തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലൻസ് എസ്‌പി സുകേശൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തായി. കേസിൽ മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്ന റിപ്പോർട്ടിന്റെ പകർപ്പ് മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്.

പാലായിൽ വച്ച് 15 ലക്ഷവും തിരുവനന്തപുരത്ത് വച്ച് പത്ത് ലക്ഷം രൂപയും കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വസ്തുതാ വിവര റിപ്പോർട്ടിലാണ് കെ.എം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ഈ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് വിജിലൻസ് മേധാവി മറ്റൊരു റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നത്. മാണിക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

പൂട്ടിയ ബാറുകൾ തുറക്കാൻ ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന കേസിലെ വസ്തുതാ വിവരണ റിപ്പോർട്ടാണ് പുറത്തുവന്നത്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും വിജിലൻസ് എസ്‌പി സുകേശന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എല്ലാ രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചതോടെയാണ് ഈ റിപ്പോർട്ടും കോടതിയിൽ എത്തിയത്.

പാലായിലെ മാണിയുടെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും വച്ചുമാണ് ആകെ 25 ലക്ഷം രൂപ മാണി വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പാലായിൽ വച്ച് 15 ലക്ഷവും തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവുമാണ് വാങ്ങിയത്. ബാറുടമകളെ കണ്ട കാര്യം മാണി നിഷേധിച്ചെങ്കിലും ബാറുടമകൾ ഇത് സമ്മതിച്ചിട്ടുണ്ടെന്നും വസ്തുതാ റിപ്പോർട്ടിൽ പറയുന്നു. 2014 മാർച്ച് 22നാണ് മാണിക്ക് പണം കൈമാറിയതിന് തെളിവുണ്ട്. മാണിക്ക് നൽകുന്നതിന് വേണ്ടി മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിൽ പണം പിരിച്ചതിന്റെ കണക്ക് ബാർ ബോട്ടൽ അസോസിയേഷന്റെ കണക്ക് ബുക്കിലില്ല. പണം പിരിച്ചത് എന്തിനാണെന്ന ചോദ്യത്തിനും ഉത്തരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മാണിക്കു നേരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി നൽകിയ മൊഴി നുണപരിശോധനയിൽ സത്യമാണെന്നു തെളിഞ്ഞിരുന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണിയും ബാറുടമ ശ്രീവത്സനും നുണ പരിശോധനയ്ക്ക് ഹാജരാകാതിരുന്നത് സംശയകരമെന്നും 386 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

ബാർ കേസിൽ കെ.എം മാണിയെ 805 2015 ൽ ചോദ്യം ചെയ്തു. രാജ് കുമാർ ഉണ്ണിയുടേയും കെ എം മാണിയുടെയും മൊഴിയിൽ പ്രകടമായ വൈരുദ്ധ്യം ഉണ്ടായിരുന്നു. പ്രശാന്തിയിൽ വച്ച് രാജ് കുമാർ ഉണ്ണിയെ കണ്ടിട്ടില്ലെന്ന് കെ.എം മാണി ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ കെ.എം മാണിയെ കണ്ടിരുന്നതായി രാജ് കുമാർ ഉണ്ണി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രാവിലെ എഴ് മണിക്ക് രാജ് കുമാർ ഉണ്ണി നന്ദൻകോട് മേഖലയിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഫോൺ റെക്കോർഡുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

ബാർ കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അസൂത്രിത ശ്രമം നടന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്വേഷണ റിപ്പോർട്ട് കണക്കിലെടുത്ത് മാണിക്കെതിരെ കേസെടുക്കേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.