- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ മരംമുറി കേസിൽ 'നടപടി' നേരിട്ടു; 'സെക്രട്ടറിതല' നിർദ്ദേശം തെളിവായി; അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതോടെ വീണ്ടും സർവീസിൽ; വനം വകുപ്പിൽ 34 വർഷക്കാലത്തെ സേവനം; ബെന്നിച്ചൻ തോമസ് പുതിയ വനം മേധാവിയാകും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പുതിയ വനം മേധാവിയാകും. സെർച്ച് കമ്മറ്റി ശുപാർശ മന്ത്രി സഭ അംഗീകരിച്ചു. നിലവിലെ വനം വകുപ്പ് മേധാവി ഈ മാസം വിരമിക്കുന്നതോടെയാണ് പുതിയ നിയമനം നിലവിൽ വരിക.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ബെന്നിച്ചനെ വനം മേധാവി സ്ഥാനത്തേക്കു ശുപാർശ ചെയ്ത് ഫയൽ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇപ്പോഴത്തെ വനം മേധാവി പി.കെ.കേശവൻ ഈ മാസം 31ന് വിരമിക്കും. ആ ഒഴിവിലേക്കാണ് നിയമനം. കോട്ടയം കിടങ്ങൂർ സ്വദേശിയായ ബെന്നിച്ചൻ മുല്ലപ്പെരിയാർ മരംമുറി കേസിൽ നടപടി നേരിട്ടിരുന്നു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കെ മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരം മുറിക്കാൻ അനുമതി നൽകിയതിനെത്തുടർന്നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെടുത്തശേഷം വകുപ്പുതല നടപടികൾ സർക്കാർ അവസാനിപ്പിച്ചു.
സർക്കാർ അറിയാതെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിനോട് ചേർന്ന 15 മരം മുറിക്കാൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയതെന്നായിരുന്നു വിമർശനം. എന്നാൽ, സെക്രട്ടറിതല നിർദ്ദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു അനുമതി നൽകിയതെന്നാണ് ബെന്നിച്ചൻ സർക്കാരിനോട് വിശദീകരിച്ചത്. ഇതു സംബന്ധിച്ച തെളിവുകളും പുറത്തു വന്നിരുന്നു.
മരം മുറിക്കാൻ ഉള്ള അനുമതി തമിഴ്‌നാടിന് നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. ഈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ അംഗീകരിച്ചത്.
ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉൾപ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. പി.സി.സി.എഫ് മാരായ ഗംഗസ്സിങ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്കു മുന്നിലുണ്ടായിരുന്നു.
1986 ബാച്ചിലെ പ്രമോദ്കുമാർ പാഠക് നിലവിൽ കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷനിലാണ്. ഇദ്ദേഹം മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണു തൊട്ടടുത്ത സീനിയറായ, 1988 ബാച്ചിലെ തന്നെ ബെന്നിച്ചൻ തോമസിന്റെ പേര് ശുപാർശ ചെയ്തത്. ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം പ്രിൻസിപ്പൽ സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉൾപ്പെട്ട സമിതിയാണു ശുപാർശ സമർപ്പിച്ചത്.
ബെന്നിച്ചൻ 1988 ബാച്ച് കേരള കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. തുടർച്ചയായി 34 വർഷം വനംവകുപ്പിൽ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാർ എഡിസിഎഫ് ആയി സർവിസിൽ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പിൽ മാങ്കുളം, നിലമ്പൂർ, മൂന്നാർ, കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡിഎഫ്ഒ ആയി സേവനം ചെയ്തു.
പിടിപി നഗറിലുള്ള സാമൂഹിക വനവത്ക്കരണ വിഭാഗം മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ ഡിസിഎഫ്, തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫിസർ, തേക്കടി ഇക്കോ ഡെവലപ്‌മെന്റ് ഓഫിസർ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിസിഎഫ്, സിസിഎഫ് ഇക്കോ ഡവലപ്‌മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ, വർക്കിങ് പ്ലാൻ ആൻഡ് റിസർച്ച് എന്നീ ചുമതലകളും വഹിച്ചിരുന്നു. കോട്ടയം പ്രോജക്റ്റ് ടൈഗർ ഫീൽഡ് ഡയറക്ടർ, എബിപി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ, സംസ്ഥാന വനവികസന കോർപ്പറേഷൻ ചെയർമാൻ-മാനേജിങ് ഡയറക്ടർ, പിസിസിഎഫ് (എഫ്എൽആർ), പിസിസിഎഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്‌മെന്റ് ഓഫിസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്‌മെന്റ് പ്രോജക്റ്റ്) രാജ്യാന്തര ശ്രദ്ധ നേടി. സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി എന്നീ വിഷയങ്ങളിൽ മാസ്റ്റേഴ്‌സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയേൺമെന്റൽ ബയോ കെമിസ്ട്രി എന്ന വിഷയത്തിൽ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തി. മികച്ച സേവനത്തിന് നിരവധി ഗുഡ് സർവീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
കോട്ടയം കിടങ്ങൂർ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്, കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ജോളി ബെന്നിച്ചൻ. മക്കൾ: ബിറ്റോ, ജ്യുവൽ, ദിൽ.
മറുനാടന് മലയാളി ബ്യൂറോ