- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോൺസർമാരായ ബൈജൂസ് 86.21 കോടി കുടിശികയാക്കി എന്ന് ബിസിസിഐ; കുടിശിക നൽകാനില്ലെന്ന് ബൈജൂസ്; ടൈറ്റിൽ സ്‌പോൺസർഷിപ്പ് മാസ്റ്റർ കാർഡിന് കൈമാറണമെന്ന് പേടിഎമ്മും; രണ്ടുമുഖ്യ സ്‌പോൺസർമാരുമായി ഉടക്ക്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് മുഖ്യ സ്‌പോൺസർമാരുമായി ബിസിസിഐക്ക് തർക്കം. ടീമിന്റെ ജഴ്‌സി സ്‌പോൺസർമാരായ ബൈജൂസ് 80 കോടിയിലേറെ ബോർഡിന് കുടിശികയാക്കിയതാണ് ഒരു പ്രശ്‌നം. പേടിഎമ്മാകട്ടെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് ഒഴിയാൻ ബിസിസിഐയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. തങ്ങളുടെ ടൈറ്റിൽ അവകാശങ്ങൾ മൂന്നാമതൊരു കക്ഷിക്ക് കൈമാറാനാണ് പേടിഎമ്മിന്റെ താൽപര്യം.
2023 ഏകദിന ലോകകപ്പ് വരെ പങ്കാളിത്തം നീട്ടാൻ ഏപ്രിലിൽ ബൈജൂസും ബിസിസിഐയും തമ്മിൽ ധാരണയിലെത്തിയിരുന്നു. 10 ശതമാനം തുക വർദ്ധിപ്പിച്ചുനൽകാമെന്നും ധാരണയായിരുന്നു. എന്നാൽ, എഡ്‌ടെക് കമ്പനി, മതിയായ ബാങ്ക് ഗ്യാരന്റി സമർപ്പിക്കാതെ വന്നതോടെയാണ് കോടികൾ കുടിശികയായത്. വ്യാഴാഴ്ച ചേർന്ന ബിസിസിഐ അപെക്‌സ് കൗൺസിൽ സ്‌പോൺസർഷിപ്പ് വിഷയം ചർച്ച ചെയ്തതായി ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു.
2022 ജൂലൈ വരെയുള്ള കണക്ക് പ്രകാരം 86.21 കോടി ബൈജൂസ് കുടിശികയാക്കി എന്നാണ് ബിസിസിഐ അപെക്‌സ് കൗൺസിലിൽ സമർപ്പിച്ച രേഖയിൽ പറയുന്നത്. ' ബൈജൂസ് ഇതുവരെ പുതിയ ബാങ്ക് ഗ്യാരന്റ് സമർപ്പിച്ചിട്ടില്ല. മൂന്നാം കക്ഷി വഴി ഉള്ള പുതുക്കിയ തുക കൈമാറ്റ കരാറിൽ ഒപ്പുവയ്ക്കുന്നതിനായി കമ്പനി ആവശ്യപ്പെട്ടുവരികയായിരുന്നു', ബിസിസിഐ രേഖയിൽ പറഞ്ഞു.
2019ൽ ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഒപ്പോയ്ക്കു പകരമാണ് ബൈജൂസ് ഇന്ത്യൻ ടീമിന്റെ ജഴ്‌സി സ്‌പോൺസർ ആയത്. എന്നാൽ, ബിസിസിഐയുമായി കരാർ പുതുക്കിയെങ്കിലും ഒപ്പുവച്ചിട്ടില്ലെന്ന് ബൈജൂസ് വക്താവ് അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. കരാർ ഒപ്പുവച്ച ശേഷം പണമിടപാട് നടക്കുമെന്നും നിലവിൽ കുടിശിക ഒന്നും നൽകാനില്ലെന്നും വക്താവ് പറഞ്ഞു.
' ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോൺസർമാരായതിൽ ഞങ്ങൾ വളരെയേറെ അഭിമാനിക്കുന്നു. എന്നാൽ ബോർഡിന് കുടിശിക ഒന്നും നൽകാനില്ല. ഞങ്ങൾ കരാർ നീട്ടാൻ സമ്മതിച്ചിട്ടുണ്ട്. ഇതിനായുള്ള തുകകൈമാറ്റവും മറ്റും പുതിയ കരാർ പ്രകാരം ആയിരിക്കും', ബൈജൂസ് വക്താവ് അറിയിച്ചു.
അതേസമയം, ടൈറ്റിൽ സ്‌പോൺസർഷിപ്പ് അവകാശം മാസ്റ്റർ കാർഡിന് കൈമാറാൻ അനുവദിക്കണമെന്നാണ് പേടിഎം ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'കോവിഡ് സാഹചര്യത്തിൽ, കഴിഞ്ഞ രണ്ടുവർഷമായി പേടിഎമ്മിന്റെ പല ബിസിനസുകളിലും, പദ്ധതികളും, മാർക്കറ്റിങ് ചെലവിലും മറ്റും കാതലായ മാറ്റങ്ങൾ വേണ്ടി വന്നു. ജൂലൈ ഒന്നിന് ബിസിസിഐയുടെ ആഭ്യന്തര ക്രിക്കറ്റ് ടൈറ്റിൽ സ്‌പോൺസർഷിപ്പ,് മാസ്റ്റർകാർഡിന് നൽകണമെന്ന് ആവശ്യപ്പെട്ട് പേടിഎം ഔദ്യോഗികമായി കത്തയച്ചിരുന്നു, ബിസിസിഐ രേഖകളിൽ പറയുന്നത് ഇങ്ങനെ.
പേടിഎമ്മുമായി നിലവിലുള്ള കരാർ പ്രകാരം, ടൈറ്റിൽ സ്‌പോൺസർഷിപ്പ് അവകാശം, മൂന്നാം കക്ഷിക്ക് കൈമാറാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഇതിന് നിശ്ചയിരിക്കുന്ന സമയപരിധി കഴിഞ്ഞുവെന്നാണ് ബിസിസിഐ നിലപാട്. എന്നിരുന്നാലും, പേടിഎമ്മുമായുള്ള ദീർഘകാല ബന്ധം കണക്കിലെടുത്ത് അപേക്ഷ അനുകൂലമായി പരിഗണിക്കാവുന്നതാണെന്നും ബിസിസിഐ പറയുന്നു. നിലവിൽ 2019 സെപ്റ്റംബർ മുതൽ 2023 മാർച്ച് 31 വരെയാണ് പേടിഎമ്മും ബിസിസിഐയും തമ്മിലുള്ള കരാർ. 2019 ഓഗസ്റ്റിലാണ് ഇന്ത്യയിലെ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാർ നാലുവർഷത്തേക്ക് പേടിഎം നീട്ടിയത്.
മറുനാടന് മലയാളി ബ്യൂറോ