നുഷ്യത്വത്തിന് നിരക്കാത്ത ഭീകരപ്രവർത്തനങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് നിരപരാധികളെ അവർ കൊന്നൊടുക്കി. ലോകത്തുനിന്ന് ഐസിസ് ഭീകരതയെ ഉന്മൂലനം ചെയ്യണമെന്ന കാര്യത്തിലും ആർക്കും തർക്കമില്ല. എന്നാൽ, ഐസിസ് വീട്ടമ്മമാരെക്കുറിച്ചുള്ള ബിബിസിയുടെ കോമഡി ഡ്രാമ കടുത്ത വിമർശനങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. റിയൽ ഹൗസ്വൈഫ്‌സ് ഓഫ് ഐസിസ് എന്ന പരിപാടിയാണ് വിമർശനങ്ങൾക്കാധാരം.

ഇസ്ലാമിനെയും സ്ത്രീത്വത്തെയും അധിക്ഷേപിക്കുന്നതാണ് പരിപാടിയെന്നാണ് പ്രധാന വിമർശം. ബെൽറ്റ് ബോംബുകളണിഞ്ഞുകൊണ്ട് നിൽക്കുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ കന്യകമാരെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ വിവരിക്കുന്നതും മറ്റുമാണ് പരിപാടിയിലുള്ളത്. ജിഹാദികൾക്ക് സ്വർഗത്തിൽ 40 കന്യകമാരെ കിട്ടുമെന്ന വിശ്വാസത്തെയും പരിപാടി കണക്കിന് പരിഹസിക്കുന്നു.

നാൽപത്ത് കന്യകമാരെക്കുറിച്ച് ഭർത്താവ് നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുയാണെന്നാണ് ഒരു യുവതി മറ്റൊരു യുവതിയോട് പറയുന്നത്. ഇരുവരുടെയും ദേഹത്ത് ബോംബ് കെട്ടിവച്ച നിലയിലാണ് വസ്ത്രധാരണം. ബോംബ് കെട്ടി നിന്നുകൊണ്ട് സെൽഫിയെടുക്കുന്നതും കാണാം. എന്നാൽ, പരിപാടി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. സിറിയയിലും ഇറാഖിലും അതിജീവനത്തിനായി പെടാപ്പാട് പെടുന്ന സ്ത്രീകളെ അധിക്ഷേപിക്കുകയാണ് ഇതെന്നും അവർ കുറ്റപ്പെടുത്തുന്നു.

തന്റെ തലയറുക്കാൻ ഇനി മൂന്നുദിവസമേ ശേഷിക്കുന്നുള്ളൂവെന്നും എന്തു വസ്ത്രമാണ് അപ്പോൾ ധരിക്കേണ്ടതെന്നതിനെക്കുറിച്ച് ഒരു രൂപവുമില്ലെന്നു ഒരു കഥാപാത്രം പറയുന്നുണ്ട്. ഇത്തരം തമാശകളാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. ബിബിസിയുടെ ഫേസ്‌ബുക്ക് പേജിൽ എതിർപ്പുമായി ആയിരക്കണക്കിനാളുകളാണ് കമന്റ് ചെയ്തിട്ടുള്ളത്. എന്നാൽ, ഭീകരരെ ഇതിലും നന്നായി ആക്ഷേപിക്കാനാവില്ലെന്ന് പ്രതികരിച്ചവരുമേറെയാണ്.