- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് അരക്കോടി രൂപ; 57 ലക്ഷം കിട്ടിയത് ആസ്ഥാനത്തെ വാഹനത്തിലെ ഡിക്കിയിൽ നിന്ന്; വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതിലെ കണക്കുകളിൽ വൈരുദ്ധ്യം; ബിലീവേഴ്സ് ചർച്ചിന് കള്ളപ്പണ നിക്ഷേപം ഉണ്ടോ എന്നറിയാൻ മംഗളം ചാനൽ ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്
തിരുവനന്തപുരം: ബിലീവേഴ്സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ നടത്തിയ ഇൻകം ടാക്സ്റെയ്ഡിൽ കണക്കിൽ പെടാത്തതെന്ന് കരുതുന്ന പണം പിടിച്ചെടുത്തു. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്നാണ് അരക്കോടിയലധികം രൂപ പിടിച്ചെടുത്തത്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ആധായ നികുതി വകുപ്പിന്റെ പരിശോധന.
രാവിലെ ആറര മുതലായിരുന്നു പരിശോധന. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയിൽ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടിനെ അടക്കം വിവിധ രേഖകളും കണ്ടെത്തി.
വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ചു ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.
മംഗളം ചാനൽ ഓഫീസിലും അജിത് കുമാറിന്റെ വീട്ടിലും റെയ്ഡ്
കള്ളപ്പണ നിക്ഷേപമുണ്ടോ എന്ന സംശയത്തിന്റെ പേരിൽ മംഗളം ചാനലിന്റെ ഓഫീസിലും സിഇഒ അജന്താലയം അജിത് കുമാറിന്റെ വീട്ടിലും ഒരേ സമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. മംഗളം ചാനലിൽ ബിലീവേഴ്സ് ചർച്ചിന്റെ നിക്ഷേപമുണ്ടോ എന്ന സംശയത്തിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്.
അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ പേരിൽ ബിലീവേഴ്സ് ചർച്ച് ആദായനികുതി വകുപ്പിന്റെ നോട്ടപ്പുള്ളിയായി തുടരുകയായിരുന്നു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടു ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് മംഗളം ചാനലിലും അജിത്ത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത്. മംഗളം പത്രത്തിന്റെ ഓഫീസിലാണ് ഇത് പ്രവർത്തിക്കുന്നതെങ്കിലും പത്രവുമായി ചാനലിന് ബന്ധമില്ലെന്നാണ് മംഗളം പത്ര മാനേജ്മെന്റിന്റെ നിലപാട്. അജിത് കുമാറിന് മാത്രമേ ഇതിൽ പങ്കുള്ളൂവന്നും അറിയിച്ചു.
തിരുവനന്തപുരത്ത് മംഗളം പത്രത്തിനോട് ചേർന്നാണ് ചാനലും പ്രവർത്തിക്കുന്നത്. മുമ്പ് പത്രത്തിന്റെ സിഇഒയായിരുന്നു അജിത് കുമാർ. പിന്നീട് ചുമതലകളിൽ നിന്ന് മാറ്റി. അപ്പോഴും ചാനലിന്റെ ചുമതലയിൽ തുടർന്നു. അജിത് കുമാറുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന സൂചനയാണ് ആദായ നികുതി വകുപ്പും നൽകുന്നത്. വീട്ടിലും ചാനൽ ഓഫീസിലും ഒരേ സമയം റെയ്ഡ് നടത്തുകയായിരുന്നു. ബിലീവേഴ്സ് ചർച്ചിലും മംഗളം ചാനലിലും തമ്മിലുള്ള അടുപ്പം കണ്ടെത്താനായിരുന്നു പരിശോധന.
ബിലീവേഴ്സ് ചർച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നു രാവിലെ ആരംഭിച്ചിട്ടുണ്ട്. കെ.പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.
2012ൽ കെ.പി യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബിലീവേഴ്സ് ചർച്ചിന് കേരളത്തിൽ 10,000 ഏക്കർ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പൽ ഫോർ ഏഷ്യക്ക് 7000 ഏക്കർ ഭൂമിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. യോഹന്നാൻ സുവിശേഷ റേഡിയോയും ടെലിവിഷൻ ചാനലും നടത്തിവരുന്നുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുരുക്കിയതോടെയാണ് മംഗളം ചാനലിന്റ ദുർദശ തുടങ്ങുന്നത്. ഇതിന്റെ പേരിൽ മംഗളം ചാനൽ സിഇഒ അജിത് കുമാർ അറസ്റ്റിലായിരുന്നു. തുടർന്ന് വന്ന കേസും പ്രശ്നങ്ങളും അഭിമുഖീകരിക്കാൻ ചാനലിനു കഴിഞ്ഞതുമില്ല.
സാമ്പത്തിക പ്രശ്നങ്ങളിൽ കുരുങ്ങിയതോടെ മുന്നോട്ടുള്ള പോക്ക് അസാധ്യവുമായ അവസ്ഥയിലായി. പരിതാപകരമായ അവസ്ഥയിലാണ് ചാനൽ മുന്നോട്ടു നീങ്ങുന്നത്. മിക്ക ജീവനക്കാരും ജോലി ഒഴിവാക്കി പോവുകയും ചെയ്തിരുന്നു. വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് ചാനലിൽ ഇപ്പോൾ എത്തുന്നത് .ചാനൽ മറ്റു ഗ്രൂപ്പുകൾ ഏറ്റെടുത്ത് നടത്തും എന്ന് വാർത്ത വന്നിരുന്നുവെങ്കിലും പിന്നീട് ഇത് സംബന്ധമായ വിവരങ്ങൾ ലഭ്യമായില്ല. ചാനൽ ഗതികെട്ട അവസ്ഥയിൽ മുന്നോട്ടു പോകുമ്പോൾ തന്നെയാണ് ആദായവകുപ്പിന്റെ റെയ്ഡും വന്നിരിക്കുന്നത്
മറുനാടന് മലയാളി ബ്യൂറോ