- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം പ്രോഗ്രാം ചാനലുകളിൽ ബഹദൂരം മുന്നിൽ ഏഷ്യാനെറ്റ് തന്നെ; രണ്ടാം സ്ഥാനത്തുള്ള ഫ്ളവേഴ്സും മൂന്നാം സ്ഥാനത്തുള്ള മഴവില്ലുമായി കടുത്ത പോരാട്ടം; സൂര്യയെ പിന്തള്ളി സീ കേരളം നാലാം സ്ഥാനത്ത്; ന്യൂസ് ചാനലുകളിലും നമ്പർ വൺ ഏഷ്യാനെറ്റ് ന്യൂസ് തന്നെ; ബാർക്ക് റേറ്റിങ് തിരിച്ചെത്തുമ്പോൾ
മുംബൈ: വീണ്ടും ബാർക്ക് റേറ്റിങ് തിരിച്ചെത്തി. ഡാറ്റ കൃത്രിമ വിവാദത്തെ തുർന്ന് ദീർഘകാലമായി ബാർക് റേറ്റിങ് ഉണ്ടായിരുന്നില്ല. ഒന്നര വര്ൃഷത്തിന് ശേഷം ബാർക് തിരിച്ചെത്തുമ്പോൾ കേരളത്തിൽ ഒന്നാമത്തെ പ്രോഗ്രാം ചാനൽ ഏഷ്യാനെറ്റാണ്. ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസിനാണ് ആദ്യ സ്ഥാനം. എതിർ ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യാനെറ്റിന്റെ കുതിപ്പ്.
പ്രോഗ്രാം ചാനലിൽ 807 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള ഫ്‌ളവേഴ്‌സിന് 193 പോയിന്റും. മഴവിൽ മനോരമയ്ക്ക് 192 പോയിന്റും. അതായത് രണ്ടാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. നാലാം സ്ഥാനത്ത് സീ കേരളം എത്തി. അഞ്ചാം സ്ഥാനത്താണ് സൂര്യാ ടിവി. അതായത് ഏഷ്യാനെറ്റിന് ശേഷം മലയാളത്തിൽ പ്രോഗ്രാം ചാനലുമായി എത്തിയ സൂര്യയ്ക്ക് പ്രേക്ഷക പിന്തുണ ഇടിയുന്നുവെന്നാണ് ബാർക് ചൂണ്ടിക്കാട്ടുന്നത്. സീരിയലുകളുടെ മികവിലാണ് ഏഷ്യാനെറ്റിന്റെ മുന്നേറ്റമെന്നും വ്യക്തമാണ്. ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷരുള്ളത് സൺ ടിവിക്കാണ്.
മലയാളത്തിലെ ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസാണ് നമ്പർ വൺ. എല്ലാ മേഖലയിലും ഏഷ്യാനെറ്റ് ന്യൂസിന് മുൻതൂക്കമുള്ളതായി അവർ അവകാശപ്പെടുന്നു. എല്ലാ തരം പ്രേക്ഷകർക്കിടയിലും ഏഷ്യാനെറ്റ് ന്യൂസിനാണ് മുൻതൂക്കമെന്നും അവർ പറയുന്നു. ബാർക്ക് നിരവധി മാറ്റങ്ങളുമായാണ് വീണ്ടും എത്തുന്നത്, നേരത്തെ അവരുടെ വെബ് സൈറ്റിൽ നിന്നു തന്നെ മലയാളത്തിലെ ന്യൂസ്-പ്രോഗ്രാം ചാനലുകളുടെ റേറ്റിങ് വിവരങ്ങൾ കിട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ പ്രധാന അഞ്ചു ചാനലുകൾ മാത്രമാണ് സൈറ്റിൽ കാണിക്കുന്നത്. ബാക്കിയുള്ള റേറ്റിങ് റിപ്പോർട്ട് ബാർക്കിലെ അംഗങ്ങൾക്ക് നേരിട്ട് കൈമാറും.
ചെറിയ ചാനലുകൾക്ക് കൂടി വരുമാനം കിട്ടുന്നുവെന്ന് ഉറപ്പിക്കാനാണ് ഇതെന്നാണ് സൂചന. ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡാണ് ഏറ്റവും വലിയ പരസ്യം നൽകുന്ന ഗ്രൂപ്പ്. റെക്കി ബെൻകിസർ ഗ്രൂപ്പ് രണ്ടാമതും കൊക്കകോളാ ഇന്ത്യാ ലിമിറ്റഡ് മൂന്നാമതുമാണ്. പ്രോക്ടർ ആൻഡ് ഗാംബിളാണ് നാലാമത്. ടാറ്റയാണ് പത്താം സ്ഥാനത്ത്. ഹാർപ്പിക് പവർ പ്ലസ് എന്ന ബ്രാൻഡ് പരസ്യത്തിനാണ് കൂടുതൽ അംഗീകാരമുള്ളത്. തംമ്പ്‌സ് അപ്പും മാസയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
വിവാദങ്ങളുടെ പശ്ചാതലത്തിൽ ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന പ്രതിവാര ടി.ആർ.പി റേറ്റിങ് നിർത്തിവെച്ചത് 2020 ഒക്ടോബറിലാണ്. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും റേറ്റിങ് എത്തുന്നത്. റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് ഇത് നിർത്തിവെക്കുന്നതെന്ന് റേറ്റിങ് ഏജൻസിയായ ബാർക് വ്യക്തമാക്കിയിരുന്നു. ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിങ് സംവിധാനത്തിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ മുംബൈ പൊലീസ് മൂന്ന് ചാനലുകൾക്കെതിരെ കേസെടുത്തിരുന്നു.
റിപ്പബ്‌ളിക് ടി.വിക്കും രണ്ട് മറാഠി ചാനലുകൾക്കും എതിരെയായിരുന്നു കേസ്. കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാർക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ന്യൂസ് ചാനലുകളുടെ റേറ്റിങ് പുറത്തുവിടുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ഇതിനുള്ള ഏജൻസിയായ ബാർക് തീരുമാനിച്ചത്. ബാർക്കിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ