ട്ടുവർഷത്തെ അമേരിക്കൻ പ്രസിഡന്റ് ഭരണത്തിനുശേഷം വിശ്രമ ജീവിതം നയിക്കാനൊരുങ്ങുകയാണ് ബരാക് ഒബാമ. ഭാര്യ മിഷേലിനും രണ്ട് പെൺമക്കൾക്കുമൊപ്പം ഒബാമ എവിടേയ്ക്കാണ് താമസം മാറുന്നതെന്നതിനെക്കുറിച്ചാണ് അമേരിക്കയിലെ ചർച്ചകളേറെയും. അമേരിക്കൻ കുടുംബ ജീവിതത്തിന്റെ മാതൃകകൂടിയായ ഒബാമ കുടുംബത്തെ വരവേൽക്കാൻ രാജ്യത്തെ നഗരങ്ങളെല്ലാം തയ്യാറെടുത്തിട്ടുണ്ട്. റിട്ടയർമെന്റ് ജീവിതത്തിൽ ഒബാമ എന്തുചെയ്യുമെന്നതിനെക്കുറിച്ചും പലവിധ അഭ്യൂഹങ്ങളുണ്ട്.

പ്രസിഡന്റ് പദമൊഴിഞ്ഞശേഷം ഒബാമയും കുടുംബവും കാലിഫോർണിയയിലെ അടിപൊളി വില്ലയിലേക്കാണ് താമസം മാറുകയെന്നാണ് ഇപ്പോഴത്തെ സൂചനകൾ. കാലിഫോർണിയയിലെ റാഞ്ചോ മിറാഷിലാണ് ഒബാമ കുടുംബം പുതിയ വീട് വാങ്ങിയിട്ടുള്ളത്. ജനുവരിയിൽ ഡൊണാൾഡ് ട്രംപ് ഏറ്റെടുക്കുന്നതോടെ ഒബാമയുടെ വിശ്രമ ജീവിതത്തിന് തുടക്കം കുറിക്കും.

കാലിഫോർണിയയിൽ വീടുവാങ്ങിയെങ്കിലും അടുത്ത രണ്ടുവർഷത്തേയ്ക്ക് അവർ ഇങ്ങോട്ടേയ്ക്ക് താമസം മാറില്ലെന്നാണ് സൂചന. വാഷിങ്ടണിലെ സിഡ്‌വെൽ ഫ്രണ്ട്‌സ് സ്‌കൂളിൽ പഠിക്കുന്ന ഇളയമകൾ സാഷയുടെ ഹൈസ്‌കൂൾ പഠനം പൂർത്തിയാകുന്നതുവരെ ഒബാമ കുടുംബം വാഷിങ്ടണിൽത്തന്നെ തുടർന്നേക്കും. കാലോറാമയിൽ 43 ലക്ഷം ഡോളറിന്റെ ബംഗ്ലാവ് ഇതിനുവേണ്ടി ഒബാമ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ലോകോത്തര നിലവാരമുള്ള ഗോൾഫ് കോഴ്‌സുകൾക്ക് പ്രശസ്തമാണ് കാലിഫോർണിയയിൽ ഒബാമ വീടുവാങ്ങിയ റാഞ്ചോ മിറാഷ്. വീടിനെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ടുവർഷം മുമ്പുതന്നെ ഒബാമയും കുടുംബവും കാലിഫോർണിയയിൽ വീടുവാങ്ങാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

ജനുവരി 20-നാണ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേൽക്കുന്നത്. അതിനുമുമ്പുതന്നെ ഒബാമ കുടുംബം വൈറ്റ്ഹൗസിൽനിന്ന് ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. റിട്ടയർമെന്റ് ജീവിതം ഒബാമ എങ്ങനെയാകും ചെലവഴിക്കുകയെന്നതിനെക്കുറിച്ചും ഒട്ടേറെ അഭ്യൂഹങ്ങളുണ്ട്. പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മൈ ബ്രദേഴ്‌സ് കീപ്പർ അലയൻസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ മുഴുകുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെയും മിഷേലിന്റെയും ഇനിയുള്ള ജീവിതത്തിലെ മുഖ്യമായ കർമമേഖലകളിലൊന്ന് അലയൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാകുമെന്ന് ഒബാമ കഴിഞ്ഞവർഷം സൂചിപ്പിച്ചിരുന്നു. വൈറ്റ് ഹൗസിലെ തന്റെ ജീവിതത്തെക്കുറിച്ച് ഒബാമ പുസ്തകമെഴുതിയേക്കുമെന്നും സൂചനയുണ്ട്. ഡ്രീംസ് ഫ്രം മൈ ഫാദർ, ദ ഒഡാസിറ്റി ഓഫ് ഹോപ്പ് എന്നീ രണ്ട് പുസ്തകങ്ങൾ നേരത്തെ ഒബാമ എഴുതിയിരുന്നു. രണ്ടും വിൽപനയിൽ വലിയ നേട്ടമുമ്ടാക്കി.