- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകൃത കുർബാനയിൽ പ്രതിഷേധം ശക്തം; ബിഷപ്പ് ഹൗസിന് മുന്നിൽ വിശ്വാസികൾ തമ്മിൽ കൈയാങ്കളി; സംഘർഷം കർദ്ദിനാൾ അനുകൂലികളും വിമത പക്ഷവും തമ്മിൽ; സിനഡ് തീരുമാനം തള്ളി അതിരൂപതയിലെ വൈദികർ
കൊച്ചി: ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട വൈദികരുടെ വാർത്താസമ്മേളനത്തിനിടെ വിശ്വാസികൾ തമ്മിൽ കൈയാങ്കളി. കർദ്ദിനാൾ അനുകൂലികളും വിമത പക്ഷവും തമ്മിലാണ് ബിഷപ്പ് ഹൗസിനു മുന്നിൽ സംഘർഷമുണ്ടായത്. കുർബാന ഏകീകരണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് ഏറ്റുമുട്ടിയത്.
അതേ സമയം ഏകീകൃത കുർബാനയിൽ സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപത വൈദികർ തള്ളി. ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് വിമതരുടെ നിലപാട്. ബിഷപ്പ് ആന്റണി കരിയിലിനെ സമ്മർദ്ദത്തിലാക്കിയാണ് സിനഡ് തീരുമാനം.
സിനഡ് സർക്കുലർ നിലനിൽക്കില്ലെന്നും വൈദികർ പറഞ്ഞു. ബിഷപ്പ് ഹൗസിന് മുന്നിലെ പ്രതിഷേധം ഉന്തുംതള്ളിലും കലാശിച്ചു. ജനഭിമുഖ കുർബാന തുടരുമെന്ന് വൈദികർ അറിയിച്ചു. ആർച്ച് ബിഷപ്പിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.
ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാന അർപ്പിക്കാനാണ് സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനം. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണ്.
ഇക്കാര്യത്തിൽ കർദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓശാന ഞായർ മുതൽ പരിഷ്‌കരിച്ച കുർബാന രീതിയിലേക്ക് മാറാൻ മാർപാപ്പ അതിരൂപതയ്ക്ക് കത്ത് നൽകിയിരുന്നു.
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്റെ നിർണായക ഇടപെടൽ. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ.
അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണം എന്നാണ് കത്തിലെ നിർദ്ദേശം.
വേദനാജനകമാണെങ്കിലും ത്യാഗത്തിന് തയ്യാറാകണം. ഏകീകൃത ക്രമത്തിലേക്ക് മാറാൻ സമയം വേണമെങ്കിൽ ഇടവകൾക്ക് ആവശ്യപ്പെടാം. കാനൻ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നൽകും. കർത്താവിൽ വിതച്ചാൽ അവിടത്തൊടൊത്തുകൊയ്യാമെന്നും കാറ്റ് വിതച്ചാൽ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും വ്യക്തമാക്കിയാണ് മാർപ്പാപ്പ കത്ത് ചുരുക്കുന്നത്.
കുർബാന ഏകീകരണ തർക്കം
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുള്ളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
മറുനാടന് മലയാളി ബ്യൂറോ