തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോൾ അരങ്ങേറുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമെന്നും ഉടൻ പരിഹാരം കാണണം എന്നും നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതികൾക്ക് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു.

ഇപ്പോൾ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നാണ് പരാതിയെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അടിയന്തിര നടപടികൾ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചതായി മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.

ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടി. പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്ന പൊലീസുകാർക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലെത്തുന്ന ഇതര സംസ്ഥാനക്കാരായ തീർത്ഥാടകർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂർ, നിലയ്ക്കൽ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം കെ. മോഹൻ കുമാറുമായി ആലോചിച്ച ശേഷം ശബരിമല സന്ദർശിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ തീരുമാനം എടുക്കുമെന്ന് പി. മോഹനദാസ് വ്യക്തമാക്കി.

പ്രളയത്തിന് ശേഷം ാദ്യമായി മണ്ഡലപൂജയ്ക്ക് നട തുറന്നതും സുപ്രീം കോടതിയുടെ യുവതി പ്രവേശന വിധിയെ തുടർന്ന് ഉണ്ടായ പ്രക്ഷോഭങ്ങളും വലിയ രീതിയിൽ പുനർ നിർമ്മാണത്തെ ബാധിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഭക്തർക്ക് അടിയന്തരമായ സൗകര്യങ്ങൾ ഒരുക്കു്‌നനതിനുള്ള ഒരുക്കങ്ങൾ യുദ്ധകാല അടിസ്ഥാനവത്തിൽ പുരോഗമിക്കുന്നുവെന്നും എ പത്മകുമാർ വ്യക്തമാക്കിയിരുന്നു.

പുലർച്ചെ മുന്നേകാൽ മുതൽ 12.30 വരെ നെയ്യഭിഷേകം നടത്താം. മൂന്ന് മണി മുതൽ സന്നിധാനത്ത് എത്താനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡി.ജി.പി ലോക്‌നാഥ് ബഹറയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പരമാവധി ഭക്തർക്ക് നെയ്യഭിഷേകം നടത്താനുള്ള സൗകര്യം ഒരുക്കും. അര മണിക്കൂർ സമയമാണ് നെയ്യഭിഷേകത്തിന് ദീർഘിപ്പിച്ചിരിക്കുന്നത്. ഇതിന് സന്നിധാനത്ത് എത്തുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല. നിലയ്ക്കലിൽ 12 മണിയാകുമ്പോഴേക്ക് എത്തിയാൽ തുടർന്ന് പമ്പയിലും പമ്പയിൽ നിന്ന് ഒന്നരമണിക്കൂർ കൊണ്ട് സന്നിധാനത്തും എത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

തീർത്ഥാടകർക്ക് സന്നിധാനത്ത് തങ്ങുന്നതിൽ യാതൊരു തടസ്സവുമുണ്ടാകില്ല. ദേവസ്വം ബോർഡിന്റേത് അടക്കമുള്ള റസ്റ്റ് ഹൗസുകളിൽ മുറിയെടുത്തും തങ്ങാം. നടപ്പന്തലിനെ സമര വേദിയാക്കാൻ അനുവദിക്കില്ല. പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ അനാവശ്യ നിയന്ത്രണങ്ങളുമുണ്ടാകില്ല. ഇക്കാര്യത്തിൽ പൊലീസിന്റെ ഉറപ്പ് ലഭിച്ചു. ദേവസ്വം ബോർഡും പൊലീസും ചേർന്ന് പ്രവർത്തിക്കും.ഇപ്പോഴുള്ളത് സ്റ്റാർട്ടിങ് ട്രബിൾ മാത്രമാണ്. കൂടുതൽ സൗകര്യങ്ങൾ നിലക്കലും പമ്പയിലും ഒരുക്കും. നിലയ്ക്കലിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അവസരം ഉണ്ടാക്കും.

കൂടുതൽ പേർക്ക് വിരിവെക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടുതൽ ബയോ ടോയ്‌ലറ്റുകൾ എത്തിക്കുമെന്നും എ പത്മകുമാർ വ്യക്തമാക്കി. രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ ദേവസ്വം ബോർഡിന്റെ ആക്ഷേപങ്ങളും അതൃപ്തികളും പത്മകുമാർ ഡി.ജിപി ലോക്‌നാഥ് ബഹറയെ അറിയിച്ചതായാണ് വിവരം. സന്നിധാനത്തെ സമരങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരാൻ തന്നെയാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും തീരുമാനം.