തിരുവനന്തരപുരം: ബാർകോഴ ആരോപണത്തിൽ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഒഴിവാക്കാൻ വിജിലൻസിൽ ഉന്നതതല നീക്കം. ബാർ കോഴയിൽ ക്വിക്ക് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത സ്ഥിതിയാണുള്ളത്. മാണിക്കെതിരെ പരാതി ഉയർന്നപ്പോൾ തന്നെ ക്വിക്ക് വെരിഫിക്കേഷൻ നടത്തിയതുമാണ്. അതുകൊണ്ട് തന്നെ ബിജു രമേശ് മജിസ്‌ട്രേട്ടിന് മുന്നിൽ നൽകിയ പുതിയ മൊഴി അനുസരിച്ച് ഗൗരവതരമായ സാഹചര്യമുണ്ട്. ബിജു രമേശ് മൊഴി നൽകിയത് നേരത്തെ ക്വിക്ക് വരിഫിക്കേഷൻ നടത്തിയ കേസിലാണ്. അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തൽ അനുസരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും എക്‌സൈസ് മന്ത്രി കെ ബാബുവിനേയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറനേയും എഫ്‌ഐആറിൽ പ്രതിചേർക്കേണ്ട സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ തന്ത്രം.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകി പരാതിയിലാണ് വിജിലൻസ് മാണിക്ക് എതിരെ ക്വിക്ക് വെരിഫിക്കേഷൻ നടത്തിയത്. അതിന്റെ തുടർച്ചയായിരുന്നു ബിജു രമേശിന്റെ മൊഴി നൽകൽ. ഈ സാഹചര്യത്തിൽ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും എതിരെയുള്ള പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം. അങ്ങനെ വന്നാൽ അവർക്കെതിരായ ആക്ഷേപങ്ങളിലും ക്വിക്ക് വെരിഫിക്കേഷൻ നടത്താം. ഇതിനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാതി തന്നെയാണ് കരുത്ത്. ഈ പരാതിയിൽ പുതിയ കേസ് എന്ന നിലയിൽ ക്വിക്ക് വെരിഫിക്കേഷൻ നടത്താനാണ് നീക്കം. രണ്ട് ദിവസം മുമ്പാണ് ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനുമെതിരെ വി എസ് വിജിലൻസിന് പുതിയ പരാതി നൽകിയത്.

അച്യുതാനന്ദന്റെ പരാതിയിൽ ക്വിക്ക് വെരിഫിക്കേഷൻ നടത്തി ചെന്നിത്തലയേയും ശിവകുമാറിനേയും ഒഴിവാക്കാനാണ് നീക്കം. ക്വിക്ക് വെരിഫിക്കേഷന് ഒടുവിൽ ഇവരെ പ്രതിചേർക്കാൻ തെളിവുകളില്ലെന്ന നിലപാടിൽ വിജിലൻസിന് എത്താം. ഈ സാഹചര്യം ഉണ്ടാക്കിയെടുക്കാനാണ് കള്ളക്കളി. ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ രാഷ്ട്രീയ ഗൂഡാലോചനയുടെ പേരിലാണ് ആക്ഷേപമെന്ന് വരുത്താനാണ് നീക്കം. ബിജു രമേശിന്റെ മൊഴിയല്ലാതെ ഇവർക്കെതിരെ ഒരു തെളിവും കിട്ടില്ലെന്നാണ് വിജിലൻസിന്റെ നിഗമനം. എന്നാൽ എക്‌സൈസ് മന്ത്രി കൂടിയായ ബാബുവിനെതിരായ പരാമർശങ്ങൾ അഴിമതിയുടെ പരിധിയിൽ വരും. അതുകൊണ്ട് ബാബുവിനെ പ്രതിചേർക്കേണ്ട സാഹചര്യവുമുണ്ട്. ഏതായാലും കരുതലോടെ മാത്രമേ കോൺഗ്രസ് മന്ത്രിമാർക്ക് എതിരായ ആരോപണങ്ങളിൽ തീരുമാനം എടുക്കൂ.

ബാർ കോഴയിൽ വിഎസിന്റെ കത്ത് കിട്ടിയപ്പോൾ തന്നെ വിജിലൻസ് നിയമോപദേശം തേടിയിരുന്നു. മാണിക്കെതിരായ ബാർ കോഴയിൽ ഇനി ക്വിക്ക് വെരിഫിക്കേഷൻ സാധ്യമല്ലെന്നായിരുന്നു നിയമോപദേശം. ഒരു കേസിൽ ഒരു തവണ മാത്രം ക്വിക്ക് വെരിഫിക്കേഷൻ എന്നതാണ് രീതി. ഈ സാഹചര്യത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്ത് മറ്റൊരു ക്വിക്ക് വെരിഫിക്കേഷനുള്ള ശ്രമം. എഫ്‌ഐആറിൽ പേരുവന്നാൽ മന്ത്രിയായി തുടരുന്നത് ചെന്നിത്തലയ്ക്ക് തടസ്സമാകും. ക്ലീൻ ഇമേജുമായി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് നീങ്ങിയ ചെന്നിത്തലയ്ക്ക് അധികാര മോഹിയെന്ന പേരു മാത്രമേ ഇതിലൂടെ ലഭിക്കൂ. ഈ സാഹചര്യത്തിലാണ് തിരിക്കിട്ട കള്ളക്കളികൾ നടക്കുന്നത്.

164-ാം വകുപ്പ് പ്രകാരമാണ് ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. തെളിവുകളും ഉണ്ട്. ഇതൊക്കെ നിയമപരമായി ലഭ്യമാക്കാൻ വിജിലൻസിന് കോടതിയിൽ അപേക്ഷ നൽകേണ്ടതുണ്ട്. ഈ നടപടി ക്രമങ്ങളൊക്കെ പൂർത്തിയാക്കി ഇവ ഇന്ന് കിട്ടില്ല. ഈ സാഹചര്യത്തിൽ ബിജു രമേശിന്റെ മൊഴിയെ കുറിച്ച് നിയമപരമായ അറിവ് വിജിലൻസിനില്ല. ഈ പഴുതുള്ളതിനാൽ മജിസ്‌ട്രേട്ടിന് മുന്നിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ഉടനെ കേസ് എടുക്കേണ്ട ബാധ്യതയുമില്ല. എന്നാൽ രേഖകൾ കിട്ടിക്കഴിഞ്ഞാൽ ഒരു നിമിഷം പോലും വൈകാതെ രമേശ് ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും എതിരെ എഫ്‌ഐആർ ഇടേണ്ടിയും വരും. അങ്ങനെ വന്നാൽ വിജിലൻസിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയ്ക്ക് ആ വകുപ്പെങ്കിലും മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിയും വരും. ഇതെല്ലാം ഒഴിവാക്കാനാണ് ക്വിക്ക് വരിഫിക്കേഷൻ.

എന്നാൽ കടമ്പകൾ ഏറെ കടക്കണം. വിൻസൺ എം പോൾ ആണ് വിജിലൻസ് ഡയറക്ടർ. അദ്ദേഹം ചെന്നിത്തലയ്ക്ക് അനുകൂലമായി പൂർണ്ണ അർത്ഥത്തിൽ നിൽക്കുന്നില്ല. ഡിജിപി റാങ്കിലേക്ക് ഉയർത്തപ്പെട്ട ജേക്കബ് തോമസ് ഇപ്പോഴും വിജിലൻസിൽ ഉണ്ട്. ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവരുമായി അകന്നു കഴിയുന്ന ജേക്കബ് തോമസിന്റെ അടുത്ത് ഈ ഫയലുകൾ എത്തരുതെന്ന നിർബന്ധവും ചെന്നിത്തലയ്ക്കുണ്ട്. ഫയലിൽ ജേക്കബ് തോമസ് എന്തെങ്കിലും കുറിച്ചാൽ അത് വനിയാകും. അങ്ങനെ കരുതലോടെയാണ് ക്വിക്ക് വെരിഫിക്കേഷനിലേക്ക് നീങ്ങുന്നത്. ക്വിക്ക് വെരിഫിക്കേഷൻ നടത്തിയാൽ ലഭ്യമായ തെളിവുകൾ പൊള്ളയാണെന്ന് വാദിക്കാം. ബിജു രമേശിന്റെ മൊഴി മാത്രം കണക്കിലെടുത്ത് പ്രതിചേർക്കാനാകില്ലെന്നും വ്യക്തമാക്കാം. അതിന് പുതിയ കേസ് രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യതയുമാണ്. ഇതു തന്നെയാണ് അണിയറയിൽ തയ്യാറാകുന്നതും.