ന്യൂഡൽഹി: ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർ ലാൽ നെഹ്‌റുവിന്റെ ആദ്യ ടെലിവിഷൻ അഭിമുഖം പുറത്തുവന്നു. ബിബിസി ആർക്കൈവാണ് ഈ അഭിമുഖം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
1953 ജൂണാണ് വർഷവും മാസവും. നെഹ്‌റു ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ദിവസം. ഏഷ്യയിലെ പ്രമുഖ രാഷ്ട്രതന്ത്രജ്ഞൻ എന്നാണ് വില്യം ക്ലാർക്ക് അഭിമുഖത്തിൽ നെഹ്‌റുവിനെ പരിചയപ്പെടുത്തുന്നത്.

'അതെ, ഇതാദ്യമായാണ് ഞാൻ ഈ അഗ്നിപരീക്ഷ നേരിടന്നത്. സത്യം പറഞ്ഞാൽ, എനിക്ക് ടെലിവിഷനെ കുറിച്ച് വളരെ കുറച്ചേ അറിവുള്ളു, കേട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ', കന്നി ടിവി അഭിമുഖത്തെ കുറിച്ച് നെഹ്‌റു പറയുന്നത് ഇങ്ങനെ.

ബ്രിട്ടീഷുകാർ ഏറെക്കാലം ഇന്ത്യ ഭരിച്ചിട്ടും എന്തുകൊണ്ടാണ് ബ്രിട്ടനെ വെറുക്കാത്തതെന്ന് ന്യൂ സ്റ്റേറ്റ്‌സ്മാന്റെയും നേഷന്റെയും പത്രാധിപർ കിങ്‌സി മാർട്ടിൻ ചോദിക്കുന്നുണ്ട്. ദീർഘകാലമോ, തീവ്രമായോ, വെറുപ്പ് മനസ്സിൽ സൂക്ഷിക്കുന്നവരല്ല ഇന്ത്യാക്കാരെന്നാണ് നെഹ്‌റുവിന്റെ മറുപടിഅതിന് കാരണം ഗാന്ധിജി കഴിഞ്ഞ പതിറ്റാണ്ടുകളിൽ പകർന്നുതന്ന പാഠങ്ങളാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

ജനാധിപത്യത്തിന്റെ പൊതുആദർശങ്ങളെ കുറിച്ചും ചോദ്യമുയർന്നു. ''യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രതന്ത്രജ്ഞർക്കു യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ലോകത്തെ നോക്കിക്കാണുന്ന പ്രവണതയുണ്ട്. നമ്മൾ ഒരേ തത്വങ്ങളോടെ, ഒരേ ലോകത്തെ നോക്കുകയാണെങ്കിൽ, ഡൽഹിയോ കറാച്ചിയോ ആകട്ടെ, ലോകം അൽപം വ്യത്യസ്തമായി കാണപ്പെടും. ഭൂമിശാസ്ത്രം വച്ചു നോക്കിയാൽ, യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിഭാഗം ആളുകൾക്കും ചൈന വിദൂര രാജ്യമാണ്. പക്ഷേ, ഇന്ത്യയുമായി 2,000 മൈൽ അതിർത്തിയുള്ള രാജ്യമാണ് ചൈന'' നെഹ്‌റു പറഞ്ഞു.

16 വർഷം ജയിലിൽ കിടക്കേണ്ടി വന്നതിനെ കുറിച്ചും ചോദ്യമുണ്ടായി. കുറച്ചുകാലം ജയിലിൽ കിടക്കുന്നത് നല്ലതാണെന്നായിരുന്നു മറുപടി. പ്രധാനമന്ത്രി എന്ന നിലയിൽ കഴിഞ്ഞ ഏഴുവർഷത്തെ അനുഭവങ്ങളും നെഹ്‌റു പങ്കുവയ്ക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ രാഷ്ട്രീയമായി ഇന്ത്യ പുരോഗമിച്ചെന്നും നെഹ്‌റു അഭിമുഖത്തിൽ പറയുന്നു. രാജ്യത്തിന്റെ അഖണ്ഡത വർധിച്ചു. തിരഞ്ഞെടുപ്പുകൾ ഫലപ്രദമായി നടത്തി. നാട്ടുരാജ്യഭരണങ്ങൾ അവസാനിപ്പിച്ചു. വളരെയധികം നേട്ടങ്ങൾ സ്വന്തമാക്കിയപ്പോൾ തന്നെ ചില രംഗത്ത് പുരോഗതി കൈവരിക്കാൻ ഉണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ, സാമ്പത്തിക രംഗത്ത്, പുരോഗതി കൈവരിച്ചെങ്കിലും കൂടുതൽ വേഗത്തിലാകണം ആ പുരോഗതി എന്നും അദ്ദേഹം പറയുന്നു.

നെഹ്‌റുവിന്റെ ചരിത്ര പ്രസിദ്ധമായ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ചില ഭാഗങ്ങളും ബിബിസി ആർക്കൈവ്‌സ് ഷെയർ ചെയ്തു. കിങ്‌സലി മാർട്ടിനെ കൂടാതെ, സൺഡേ ടൈംസ് എഡിറ്റർ എച്ച് വി ഹഡ്‌സൺ, എക്കണോമിസ്റ്റിന്റെ ഫോറിൻ എഡിറ്റർ ഡൊണൾഡ് മക്ലാക്കലനും അഭിമുഖത്തിൽ പങ്കെടുത്തു.