കൊച്ചി: ബാങ്കുകളിൽ നിന്നും കോടികൾ വായ്‌പ്പയെടുത്ത് ബിസിനസ് നടത്തിയപ്പോൾ വന്ന ചെറിയ പാളിച്ചയാണ് അറ്റലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ ദുബായിലെ ജയിലിലാക്കിയ്. കോടികളുടെ വായ്‌പ്പയെടുത്ത അദ്ദേഹത്തിന് തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെ ജയിൽ തന്നെ ശരണമാകുകയായിരുന്നു. അദ്ദേഹത്തെ പുറത്തിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ല. അറ്റ്‌ലസ് രാമചന്ദ്രൻ വായ്‌പ്പയെടുത്ത ശേഷം എവിടേക്കം ഒളിച്ചോടിയില്ല. എന്നാൽ, മറ്റ് മലയാളിഖലുടെ കാര്യം അതല്ല, ദുബായിലെ ആസ്തികൾ പെരുപ്പിച്ച് കാണിച്ച ശേഷം കോടികൾ വായ്‌പ്പയെടുത്ത് പണം ഇന്ത്യയിലേക്ക് കടത്തി മുങ്ങിയത് നിരവധി ഇന്ത്യക്കാരാണ്. ഇങ്ങനെ വായ്പാത്തട്ടിപ്പ് കാണിച്ച ഇന്ത്യക്കാരെ പിടികൂടാൻ ഒരുങ്ങുകയാണ് യുഎഇ സർക്കാർ.

മലയാളികൾ അടക്കം ഇന്ത്യക്കാർ ഏറെ താമസിക്കുന്ന ദുബായിലെ ബാങ്കുകളെ പറ്റിച്ചാണ് കൂടുതൽ ഇന്ത്യക്കാരും മുങ്ങിയത്. കോടികളുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ടവർക്കെതിരെ നിയമനടപടിക്ക് ദുബായ് ആസ്ഥാനമായ ബാങ്ക് ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 27 കേസുകൾ. പ്രതികളിൽ 40 പേർ മലയാളികൾ. ഇത്രയും കേസുകളിലായി കണക്കാക്കിയ വായ്പത്തട്ടിപ്പ് 800 കോടി രൂപയുടേത്. തുക ഹവാലയായി ഇന്ത്യയിലേക്കു കടത്തിയെന്നു നിഗമനം. കുറഞ്ഞ പലിശ നിരക്കിലാണ് പണം ദുബായിൽ വായ്‌പ്പ ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ഇന്ത്യയിലേക്ക് കടത്തി ഇവിടെ വലിയ പലിശ ഈടാക്കി കടം കൊടുക്കുന്ന ഏർപ്പാട് പോലും ഇന്ത്യക്കാർക്കുണ്ട്.

ബാങ്കിന്റെ പവർ ഓഫ് അറ്റോർണിയായ കൊച്ചിയിലെ സ്ഥാപനം ഡിജിപിക്കു നൽകിയ പരാതി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. തട്ടിപ്പിനിരയായ അഞ്ചു ഗൾഫ് ബാങ്കുകൾ കൂടി ഇന്ത്യയിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മൊത്തം തട്ടിപ്പു തുക 20,000 കോടി കടക്കുമെന്നാണു കണക്കുകൂട്ടൽ.

ബിസിനസ് ആവശ്യത്തിനെന്ന പേരിൽ മാസ്റ്റർ ഫെസിലിറ്റി സംവിധാനത്തിൽ ഓവർ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്‌കൗണ്ടിങ്, ലെറ്റർ ഓഫ് ക്രെഡിറ്റ്, ട്രസ്റ്റ് രസീത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണു വായ്പ സംഘടിപ്പിച്ചത്. സ്ഥാപനത്തിന്റെ ഒരു വർഷത്തെ ഓഡിറ്റ് റിപ്പോർട്ടും ഒപ്പിട്ട കാലിച്ചെക്കും അപേക്ഷയ്‌ക്കൊപ്പം നൽകി. മാസ്റ്റർ ഫെസിലിറ്റി പണമാക്കി മാറ്റാനായി മറ്റു ചില കമ്പനികളുമായിച്ചേർന്ന്, ഒരിക്കലും നടന്നിട്ടില്ലാത്ത ക്രയവിക്രിയങ്ങളുടെ ബില്ലുകൾ, ട്രക്ക് കൺസൈന്മെന്റ് നോട്ടുകൾ, ഡെലിവറി ഓർഡറുകൾ എന്നിവയും നൽകി. ഹ്രസ്വകാലത്തേക്കുള്ള വായ്പകളായതിനാലും ആദ്യത്തെ വായ്പ സമയത്തു തിരിച്ചടച്ചതിനാലും വിശദമായ പരിശോധന നടത്താതെയാണു ബാങ്ക് തുടർവായ്പകൾ നൽകിയത്.

ഓഡിറ്റ് റിപ്പോർട്ടിൽ കാണിച്ചിരുന്ന ആസ്തിയുടെ 30 ശതമാനം വരെ വായ്പയായി തരപ്പെടുത്തി. ഒരേ ഓഡിറ്റ് റിപ്പോർട്ട് ഉപയോഗിച്ച് ചിലർ പത്തു ബാങ്കുകളിൽനിന്നുവരെ വായ്പ നേടി. ഓഡിറ്റ് റിപ്പോർട്ടിൽ 100 കോടിയുടെ ആസ്തിയുള്ള സ്ഥാപനത്തിന് ഇങ്ങനെ 300 കോടി വരെ വായ്പ ലഭിച്ചു. ഓഡിറ്റ് റിപ്പോർട്ട് തന്നെ വ്യാജമാണോ എന്ന കാര്യത്തിലും അന്വേഷണം നടത്താനാണു തീരുമാനം.

ദുബായിലുള്ള സ്വത്തുക്കൾ അവിടെത്തന്നെ വിറ്റഴിച്ചശേഷം, വായ്പയായി ലഭിച്ച തുക ഹവാല വഴി ഇന്ത്യയിലേക്കു കടത്തിയെന്നാണു പ്രാഥമിക നിഗമനം. തട്ടിപ്പ് മനസ്സിലായതോടെ വഞ്ചിച്ച ഇടപാടുകാർക്കെതിരെ ബാങ്ക് ചെക്ക് കേസ് നൽകുകയും ഇവർക്കു യാത്രാവിലക്കേർപെടുത്തുകയും ചെയ്തു. എന്നാൽ ഇതിനു മുൻപ് ഇവർ രാജ്യം വിട്ടതായാണു സൂചന. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്കു ജോലിയും നഷ്ടമായി.

ഇന്ത്യയ്ക്കു പുറമെ, പാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാരും വഞ്ചിച്ചവരുടെ പട്ടികയിലുണ്ട്. സിആർപിസി വകുപ്പ് 188 പ്രകാരം കേസെടുക്കാൻ ഒരുങ്ങുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ(സിആർപിസി) വകുപ്പ് 188 പ്രകാരമാണ് ഇന്ത്യയിൽ കേസെടുത്തത്. ഇന്ത്യൻ നിയമപ്രകാരം കുറ്റകരമായ കൃത്യം ഇന്ത്യൻ പൗരൻ വിദേശത്തു ചെയ്താലും ഇന്ത്യയിൽ അറസ്റ്റ് ചെയ്തു വിചാരണ നടത്താനാകും. ഡീസൽ വിൽപന, സ്റ്റീൽ നിർമ്മാണം, ഭക്ഷ്യസംസ്‌കരണം, സമുദ്രോൽപന്ന വിപണനം എന്നിങ്ങനെ വിവിധ മേഖലകളിൽ ബിസിനസ് ചെയ്തിരുന്ന ഇന്ത്യൻ പൗരന്മാരുടെ പേരുകളിലാണു കേസുകൾ. കേരളത്തിൽനിന്നു വിദേശത്തേക്കു രക്തചന്ദനം കടത്തിയ കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിയും ഇക്കൂട്ടത്തിലുണ്ട്.