- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസും കൂട്ടരും ബീഫിനെ ഇനി മറക്കും; ബാർ കോഴയേയും മാണിയേയും കുറ്റം പറഞ്ഞ് പ്രചരണം കൊഴുപ്പിക്കും; മറു തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫ് ക്യാമ്പും; തദ്ദേശത്തിലെ അവസാന ലാപ്പിൽ താരം കോഴയാരോപണം തന്നെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ് നിർണ്ണായകം. ഈ ഘടകം തങ്ങൾക്ക് അനുകൂലമാണെന്നാണ് ഇടത് വലത് മുന്നണികളുടെ വിലയിരുത്തൽ. രണ്ട് പേരും ജയിച്ച് കയറാമെന്ന പ്രതീക്ഷയിൽ. പ്രാദേശിക സാഹചര്യങ്ങൾ അനുകൂലമാക്കാൻ പക്ഷേ സംസ്ഥാന തലത്തിൽ ഉയർത്താൻ വിഷയങ്ങളും വേണം. ഇതിനുള്ള ആയുധമായിരുന്നു ബീഫ് വിവാദം. ഡൽഹി കേരളാ ഹൗസിലെ ബീഫ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ് നിർണ്ണായകം. ഈ ഘടകം തങ്ങൾക്ക് അനുകൂലമാണെന്നാണ് ഇടത് വലത് മുന്നണികളുടെ വിലയിരുത്തൽ. രണ്ട് പേരും ജയിച്ച് കയറാമെന്ന പ്രതീക്ഷയിൽ. പ്രാദേശിക സാഹചര്യങ്ങൾ അനുകൂലമാക്കാൻ പക്ഷേ സംസ്ഥാന തലത്തിൽ ഉയർത്താൻ വിഷയങ്ങളും വേണം. ഇതിനുള്ള ആയുധമായിരുന്നു ബീഫ് വിവാദം. ഡൽഹി കേരളാ ഹൗസിലെ ബീഫ് വിവാദം സിപിഐ(എം) കത്തിച്ചത് ഈ സാഹചര്യത്തിലായിരുന്നു. കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ട് കോൺഗ്രസും ലീഗുമെല്ലാം ബീഫ് വിവാദം വേദികളിൽ നിറച്ചു. ഇന്ന് രാവിലെ വരെ തദ്ദേശ തെരഞ്ഞെടുപ്പ് വേദികളിൽ ഇടത്-വലതത് സംസ്ഥാന നേതാക്കളുടെ പ്രസംഗമെല്ലാം ബീഫിൽ ഊന്നിയായിരുന്നു. ഇതിനെ പ്രതിരോധിക്കാനായി ബീഫ് വിഷയത്തിൽ തന്നെ ബിജെപിക്കാരും പ്രസംഗിച്ചു.
ഈ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് ഇനി മാറ്റമുണ്ടാകും. ഇന്ന് മുതൽ ബാർ കോഴയിലെ വിധിയാകും പ്രധാന പ്രചരണായുധം. ബീഫ് വിഷയം രണ്ടാം വിഷയമാകും. അതായത് വി എസ് അച്യൂതാനന്ദന്റെ നേതൃത്വത്തിൽ കെഎം മാണിയേയും ധനമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയേയും യുഡിഎഫിനേയും പ്രതിക്കൂട്ടിലാക്കി തന്നെയാകും ഇടതു പക്ഷ മുന്നേറ്റം. വിൻസൺ എം പോളിന്റെ രാജിയും പരാമർശിച്ച് അധികാരത്തിൽ കടിച്ചു തൂങ്ങുന്ന മാണിയെ കടന്നാക്രമിക്കും. ഇതിനെ പ്രതിരോധിക്കാൻ അഴിമതി കഥയുടെ ചരിത്രം വിശദീകരിക്കും. തൽകാലത്തേക്ക് രാജി വയ്ക്കില്ലെന്ന് മാണി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടൈറ്റാനിയം അഴിമതിയിലെ പരമാർശങ്ങളെല്ലാം വീണ്ടും ഉയർത്തി മാണിയെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി എത്തും. തദ്ദേശത്തിൽ പരാജയപ്പെട്ടാൽ ബാർ കോഴയെ തന്നെ പ്രതിസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും നിർത്തും. എന്നാൽ ഈ വിഷയം ഉയർത്തുന്നതിലെ ചതി ഇടതുപക്ഷത്തിനും നന്നായി അറിയാം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടത്തിനായി ഉയർത്തിക്കാട്ടിയതായിരുന്ന സോളാർ വിഷയം. മുഖ്യമന്ത്രിയെ രാജി വയ്‌പ്പിക്കാതെ പ്രശ്‌നം കത്തിച്ച് നേട്ടമുണ്ടാക്കാനായിരുന്നു സിപിഐ(എം) തന്ത്രം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായതോടെ സോളാർ വിഷയം തന്നെ അപ്രസക്തമായി. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പാണ് ബാർ കോഴ ആഞ്ഞു കത്തിയത്. എന്നിട്ടും അരുവിക്കരയിൽ ജയം കോൺഗ്രസ് സ്ഥാനാർത്ഥിക്ക്. ഈ കോടതി വിധിയുടെ പശ്ചാലത്തിൽ അത് പ്രധാന ചർച്ചാ വിഷയമാക്കുമ്പോൾ സിപിഎമ്മിനെ കുഴക്കുന്നതും ഈ പശ്ചാത്തലമാണ്. തദ്ദേശത്തിൽ കോൺഗ്രസിന് മുൻതൂക്കം കിട്ടിയാൽ അത് സിപിഎമ്മിന് തിരിച്ചടിയാകും. മാണിയ്‌ക്കെതിരായ ആരോപണങ്ങളെ വോട്ടർമാർ തള്ളിയെന്ന് യുഡിഎഫ് നിലപാട് എടുക്കും. ഇത് നിയമസഭാ തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കും. ഇങ്ങനെയാണെങ്കിലും ആ ആരോപണം തന്നെ പ്രചരണ രംഗത്ത് നിറയ്ക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിന് വരുന്നുവെന്നാതാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇത്തരത്തിലൊരു വിധിവന്നത് എങ്ങനെ ബാധിക്കുമെന്ന് ഭരണ മുന്നണി നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ടെന്നതാണ് വസ്തുത. കോടതിവിധിയെ സ്വാഗതം ചെയ്യുമ്പോഴും പ്രതിപക്ഷം ഉയർത്തുന്ന ആരോപണശരങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്ന കൂടിയാലോചനകൾ തുടങ്ങി കഴിഞ്ഞു. വിധി പഠിച്ച് തുടർനിലപാട് സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറയുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി സുകേശനെ മറികടന്ന് മാണിക്ക് ക്ലീൻചിറ്റ് നൽകാനുള്ള നിർദ്ദേശം നൽകിയത് കോടതി തള്ളിയതിന് പിന്നാലെ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ തന്നെ സ്ഥാനമൊഴിഞ്ഞത് മാണിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിൻസൻ എം പോൾ കാട്ടിയ മര്യാദ മാണിക്കും ബാധകമല്ലേ എന്ന ചോദ്യവും സ്വാഭാവികമായും ഉയർന്ന് കഴിഞ്ഞു. കുറ്റം തെളിഞ്ഞ ശേഷം മതി രാജിയെന്ന പതിവ് വാദത്തെയാണ് വൻസൺ എം പോളിന്റെ നടപടി പൊളിക്കുന്നത്.
ആരോപണം ഉന്നയിച്ച ബിജുരമേശ് ഒഴികെ മറ്റൊരു ബാർ ഉടമയും എതിരായി മൊഴിനൽകാത്തതിനാൽ വിജിലൻസ് റിപ്പോർട്ട് കോടതി സ്വീകരിക്കുകയും മാണി കുറ്റവിമുക്തനാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണ പക്ഷം. വിധിപറയുന്നത് തെരഞ്ഞെടുപ്പ് കഴിയും വരെ മാറ്റിവെക്കാനുള്ള സാധ്യതയായും തേടി. എന്നാൽ അതൊന്നും നടന്നില്ല. മൂന്നാമത്തെ സാധ്യതയായ തുടരന്വേഷണം എന്ന തിരിച്ചടിയാണ് ഒടുവിൽ കോടതിയിൽ നിന്നുണ്ടായത്. പ്രതിപക്ഷത്തിനാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ അപ്രതീക്ഷിതമായി ഒരു ആയുധവും വീണുകിട്ടി. വികസനപ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാൻ ഭരണപക്ഷം ആഞ്ഞുപരിശ്രമിക്കുമ്പോൾ മാണിക്ക് വിജിലൻസ് ക്ലീൻചിറ്റ് നൽകിയത് കോടതി തള്ളിയത് ഉയർത്തിക്കാട്ടി പ്രതിപക്ഷം വർധിതവീര്യത്തോടെ ആഞ്ഞടിക്കുമെന്ന് ഉറപ്പ്. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളിലും വരും ദിവസങ്ങളിൽ ഉയർന്നുവരും. ഇതിനെ തത്കാലം പ്രതിരോധിക്കാൻ ഭരണപക്ഷം തയാറാകുക തുടരന്വേഷണം നടന്നോട്ടെ മാണികുറ്റക്കാരനാണെന്ന് കോടതിവിധിയിലില്ല എന്ന ന്യായത്തിലായിരിക്കും.
പക്ഷേ ജനങ്ങളുടെ മനസ്സിൽ ബാർ കോഴയിലെ വിധി സംശയങ്ങളുണ്ടാക്കും. അതിലെല്ലാം ഉപരി പിസി ജോർജിനെ പോലുള്ള നേതാക്കളുടെ കടന്നാക്രമണവും ഭരണപക്ഷം പ്രതീക്ഷിക്കുന്നു.