തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണി കൂടുതൽ കുരുക്കിലേക്കാണെന്ന കാര്യം വ്യക്തമാകുന്നു. മാണിക്ക് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് ഡയറക്ടറുടെ നടപടിയെ തള്ളിയ കോടതി വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് മാണി കൂടുതൽ കുരുക്കിലായത്. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിയിൽ മന്ത്രി കെ എം മാണിക്കെതിരെ ഗുരുതരമായ പരാമർശങ്ങളാണ് അടങ്ങിയിരിക്കുന്നത്. മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നാണ് കോടതിയുടെ വിധിയിൽ പറയുന്നത്.

മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതിവിധി വ്യക്തമാക്കുന്നു. 2014 മാർച്ച് 22നും ഏപ്രിൽ 2നും മാണി പണം വാങ്ങിയതിനും തെളിവുണ്ടെന്ന് കോടതി വിധിയിൽ പറയുന്നു. ആദ്യ തവണ കെഎം മാണി 15 ലക്ഷം രൂപയും രണ്ടാം തവണ 10 ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്. ഇങ്ങനെ അതിരൂക്ഷമായ പരാമർശങ്ങൾ അടങ്ങുന്ന വിധിയുടെ പകർപ്പും പുറത്തു വന്നിട്ടുണ്ട്.

ബിജു രമേശ് മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ ശരിവച്ചുകൊണ്ടാണ് കോടതിയുടെ വിധിയിലും ഉള്ളത്. ബാറുടമകൾ 25 ലക്ഷം രൂപ കെഎം മാണിക്ക് കൈമാറിയതിന്റെ തെളിവുണ്ടെന്ന കോടതി വിധി മാണിക്ക് മേൽ രാജിസമ്മർദ്ദവും ശക്തമാകാൻ ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്. ബാറുടമകളുമായി കെഎം മാണി നടത്തിയ രണ്ടാം കൂടിക്കാഴ്ച എന്തിനാണെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണം. 2014 മാർച്ച് 31ന് ബാറുടമകളുമായി നടത്തിയ കൂടിക്കാഴ്ച അന്വേഷിക്കണമെന്നും കോടതി വിധിയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ വിവര റിപ്പോർട്ട് ശരിവെയ്ക്കുന്നതാണ് കോടതി വിധി. ബാറുടമകളുടെ സാമ്പത്തിക ഇടുപാടുകൾ പരിശോധിക്കണമെന്നും വിജിലൻസ് കോടതിയുടെ വിധിയിൽ പറയുന്നു.

വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിനെതിരെയും ഗുരുതര പരാമർശങ്ങളാണ് കോടതി വിധിയിലുള്ളത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരുന്ന് വിൻസൻ എം പോൾ മാണിയെ രക്ഷിക്കാൻ ശ്രമിച്ചു എന്ന വ്യക്തമായ ധ്വനിയാണ് വിധിയിൽ ഉള്ളത്. അതുകൊണ്ട് കൂടിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് വിൻസൻ എം പോൾ തയ്യാറായതെന്നതും സൂചനയുണ്ട്.

ഡയറക്ടറുടെ നിഗമനങ്ങൾ പുതിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി ആർ സുകേശന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. അന്വേഷണ ഊദ്യോഗസ്ഥനുമേൽ വിജിലൻസ് ഡയറക്ടർ സമ്മദർദ്ദം ചെലുത്തി എന്നും വിൻസൺ എം പോളിനെതിരെ കോടതി നിരീക്ഷിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകൾ വിജിലൻസ് കോടതിയിൽ നൽകിയില്ല. ഇത്തരം ഭാഗം ഒഴിവാക്കിയാണ് കോടതിയിൽ വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയതെന്നും വിധിയിൽ വ്യക്തമാക്കുന്നു. വിൻസൻ എം പോൾ സ്വന്തം നിഗമനങ്ങളാണ് ഉൾപ്പെടുത്തിയത്. കേസിൽ വിധിപറയാൻ വിജിലൻസ് ഡയറക്ടർക്ക് എന്താണ് അധികാരമെന്നും വിധിപ്രസ്താവത്തിൽ ചോദിക്കുന്നു. 

മേലുദ്യോഗസ്ഥൻ സത്യം മറച്ചുവക്കാൻ ശ്രമിച്ചെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനുമേൽ ഡയറക്ടർ സമ്മർദ്ദം ചെലുത്തി. അന്വേഷണ റിപ്പോർട്ടും അന്തിമ റിപ്പോർട്ടും ഇക്കാര്യം തെളിയിക്കുന്നുവെന്ന് കോടതി കണ്ടെത്തി. വസ്തുതാ റിപ്പോർട്ടിനും അന്തിമറിപ്പോർട്ടിനുമിടയിൽ അന്വേഷണം നടന്നിട്ടില്ല. രേഖകളും കണ്ടെത്തലുകളും പണം കൈമാറ്റം പ്രഥമദൃഷ്ട്യാ ശരിവയ്ക്കുന്നു . അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോടതി - വ്യക്തമാക്കി.

ബിജു രമേശ് നൽകിയ സിഡി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി വിധിയിൽ പറയുന്നു. ശബ്ദം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തണം. ബാർ ഉടമകളുടെയും സംഘടനകളുടേയും ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു.

ബാർ കോഴക്കേസിൽ മന്ത്രി മാണിക്കെതിരെ തുടരന്വേഷണം വേണമെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നത്. വിജിലൻസ് എസ്‌പി ആർ. സുകേശൻ തന്നെ തുടരന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ സാഹചര്യ തെളിവുണ്ടെന്നായിരുന്നു വിജിലൻസ് എസ്‌പി: ആർ.സുകേശന്റെ ആദ്യറിപ്പോർട്ട്. എന്നാൽ മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ കർശനനിർദ്ദേശം നൽകുകയായിരുന്നു. ഇതാണ് കോടതി തള്ളിയിരിക്കുന്നത്.

മൂന്നു മാസം നീണ്ടു വാദത്തിനുശേഷമാണ് തിരുവനന്തപുരം വിജിലൻസ് ജഡ്ജി ജോൺ കെ ഇല്ലികാടനാണ് തുടരന്വേഷണ ഹർജികളിൽ ഉത്തരവ് പറഞ്ഞത്. അടഞ്ഞ കിടക്കുന്ന ബാറുകൾ തുറക്കാൻ കെ എം മാണി കോഴ വാങ്ങിയെന്ന ബിജുരമേശിന്റെ ആരോപണത്തിന് തെളിവില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി സുകേശൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം 10 പേരാണ് കേസിൽ കക്ഷിചേർന്നത്.