ന്യൂയോർക്ക്: സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചു എഴുത്തുകാരൻ ബെന്യാമിൻ. വിദ്വേഷത്തിന്റെ കൊലക്കത്തികൾ ഇപ്പോഴും എഴുത്തുകാർക്ക് നേരെ പാഞ്ഞടുക്കുന്നുണ്ട്. വേഗം സുഖം പ്രാപിച്ച് മടങ്ങി വരൂ പ്രിയപ്പെട്ട എഴുത്തുകാരാ എന്നാണ് ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഷോക്കിങ് എന്ന് പ്രതികരിച്ചു ശാരദക്കുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടും.

അതേസമയം എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു. ശാസ്ത്രക്രിയയ്ക്ക് ശേഷം റുഷ്ദി വെന്റിലേറ്ററിൽ തുടരുകയാണ്. സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈ ഞരമ്പുകൾ അറ്റു പോയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളും ആശുപത്രി അധികൃതർ മുന്നോട്ടുവെച്ചിരുന്നു.

യു.എസിലെ ന്യൂയോർക്കിൽ ഒരു വേദിയിൽ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്. വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തി കൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

ന്യൂജേഴ്സിയിൽ താമസിക്കുന്ന ഹാദി മറ്റാർ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇറാൻ വംശജനാണ് ഇയാൾ. ഇയാളുടെ ബാഗ് വേദിക്കരികിൽ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. റുഷ്ദി ആക്രമിക്കപ്പെട്ട ശേഷം വേദിയിലുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുന്നതായുള്ള വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൽമാൻ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികൾ വരാറുണ്ട്. വിവാദമായ The Satanic Verses എന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന് ശേഷമായിരുന്നു വധഭീഷണികൾ വരാൻ തുടങ്ങിയത്. ഈ പുസ്തകം ഇസ്ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. 1981ലെ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കർ പ്രൈസ് ജേതാവായ റുഷ്ദി. ഇന്ത്യൻ- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വർഷമായി യു.എസിലാണ് താമസിക്കുന്നത്.