കോഴിക്കോട്: നിപയുടെ ഉറവിടം കണ്ടുപിടിക്കാതെ വവ്വാലുകൾ രക്ഷയില്ലെന്ന അവസ്ഥയാണ്. ആദ്യം വവ്വാലുകളാണ് വൈറസ് വാഹകരെന്ന് പറയുകയും പിന്നെ ഇത് സ്ഥീരിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. ആദ്യം പ്രാണികളെ മാത്രം തിന്നുന്ന വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്ക് അയിച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോൾ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല.

ഇതിനെ തുടർന്ന് വീണ്ടും പഴങ്ങൾ തിന്നുന്ന വവ്വാലുകളെ പിടിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇത് ഇന്നാരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ശക്തമായ മഴയെ തുടർന്ന് വവ്വാലിനെ പിടിക്കാൻ സാധിക്കാതെ വരികയായിരുന്നു. ഇത് നാളെ പുനരാരംഭിക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. സാമ്പിളുകൾ ശേഖരിച്ച് എത്രയും പെട്ടെന്ന് പരിശോധനയ്ക്ക് അയിക്കാനാണ് അധികൃതരുടെ ശ്രമം.വവ്വാലുകളുടേതും പന്നികളുടേതുമടക്കം 21 സാമ്പിളുകളാണ് നേരത്തെ പരിശോധനക്ക് അയച്ചിരുന്നത്. നിലവിൽ വീടുകളിൽ 175 പേർ നിരീക്ഷണത്തിലാണ്.

 രോഗബാധയെത്തുടർന്ന് ആദ്യം മരിച്ച ചങ്ങരോത്തെ സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പുതിയ വീട്ടിലെ കിണറിനകത്തുള്ള വവ്വാലുകളെയാണ് നേരത്തേ പിടികൂടി സാമ്പിളുകൾ ഭോപാലിലെയും പുണെയിലെയും ലാബുകളിലേക്ക് അയച്ചത്. ചെറുപ്രാണികളെ തിന്നുന്ന വവ്വാലുകളെയാണ് കിണറ്റിൽനിന്ന് പിടികൂടിയത്. സാബിത്തും സാലിഹും കിണർ വൃത്തിയാക്കിയപ്പോഴാവാം രോഗബാധയുണ്ടായതെന്നായിരുന്നു സംശയം. പരിശോധനാ ഫലം വന്നതോടെ ഈ സംശയത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായി.

എന്നാൽ, വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ല. പഴങ്ങൾ തിന്നുന്ന വവ്വാലുകളാണ് രോഗകാരികളായ വൈറസ് വാഹകർ. ഈ വവ്വാലുകൾ കടിച്ച മാങ്ങയുൾപ്പെടെയുള്ള ഫലവർഗങ്ങൾ കഴിച്ചാൽ രോഗബാധയ്ക്ക് സാധ്യതയുണ്ട്. സാബിത്തും സാലിഹും ജാനകിക്കാട്ടിൽ പോയിരുന്നതായും വവ്വാലുകൾ കടിച്ച മാങ്ങ കഴിച്ചിരുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ചങ്ങരോത്ത്, ജാനകിക്കാട് മേഖലകളിലെ വവ്വാലുകളെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ പറഞ്ഞു. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധരും സംഘത്തിലുണ്ടാവും. കാലാവസ്ഥ പ്രതികൂലമായതിനാൽ സാമ്പിൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.

രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത മലേഷ്യയിൽ വവ്വാലുകളിൽനിന്നാണ് വൈറസ് മനുഷ്യരിൽ എത്തിയതെന്ന് കണ്ടെത്തിയിരുന്നു. സമാന സാഹചര്യം ഉള്ളതുകൊണ്ടാണ് ഇവിടെയും വവ്വാലുകളാവാം രോഗവാഹിയെന്ന് അനുമാനിക്കുന്നത്.കേരളത്തിൽ ചെറുതും വലുതുമായ 29 ഇനം വവ്വാലുകളെയാണ് കണ്ടുവരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

32ചിറകുള്ള സസ്തനികളാണ് വവ്വാലുകൾ. ലോകത്താകെ 1200-ലേറെ വവ്വാൽ ഇനങ്ങളുണ്ട്. ഇന്ത്യയിൽ നൂറോളം ഇനങ്ങൾ. കേരളത്തിൽ 29 ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ അഞ്ചിനങ്ങളാണ് സസ്യഭുക്കുകൾ. മലബാർ മേഖലയിൽ പഴങ്ങൾ ഭക്ഷിക്കുന്ന മൂന്നിനങ്ങളാണ് കാണുന്നത്. പറക്കും കുറുക്കൻ എന്നറിയപ്പെടുന്ന (ഇന്ത്യൻ ഫ്ളയിങ് ഫോക്സ്) വലിയ ഇനം വവ്വാലാണ് കൂടുതൽ. രോഗാണു വാഹികളാണ് ഇവ. ഒന്നരക്കിലോവരെ തൂക്കമുണ്ടാവും.

ലോകത്തെത്തന്നെ വലുപ്പമേറിയ വവ്വാൽ ഇനമാണിത്. അറുപത് കിലോമീറ്റർവരെ പറക്കും. നിത്യഹരിത വനങ്ങളിലെ കർഷകനായാണ് ഇവ അറിയപ്പെടുന്നത്. പഴവർഗങ്ങളുടെ വിത്തുകൾ കാട്ടിലുടനീളം വിതരണം ചെയ്യുന്നതുകൊണ്ടാണിത്. മുറിമൂക്കൻ പഴവവ്വാൽ എന്നറിയപ്പെടുന്ന രണ്ട് ചെറിയ ഇനങ്ങളും മലബാറിൽ കാണുന്നു. വാഴകളിലും മറ്റും പരാഗണത്തിന് സഹായിക്കുന്നത് ഇവയാണ്.