

ഇതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ തൊഴിലാളികളും മാനേജ്‌മെന്റ് പ്രതിനിധികളൂം തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും വരെ ഉണ്ടായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ 10 പേരെ കമ്പനിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത് പിന്നേയും മാനേജ്‌മെന്റ് തൊഴിലാളികളെ വെല്ലുവിളിക്കുകയാണുണ്ടായതെന്ന് അവർ കുറ്റപ്പെടുത്തുന്നു. വണ്ടർലാ കാർമിക് സംഘ നേതാക്കളാണ് സസ്‌പെന്റ് ചെയ്യപ്പെട്ടവരിൽ ഉള്ളത്. ഇവരിൽ മലയാളികളുമുണ്ട്. ഇതോടെ സസ്‌പെന്റ് ചെയ്യപ്പെട്ടവരും ട്രാൻസ്ഫർ ചെയ്യപ്പെട്ടു പ്രതികാര നടപടിക്ക് വിധേയരായവരും ചേർന്ന് പാർക്കിനു മുൻപിൽ കുടിൽകെട്ടി സമരം ആരംഭിക്കുകയായിരുന്നുവെന്ന് കാർമ്മിക് സംഘ നേതാവും മലയാളിയുമായ വിനേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. അലക്കുതൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്യുന്നത്.

ഇവരോടൊപ്പമുള്ള മറ്റു തൊഴിലാളികൾക്ക് പാർക്കിൽ ഇപ്പോഴും പ്രവേശിക്കാമെങ്കിലും ജോലിയെടുക്കാൻ അനുവാദം മാനേജർമാർ നൽകാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അപകടം പിടിച്ച പല റൈഡുകളും പാർക്കിലുണ്ടെന്നും തൊഴിലാളികൾ ആരോപിക്കുന്നു. വണ്ടർലാ ഐഎസ്ഒ സർട്ടിഫൈഡ് പാർക്കുമാണ്. എന്നാൽ പരിചയസമ്പന്നരായ തൊഴിലാളികളെ മാറ്റിനിർത്തി ഇപ്പോൾ ട്രെയ്‌നി ഓപ്പറേറ്റർമാർ എന്ന പേരിൽ പരിചയസമ്പന്നരല്ലാത്ത തമിഴ്‌നാട്, ഒഡീഷ സ്വദേശികളെ കൊണ്ട് റൈഡുകൾ ഓപ്പറേറ്റ് ചെയ്യിപ്പിക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. എഴുപതോളം പേരെ താൽക്കാലിക ജീവനക്കാരാക്കി വച്ചാണ് ഇപ്പോൾ പാർക്ക് മാനേജ്‌മെന്റ് നടത്തിക്കൊണ്ടു പോകുന്നത്. യൂണിയൻ ആരംഭിക്കുന്ന സമയത്ത് തൊഴിൽ സുരക്ഷിതത്വം മാത്രമാണ് തങ്ങൾ ഉന്നയിച്ചതെന്ന് സമരക്കാർ പറയുന്നുണ്ട്.

കുടിൽ കെട്ടി സമരം ഒരുഭാഗത്ത് തുടരുമ്പോൾ മറുഭാഗത്ത് നിയമപരമായ വഴികളും തൊഴിലാളികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടക സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ലേബർ കോർട്ടിൽനിന്ന് ട്രാൻസ്ഫർ ഉത്തരവ് റദ്ദാക്കിയുള്ള ഉത്തരവും തൊഴിലാളികൾക്ക് ലഭിച്ചു. എന്നാൽ ഇതുപോലും കണക്കാക്കാതെ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയിരിക്കുകയാണ് ഇപ്പോൾ മാനേജ്‌മെന്റ്. അവിടെ വാദങ്ങൾ എല്ലാം പൂർത്തിയായി വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. സമരം തുടങ്ങി ഇത്രനാളുകൾ കഴിഞ്ഞിട്ടും പ്രശ്‌നം എന്താണെന്ന് ചോദിച്ചറിയാൻ പോലും ഉടമയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തയ്യാറായിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

യൂണിയൻ എന്ന രീതിയിൽ ആരും തങ്ങളെ സമീപിക്കണ്ട എന്നാണത്രെ മാനെജ്‌മെന്റ് നിലപാട്. കേരളത്തിൽ നിന്നുള്ള സ്ഥാപനമായതിനാൽ ഇവിടുത്തെ പത്രക്കാരെ പലരേയും തൊഴിലാളികൾ ബന്ധപ്പെട്ടെങ്കിലും അവർ ആരും സമരത്തെക്കുറിച്ച് ഒരുവരി പോലും കൊടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. വൻപരസ്യമുള്ള സ്ഥാപനമായതിനാൽ ചാനലുകളും ഇങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ 20 കിലോമീറ്റർ ദൂരം മാതമുള്ള രാംനഗർ എന്ന ജില്ലയിലെ ബിഡുദിയിലാണ് വണ്ടർലാ സ്ഥിതി ചെയ്യുന്നത്. 80 ഏക്കർ വരുന്ന പാർക്കിൽ 26 മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം ഇപ്പോൾ സമരത്തിലുമാണ്.

തനിക്ക് ഇഷ്ടപ്പെടുന്നവർക്ക് വാരിക്കോരി ദാനദർമം നടത്തുന്നതിലും അവയവദാനത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിത്വമാണ് ചിറ്റിലപ്പള്ളി. കേരളത്തിലെ എല്ലാവർക്കും സ്വീകാര്യനായ വ്യക്തി കൂടിയാണ് അദ്ദേഹം. ഇങ്ങനെ എന്നും ദാനധർമ്മങ്ങൾക്കും അവയവദാനത്തിനും വേണ്ടി നിലകൊള്ളുന്നയാളെന്നു വ്യക്തിത്വമായതു കൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തിൽ അൽപ്പം മൗനം പാലിക്കുന്നത്. വണ്ടർലാ വാട്ടർ തീം പാർക്കിന്റെ ഉടമക്കെതിരെ സ്വന്തം തൊഴിലാളികൾക്കിടയിൽ നിന്നു തന്നെ ശബ്ദമുയരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏവർക്കും ദാനധർമ്മം ചെയ്യുന്ന വ്യക്തി ആദ്യമായി സ്വന്തം ജീവനക്കാരുടെ ക്ഷേമം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.