കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴി എടുക്കുക. അതേസമയം കൂടുതൽ വിശദാംശങ്ങൾതേടി അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ളഗുണ്ടസംഘങ്ങൾക്കായി കാസർകോട് അന്വേഷണം വ്യാപിപ്പിച്ചു.

അതേസമയം, കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം 8 വരെയാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് തിങ്കഴാഴ്ച കോടതിക്ക് കൈമാറും. ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിക്ക് നൽകും. പരാതിക്കാരിയായ നടി ലീന മരിയ പോളിനെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിൽ രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ട നേതാവാണെന്നാണ് കണ്ടെത്തിയിരുന്നു. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

പനമ്പിള്ളിനഗറിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പ് കേസിൽ തന്റെ പങ്ക് രവി പൂജാരി ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രവി പൂജാരിയെ ചോദ്യം ചെയ്തതിൽ നിന്ന്, വെടിവയ്പിന് പിന്നിൽ പ്രവർത്തിച്ച മംഗലാപുരം കാസർകോട് മേഖലകളിലെ ഗുണ്ടാ സംഘത്തെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു.

ലീന മരിയാ പോളിനെക്കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും തനിക്ക് വിവരം നൽകിയത് ഈ ഗുണ്ടാ സംഘമാണെന്ന് രവി പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊച്ചിയിൽ വെടിവയ്പിന് ആളെ നിയോഗിച്ചതും ഇവർ വഴിയായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസിൽ കൂടുതൽപേർ പ്രതികളാകുമെന്ന് ഉറപ്പായി. ഫോൺ വിളിച്ച് 25 കോടി ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാൽ നടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് വെടിവെയ്പ് നടത്താൻ തീരുമാനിച്ചത്.

ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം എട്ടുവരെയാണ് രവി പൂജാരിയെ എടിഎസ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യൽ. ഇതിനിടെ ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സഹായം തേടാൻ രവി പൂജാരി കോടതിയെ സമീപിച്ചു. കേരളത്തിലുൾപ്പടെയുള്ള എല്ലാ കേസുകളും ബെംഗളൂരുവിലേക്ക് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്. 2018 ഡിസംബർ 15 നാണ് ബ്യൂട്ടി പാർലറിൽ വെടിവയ്‌പ്പുണ്ടായത്. വെടിവെപ്പ് നടത്തിയ രണ്ടുപേർ നേരത്തെതന്നെ അറസ്റ്റിലായിരുന്നു.