കൊച്ചി: ഏതാനും മാസങ്ങളായി വാർത്താ മാദ്ധ്യമങ്ങളിൽ നിറയുന്നത് ബാർകോഴ കേസാണ്. സംസ്ഥാന ബജറ്റിനെ അലങ്കോലമാക്കുന്നത് വരെയുള്ള ഘട്ടത്തിലേക്ക് ഈ കോഴ കേസ് മാറിയിരുന്നു. സർക്കാറും കോടതിയുടെയുമൊക്കെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമായി ബാർകോഴ കേസിനെ കുറിച്ച് പുസ്തകമെഴുതിയിരിക്കയാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജോൺസൺ മനയാനി. ബാർ കോഴ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും 2007 മുതൽ ആരംഭിച്ചതാണെന്നുമാണ് ഇദ്ദേഹം സമർത്ഥിക്കുന്നത്. 'കോഴയിൽ മുങ്ങുന്ന കേരളം' എന്ന പേരിലുള്ള പുസ്തകത്തിൽ ബാർ കേസിനെ സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുമുണ്ട്.

ബാർകോഴ കേസിൽ ഹൈക്കോടതി ജഡ്ജിയെ പോലും സ്വാധീനിക്കാൻ ബാർ ഹോട്ടൽ അസോസിയേഷൻ ശ്രമം നടത്തിയെന്ന ആരോപണമാണ് അഡ്വ. മനയാനി തന്റെ പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. അസോസിയേഷന്റെ വക്കീലാണ് ഈ ശ്രമത്തിന് പിന്നിലെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണ വേണമെന്നുമാണ് അദ്ദേഹം 208 പേജുള്ള പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നത്. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ പരിഗണനയിൽ ഇരിക്കുമ്പോൾ ജസ്റ്റീസ് രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് എക്‌സൈസ് വകുപ്പ് ആറ് മാസം പൂഴ്‌ത്തിവച്ചതിന്റെ കാരണങ്ങൾ വിജിലൻസ് അന്വേഷിക്കണം അദ്ദേഹം പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നു. ഇതിന് പിന്നിൽ ചില സ്ഥാപിത താൽപ്പര്യക്കാറുണ്ടെന്നാണ് അഭിഭാഷകന്റെ പക്ഷം.

2013 ഓഗസ്റ്റ് 12ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന നികുതി സെക്രട്ടറിക്ക് ജസ്റ്റീസ് രാമചന്ദ്രൻ റിപ്പോർട്ട് നൽകുകയും നികുതി സെക്രട്ടറി അത് സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് സ്വീകരിച്ച ദിവസം നികുതി സെക്രട്ടറി തന്നെ 06-03-2014 ആയി തിരുത്തിയിരിക്കുന്നു. സുപ്രീം കോടതിയിൽ വാദം നടക്കുമ്പോൾ ഈ റിപ്പോർട്ട് സമർപ്പിച്ചാൽ ബാറുടമകളെ അത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റിപ്പോർട്ട് മുക്കിയതെന്നാണ് അഡ്വക്കേറ്റ് ജോൺസൺ മനയാനി ചൂണ്ടിക്കാട്ടുന്നത്.

ബാർ കോഴ കേസിലെ പ്രതിപക്ഷ ഇടപെടലിനെയും പുസ്തകത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ബാർ കോഴ കേസിൽ ഒരു കോടി രൂപയുടെ അഴിമതി ആരോപണം വന്നപ്പോൾ വിജിലൻസിന് പരാതി നൽകിയ പ്രതിപക്ഷനേതാവ്, പിന്നീട് വന്ന 20 കോടി ബാർ കോഴയെപ്പറ്റി എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. 1992 മുതൽ 2007 വരെ പ്രവർത്തിച്ചിരുന്ന ബാറുകൾ എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ മറികടന്ന് 2007 ൽ എൽഡിഎഫ് സർക്കാർ റഗുലറൈസ് ചെയ്തതിന് പിന്നിൽ അഴിമതി ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണിക്കണമെന്നും പുസ്തകത്തിലൂടെ അഭിപ്രായപ്പെടുന്നു.

7 പേർ ഇത്തരം ബാറുകളിൽ നിന്നും മദ്യം കഴിച്ചതിന്റെ പേരിൽ മരണപ്പെട്ടെന്നും ഒരു കാരണവശാലും ഇത്തരം ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നും 2011 ലും എക്‌സൈസ് കമ്മീഷണർ എങ്ങും നിർദ്ദേശിച്ചില്ല. 2011 ൽ എൽഡിഎഫ് സർക്കാർ ലൈസൻസുകൾ റെഗുലറൈസ് ചെയ്തു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും ഗുരുദാസൻ എക്‌സൈസ് മന്ത്രിയുമായിരുന്നപ്പോൾ നടന്ന ഈ നിയമ വിരുദ്ധ നീക്കത്തെ 2012 ലെ സിഎജി റിപ്പോർട്ടിൽ സാക്ഷിയായി ചൂണ്ടിക്കാട്ടുന്നു. 29 സ്‌പെക്ട്രം കൽക്കരി കുഭംകോണമൊക്കെ വിനോജ് റായ് എന്ന ഇതേ സിഎജി ചൂണ്ടിക്കാട്ടിയപ്പോൾ അതൊക്കെ ഏറ്റുപിടിച്ച രാഷ്ട്രീയ നേതാക്കൾ ബാർ ലൈസൻസുകളെ സംബന്ധിച്ച് അതേ സിഎജിയുടെ റിപ്പോർട്ട് എങ്ങനെ മുക്കി? ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.

ബാർ ലൈസൻസ് കേസിൽ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൽ ആദ്യത്തെ ഖണ്ഡികയിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി റിപ്പോർട്ട് ഉണ്ട് എന്ന് പറയുന്നെങ്കിലും മറ്റൊരിടത്ത് അങ്ങനെയൊരു റിപ്പോർട്ട് കിട്ടിയില്ലെന്നും ആ റിപ്പോർട്ട് കിട്ടുന്നത് വരെ നിലപാടില്ലാത്ത 418 ബാറുകൾ ''വേണമെങ്കിൽ'' താൽക്കാലികമായി പുതുക്കാൻ ഉപദേശിക്കുന്നു. ഇൗ ഉപദേശത്തിന് പിന്നിലെ നീക്കവും സംശയാസ്പദമാണ്. വരുമാനത്തേക്കാൾ കൂടിയ ആർഭാടത്തിൽ ജനപ്രതിനിധികൾ വരെ ജീവിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 50 വർഷം ജനപ്രതിനിധികളായിരുന്ന എല്ലാ എംഎൽഎ എംപി മാരുടെയും വരുമാനത്തെ ജനത്തെ അറിയിക്കണമെന്നും ബാർകോഴ ആരോപണത്തിന്റെ പശ്ചാത്തത്തിൽ പുസ്തകത്തിലൂടെ അദ്ദേഹം ആവശ്യപ്പെടുന്നു.

കേരളത്തിലെ ഏറ്റവും വിവാദമായ പട്ടയം കേസിൽ കൽക്കരിക്ക് വേണ്ടി വാദിച്ച് പട്ടയം നൽകാൻ ഹൈക്കോടതിയിൽ നിന്നും വിധി അനുവദിച്ച അഡ്വ. ജോൺസൺ മനയാനി ആ വിഷയത്തിൽ കെ എം മാണിയുമായി കോർത്തിരുന്നു. കേസ് നടത്തിയതും പണം ചിലവഴിച്ചതും താനും അതിന്റെ ക്രെഡിറ്റ് കൊണ്ട് പോയത് മാണിയാണെന്നും ഒറ്റ നയാ പൈസ കേരള കോൺഗ്രസ്സ് പാർട്ടി എനിക്കു നൽകിയില്ലെന്നും മനയാനി ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് കേസിൽ നിയമപോരാട്ടം നടത്തി കേസും വിജയിച്ച മനയാനിയുടെ പുതിയ പുസ്തകം ബാർകോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിവാദമാകമെന്ന കാര്യം ഉറപ്പാണ്. ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണത്തിന് തെളിവായി തന്റെ പുസ്തകം സമർപ്പിക്കാൻ തയ്യാറാണെന്നുമാണ് അദ്ദേഹം പറയുന്നത്.