തിരുവനന്തപുരം: ബാർ കോഴയിലെ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുന്നത് വിജിലൻസ് വകുപ്പിന് തിരിച്ചടിയാണ്. അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമില്ലെന്ന വിജിലൻസ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. എന്നാൽ നടത്തിയ പരാമർശങ്ങൾ വളരെ ഗൗരവമുള്ളതാണ്. ഉള്ള അധികാരങ്ങൾ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ ശരിയായി വിനിയോഗിച്ചില്ല. സ്വന്തം നിഗമനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചു. അതുകൊണ്ട് തന്നെയാണ് വിജിലൻസ് ഡയറക്ടറുടെ നിലപാടുകളെ തള്ളിപ്പറയുന്നത്. ഫലത്തിൽ കോഴക്കേസിൽ ബാഹ്യ ഇടപെടലുണ്ടായി എന്ന് ഹൈക്കോടതി കണ്ടെത്തുകയാണ്. ഈ സാഹചര്യം അനുകൂലമായി ഉപയോഗിക്കാനുള്ള വഴികളാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പ് ചർച്ച ചെയ്യുന്നത്.

ബാർ കോഴയിൽ ബാഹ്യ ഇടപെടലുണ്ടായില്ലെന്നാണ് എപ്പോഴും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. എന്നാൽ ബാഹ്യ ഇടപെടലിന്റെ സൂചനയാണ് കോടതി വിധിയിലുള്ളത്. ഇനി ഈ വിധിയെ ചോദ്യം ചെയ്ത് അപ്പീലിനും പോകാൻ ഇടയില്ല. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ പരാമർശങ്ങൾ ശരിയാണെന്ന തരത്തിൽ വിലയിരുത്തൽ വരും. ഈ സാഹചര്യത്തിൽ വിജിലൻസിനേറ്റ പ്രഹരത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നതാണ് ചെന്നിത്തലയുടെ മനസ്സിലെ പ്ലാൻ. ഇതിലൂടെ തന്റെ പ്രതിച്ഛായ ഉയരും. ബാർ കോഴയിൽ ആരോപണം ഉയർന്നിട്ടും മാണി രാജിവയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇതിനെ ഗുണകരമാക്കി മാറ്റാമെന്നാണ് ചെന്നിത്തലയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ വിജിലൻസിനെതിരായ പരാമർശങ്ങൾ ആഭ്യന്തരമന്ത്രിക്ക് വലിയ തിരിച്ചടിയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ മാണിയെ പോലെ ചെന്നിത്തലയും രാജിവയ്ക്കണമെന്നും വിമർശകർ വിശദീകരിക്കുന്നു.

അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ കരുതലോടെ ചെന്നിത്തല പ്രതികരിച്ചത്. ബാർകോഴ കേസിൽ മന്ത്രി കെ.എം മാണിയുടെ രാജി അടക്കമുള്ള വിഷയങ്ങളിൽ യു.ഡി.എഫ് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൂട്ടായി തീരുമാനം എടുക്കേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷൻ, യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവർ വിഷയം ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, മാണിയുടെ രാജിക്കാര്യത്തിൽ വ്യക്തമായ നിലപാട് പറയാതെ ചെന്നിത്തല ഒഴിഞ്ഞുമാറി. അതേസമയം, വിജിലൻസിനും ഡയറക്ടർക്കും എതിരായ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി ഒഴിവാക്കിയത് വകുപ്പിന് ആശ്വാസമായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ കേസ് അന്വേഷണത്തിൽ വിജിലൻസിൽ സമ്മർദ്ദമുണ്ടായെന്ന തരത്തിലെ കോടതി പരാമർശങ്ങൾ ആഭ്യന്തരമന്ത്രിക്കും തിരിച്ചടിയാണെന്ന വാദം കോൺഗ്രസിലെ എ വിഭാഗം സജീവമാക്കും.

അടുത്ത കെപിസിസി യോഗത്തിൽ ബാർ കോഴയിൽ വലിയ വാദപ്രതിവാദങ്ങൾ ഉറപ്പാണ്. മാണിയെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. തദ്ദേശത്തിൽ തോൽക്കാൻ കാണവും ഇതു തന്നെയാണെന്നാണ് വിലിയിരുത്തലുകൾ. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കുന്ന ചർച്ചകളിലേക്ക് എ വിഭാഗവും കടക്കും. എന്നാൽ മാണി രാജിവച്ചാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂവെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഈ ചർച്ച ഉയരാതെ തന്നെ ആഭ്യന്ത്രരമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ചിലരെങ്കിലും ചെന്നിത്തലയെ ഉപദേശിക്കുന്നുണ്ട്. ഇതിലൂടെ പ്രതിച്ഛായ ഉയരുമെന്നും സോളാർ കേസിൽ കമ്മീഷന്റെ പരമാർശം ഉമ്മൻ ചാണ്ടിക്ക് എതിരാകുമെന്നും ഐ പക്ഷം വിലയിരുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതുണ്ടാകുമെന്നാണ് വിലയിരുത്തൽ.

എങ്കിലും കരുതലോടെ മാത്രമേ ചെന്നിത്തല തീരുമാനം എടുക്കൂ. ആഭ്യന്തര മന്ത്രി പദം ഒഴിഞ്ഞാൽ വെറും എംഎൽഎയായി ചെന്നിത്തല മാറും. ഇത് അധികാര കേന്ദ്രങ്ങളിൽ സ്വാധീനം കുറയുന്നതിന് ഇടയാകും. ഇതിനൊപ്പം എകെ ആന്റണിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുമെന്ന ഭയവും ചെന്നിത്തലയ്ക്കുണ്ട. അതുകൊണ്ട് രാജിവച്ച് ഒന്നുമില്ലാത്ത നേതാവാകുമോ എന്ന ഭയം ചെന്നിത്തല ക്യാമ്പിനുണ്ട്.