- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറച്ചു തവണകൾ അടച്ചു കഴിഞ്ഞാൽ ലോൺ എഴുത്തിത്തള്ളും'; ബാങ്ക് ലോൺ എടുപ്പിച്ച് ടെക്കികളിൽ നിന്ന് കോടികൾ തട്ടി; മുപ്പതിലേറെ ടെക്‌നോപാർക്ക് ജീവനക്കാരിൽ നിന്നായി തട്ടിയത് രണ്ട് കോടിയോളം
കഴക്കൂട്ടം:കുറച്ചു തവണകൾ അടച്ചു കഴിഞ്ഞാൽ ബാങ്ക് ലോൺ എഴുത്തിത്തള്ളും എന്നു വിശ്വസിപ്പിച്ച് ടെക്കികൾക്ക് വൻ തുകയുടെ ലോണുകൾ തരപ്പെടുത്തി നൽകി കോടികളുടെ തട്ടിപ്പ്. ടെക്‌നോപാർക്കിലെ ഐടി കമ്പനികളിൽ ഉന്നത ഉയർന്ന സ്ഥാനങ്ങളിൽ ജോലി ചെയ്ത, ചെമ്പഴന്തിയിൽ വില്ല വാങ്ങി താമസിക്കുകയായിരുന്ന വള്ളക്കടവ് സ്വദേശി(40) ആണ് തട്ടിപ്പു നടത്തി മുങ്ങിയത്.മുപ്പതിലേറെ ടെക്‌നോപാർക്ക് ജീവനക്കാരിൽ നിന്നായി രണ്ടു കോടിയോളം കൈക്കലാക്കിയശേഷം വിദേശത്തേക്കു മുങ്ങി എന്നാണ് അറിയുന്നത്.
കോവിഡ് കാലം ആയതിനാൽ ആരും ലോൺ എടുക്കുന്നില്ലെന്നും കോടികൾ വിവി ബാങ്കുകളിൽ കെട്ടിക്കിടക്കുകയാണെന്നും മറ്റുള്ളവരെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.ഈ പണം ലോണായി കൊടുത്തില്ലെങ്കിൽ തിരികെ ആർബിഐയിലേക്കു പോകും. അതിനാൽ സ്വന്തം ജാമ്യത്തിൽ എത്ര രൂപ വേണമെങ്കിലും എടുത്തു തരാമെന്നും ഏതാനും ഗഡു അടച്ചാൽ പിന്നെ ബാങ്ക് ലോൺ എഴുതിത്ത്തള്ളുമെന്നും ആയിരുന്നു വാദം. ഈ വ്യക്തി പറഞ്ഞതു പോലെ കാര്യമായ രേഖകൾ ഇല്ലാതെ തന്നെ ആവശ്യക്കാർക്ക് ആഴ്ചകൾക്കകം 5 മുതൽ 20 ലക്ഷം വരെ ലോൺ കിട്ടി.
പണം കൈപ്പറ്റുമ്പോൾ തന്നെ കമ്മിഷൻ ആയി നല്ലൊരു തുകയും ലോൺ തരപ്പെടുത്തി എന്നു പറയുന്ന അജ്ഞാതനു വേണ്ടി വേറെയും പണം വാങ്ങുകയും ചെയ്തു.നിഷാന്ത് പറഞ്ഞത് വിശ്വസിച്ച് ലോൺ കിട്ടിയ പലരും ആദ്യത്തെ ഏതാനും തവണ കഴിഞ്ഞ് തിരിച്ചടവ് നിർത്തി. ഇതോടെ ബാങ്കുകാർ ലോൺ എടുത്തവരെ തേടിയെത്തിയപ്പോഴാണ് തങ്ങൾക്കു പറ്റിയ കുരുക്ക് മനസ്സിലാക്കുന്നത്.എന്നാൽ ലോൺ എടുത്തവർ പൊലീസിലും പരാതി കൊടുക്കാനാവാത്ത അവസ്ഥയിൽ.
ലോൺ നേരായ മാർഗത്തിൽ അല്ലാത്തതിനാലും നിഷാന്ത് പണം തട്ടിച്ചതിന് രേഖകൾ ഇല്ലാത്തതിനാലും ആരും പൊലീസിൽ പരാതിയുമായി പോയിട്ടില്ല. നഗരത്തിലെ പല ബാങ്കുകളിൽ നിന്നാണ് ലോൺ തരപ്പെടുത്തി കൊടുത്തിട്ടുള്ളത്. തട്ടിപ്പിൽ ബാങ്ക് ജീവനക്കാർക്കും പങ്ക് ഉണ്ടെന്നാണ് ടെക്കികൾ പറയുന്നത്.രണ്ടു വർഷത്തിൽ അധികമായി നിഷാന്തിന്റെ നേതൃത്വത്തിൽ ലോൺ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലാക്കിയതായി ടെക്കികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി. തട്ടിപ്പു നടത്തിയ ആളെയും കൂട്ടുനിന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ജില്ലാ പൊലീസ് മേധാവിക്കും മറ്റും പരാതി നൽകും എന്നും പ്രതിധ്വനി ഭാരവാഹികൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ