കൊച്ചി: ബി.ഡി.ജെ.എസിന്റെ പറവൂർ നിയോജകമണ്ഡലം സെക്രട്ടറിയായിരുന്ന എം സി വേണു സിപിഐ(എം) ലോക്കൽ കമ്മറ്റി ഓഫീസിലെത്തി തൂങ്ങിമരിച്ചത് ബി.ഡി.ജെ.എസിലെ നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലെന്നു സൂചന. ദീർഘകാലം സി പി എമ്മിന്റെ വടക്കേക്കരയിലെ സജീവ പ്രവർത്തകനും നേതൃപദവികൾ അലങ്കരിച്ചിരുന്നയാളുമായിരുന്ന വേണു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്നാണ് സിപിഐ(എം) വിട്ട് ബി.ഡി.ജെ.എസിൽ ചേർന്നത്.

സിപിഐ(എം) വിട്ടു ബി.ഡി.ജെ.എസിൽ എത്തിയിട്ടും നേതാക്കൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. വഞ്ചിക്കപ്പെട്ടുവെന്ന് തോന്നിയപ്പോഴാണു സി.പിഎമ്മിന്റെ  പാർട്ടി ഓഫീസിൽ കയറിമരിക്കാൻ തീരുമാനിച്ചത്.

ബി.ഡി ജെ.എസിൽ എത്തുന്നതിന് മുമ്പ് പല വാഗ്ദാനങ്ങളും നേതാക്കൾ നൽകിയിരുന്നത്രേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്നും ഭാര്യ സുധക്ക് സ്ഥിരം ജോലി നൽകാമെന്നു ഉറപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. സാമ്പത്തിക ബാധ്യതകളും വേണുവിനെ അലട്ടിയിരുന്നു. വേണുവിന്റെ സ്‌കൂട്ടർ കഴിഞ്ഞ ദിവസം ഫിനാൻസുകാർ പിടികൂടിയിരുന്നു. ഇതിനൊന്നും ബി.ഡി ജെ എസുകാരുടെ സംരക്ഷണം കിട്ടിയില്ലെന്നും വേണുവിന് പരാതി ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയും എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുമായിരുന്ന ഹരി വിജയന്റെ പ്രചാരണ ചുമതലയുടെ പ്രധാനി ആയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സി.പിഎമ്മിലുണ്ടായിരുന്ന സംരക്ഷണം ബിഡിജെഎസിൽ നിന്നു കിട്ടിയില്ലെന്നു പരാതിയുണ്ടായിരുന്നു. സി.പി.മ്മിലേക്ക് തിരിച്ചുവരുവാനും ശ്രമിച്ചിരുന്നു.

അതേസമയം സി.പിഎം വിട്ട് ബി.ഡിജെ.എസിൽ എത്തിയ വേണുവിന് വധഭീഷണി ഉണ്ടായിരുന്നെന്നുള്ള വിവരം ശുദ്ധനുണയെന്നു സി.പിഎം നേതാക്കൾ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ പറവുർ സംസ്‌കൃതം സ്‌കൂളിൽ വച്ച് പി.ടി.എ മീറ്റിംഗിന് ശേഷം ചിറ്റാറ്റുകര സി.പിഎം ലോക്കൽ കമ്മറ്റി അംഗം അരുണുമായുള്ള വാക്കുതർക്കം പൊലീസ് സ്‌റ്റേഷനിൽ വച്ച് തീർപ്പാക്കിയിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം സിപിഐ(എം) പറവൂർ ഏരിയാ കമ്മറ്റി ഓഫീസിന് സമീപം എത്തിയിരുന്നു. പറവൂർ ഏരിയാ കമ്മറ്റിയോഫീസിൽ കയറാൻ പറ്റാത്തതിനുശേഷമാണ് വടക്കേക്കരയിലുള്ള മൂത്തകുന്നത്തെ ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തി ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്. പാർട്ടി ഓഫീസിൽ ലൈറ്റിടാൻ കയറിയ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. വേണുവിന്റെ മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.