ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ താര ദമ്പതിമാരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സെൻട്രൽ ക്രൈംബ്രാഞ്ച്(സി.സി.ബി). നടൻ ദിഗ് നാഥ് മഞ്ജലെ, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെയാണ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വിളിപ്പിച്ചിട്ടുള്ളത്. കർണാടകത്തിൽ ഏറെ വിവാദം സൃഷ്ടിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണിത്. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ നൽകുന്ന വിവരം അനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിക്ക് സെൻട്രൽ ക്രൈം ബ്യൂറോയ്ക്ക് മുമ്പാകെ ഹാജരാവാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

സിസിബിയിൽ നിന്ന് ചോദ്യം ചെയ്യലിന് ഹാജാരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി ഐന്ദ്രിത റേയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിക്ക് സിസിബിക്ക് മുമ്പാകെ ഹാജരാകുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ വിവാദമായതിന് പിന്നാലെയാണ് ഇരുവരെയും ക്രൈം ബ്രാഞ്ച് വിളിപ്പിച്ചത്. തന്റെ ഹിന്ദി സിനിമയുടെ മാർക്കറ്റിങ് ടീമിന്റെ നിർദ്ദേശം അനുസരിച്ച് നിർമ്മിച്ച വീഡിയോ മാത്രമാണെന്നും കാസിനോ നടത്തുന്ന ആരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഐന്ദ്രിത റോയ് വാർത്താ ചാനലുകളിൽ വിശദീകരണം നൽകുകയും ചെയ്തിരുന്നു.

2008ൽ റിലീസ് ചെയ്ത ധൂത്പേട എന്ന കന്നഡ സിനിമയുടെ മികച്ച പ്രകടനത്തിന്റെ പേരിലാണ് ദിഗ് നാഥ് പ്രശസ്തനാവുന്നത്. പഞ്ചരംഗി (2010), ലിഫ്യൂ ഇഷ്ടെനെ (2011), പരിഞ്ജാത (2012) എന്നീ സിനിമകളിലും മികച്ച റോളുകളാണ് ദിഗ് നാഥിന് ലഭിച്ചിട്ടുള്ളത്. 2007ലാണ് ഐന്ദ്രിത റേയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മാനസാരെ എന്ന സിനിമയിൽ മാനസിക വെല്ലുവിളി അനുഭവിക്കുന്ന പെൺകുട്ടിയായി വേഷമിട്ടിരുന്ന ഐന്ദ്രിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷമായി കന്നഡ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് ദിഗ്നാഥ്. ഐന്ദ്രിതയാവട്ടെ 30ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2018-ലാണ് ഇരുവരും വിവാഹിതരായത്.

മയക്കുമരുന്ന് കേസിൽ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരത്തിൽ പലയിടങ്ങളിലായി നിരവധി റെയ്ഡുകളാണ് നടന്നിട്ടുള്ളത്. രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി തുടങ്ങിയ താരങ്ങളുടെ അറസ്റ്റിന് പിന്നാലെയാണ് താരദമ്പതിമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കർണാടകയിലെ മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ വസതിയിലും സി.സി.ബി. റെയ്‌ഡ് നടത്തിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആൽവ ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നാണ് സി.സി.ബി. ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആദിത്യയുടെ ഹെബ്ബാളിന് സമീപത്തെ വസതിയിൽ മയക്കുമരുന്ന് പാർട്ടികൾ നടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധു കൂടിയാണ് ആദിത്യ ആൽവ.

സീരിയൽ നടി അനിഘ, മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) പിടികൂടിയതിന് പിന്നാലെയാണ് കന്നഡ സിനിമ മേഖലയിലേക്കും അന്വേഷണം നീണ്ടത്. സീരിയൽ നടി അനിഘ പല സിനിമാ താരങ്ങൾക്കും മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ 15 പേർക്കെതിരേയാണ് സി.സി.ബി. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരടക്കം ഒമ്പത് പേരെ കേസിൽ അറസ്റ്റ് ചെയ്തു.