തിരുവനന്തപുരം: ബാർ കോഴക്കേസുകളിൽ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവരെ വിജിലൻസ് കുറ്റവിമുക്തരാക്കും. ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയായതായാണ് സൂചന. മന്ത്രിമാർ കോഴ വാങ്ങിയതിനു തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. നിയമോപദേശത്തിനായി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌പി: ആർ. സുകേശൻ ഡയറക്ടറുടെ അനുമതി തേടി.

നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാർ ഉടമകളുടെ വെളിപ്പെടുത്തൽ. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തൻ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. ഇതു സാധൂകരിക്കുന്ന തരത്തിൽ മൊഴി നൽകിയ, ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി കഴിഞ്ഞദിവസം നുണപരിശോധനയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോർട്ട് തെളിവായി അംഗീകരിക്കാനാകില്ലെന്നും എസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഈ മൊഴിയും കണക്കിലെടുക്കാൻ കഴിയില്ല. അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടത് വിജിലൻസാണ്. എന്നിട്ടും ഇത്തരമൊരു സംശയം ഉന്നയിക്കുന്നു എന്നതാണ് പ്രധാനം.

എക്‌സൈസ് ലൈസൻസുകൾ പുതുക്കാൻ മന്ത്രി ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റൊരു ആരോപണം. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാൽ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കണമെന്നായിരുന്നു ബാർ ഉടമകളുടെ ആവശ്യം. പിന്നീടിത് 23 ലക്ഷത്തിന് ഉറപ്പിച്ചു. മന്ത്രി ബാബുവിന്റെ ഓഫീസിൽ എത്തിച്ച കോഴപ്പണം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയും പിന്നീടു മന്ത്രിയുടെ കാറിൽ കൊണ്ടുവയ്ക്കുകയുമായിരുന്നെന്നാണു ബിജു രമേശിന്റെ മൊഴി. എന്നാൽ ഈ ആരോപണത്തിനു തെളിവില്ലെന്നു വിജിലൻസ് കണ്ടെത്തി. ബാർ ഉടമകളുടെയും എക്‌സൈസ് കമ്മിഷണറുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു ലൈസൻസ് ഫീസ് 23 ലക്ഷത്തിന് ഉറപ്പിച്ചതെന്നു മിനിട്‌സിലുണ്ട്. കമ്മിഷണർ, നികുതി സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗം നിർത്തിവച്ച് നിരക്കുവർധന ചർച്ചചെയ്തിട്ടില്ല. മിനിട്‌സിൽ യാതൊരു തിരുത്തലുമുണ്ടായിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ബാബുവിനെ കുറ്റവിമുക്തനാക്കുന്നത്.

ഇതോടെ ബാർ കോഴയിലെ അന്വേഷണവും അവസാനിക്കും. ബിജു രമേശ് നൽകിയ ഓഡിയോ തെളിവുകളും വിശ്വാസ യോഗ്യമല്ലെന്നാണ് വിലയിരുത്തൽ. സാക്ഷിമൊഴികളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. ബാർ ഇടപാടുമായി ബന്ധപ്പെട്ട് ആർക്കും മന്ത്രിമാരിൽ നിന്ന് വഴിവിട്ട് യാതൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാതെ കേസ് എഴുതി തള്ളുന്നതിനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ബാർ ഉടമകളുടെ ഭിന്നതയും തെളിവുകൾ ലഭിക്കുന്നതിന് തടസ്സമായി. പലരും പലപ്പോഴും പലതാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ഗൂഢാലോചന വ്യക്തമുമാണ്. അതുകൊണ്ടാണ് കേസ് എഴുതി തള്ളുന്നതെന്നാണ് വിജിലൻസ് നൽകുന്ന സൂചന. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുമെന്ന് വിജിലൻസിന് അറിയാം. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്.

കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ തമ്മിലെ ഭിന്നതകൾ ബാർ കോഴ അന്വേഷണത്തെ സ്വാധീനിക്കുന്നതായി ആരോപണം ഉയർന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എ ഗ്രൂപ്പിനെ തകർക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമെത്തി. ഇതിനെല്ലാം അതിസമർത്ഥമായി മറികടക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി. ഹൈക്കമാണ്ടിന്റെ പിന്തുണയോടെ നടത്തിയ നീക്കവും ഫലം കണ്ടു. ഇതോടെയാണ് ബാർ കോഴയിലെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. ധനമന്ത്രി കെ എം മാണിയെ കുറ്റക്കാരനായി വിധിക്കാൻ അനുവദിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ബാർ മുതലാളിമാരും മൊഴി നൽകുന്നതിൽ നിന്ന് മലക്കം മറിഞ്ഞപ്പോൾ ബാർ കോഴ വന്നപോലെ പോയി.