- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2006ലെ നിയമസഭാ തെഞ്ഞെടുപ്പിനിടെ വിഎസിനെ കുരുക്കിട്ട് വീഴ്ത്തി കൊല്ലാൻ പിണറായി പക്ഷക്കാരനായ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം നടന്നു; സിപിഎമ്മിൽ പണാധിപത്യം വന്നത് തലശ്ശേരി ഉപതെരഞ്ഞെടുപ്പോടെ! ഈ പറഞ്ഞതിനെല്ലാം ബർലിൻ മാപ്പു പറയും; കണ്ണൂരിൽ ഇനി എത്തുമ്പോൾ പിണറായി നാറാത്തെ വീട്ടിലെത്തും
കണ്ണൂർ: പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബർലിൻ കുഞ്ഞനന്തൻ നായർ. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വി എസ്. അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാൻ കാരണം. പിണറായിയാണ് ശരിയെന്ന് ഇന്ന് തെളിഞ്ഞെന്നും ബർലിൻ പറയുന്നു. ഇതോടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശത്രുവെന്ന വിശേഷിപ്പിച്ച വ്യക്തിയും പിണറായിയുമായി അടുക്കുകയാണ്.
തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമർശനങ്ങൾ താൻ പിൻവലിച്ചിരുന്നു. പാർട്ടിയിൽ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോധം ഉണ്ട്. പാർട്ടി മെമ്പർഷിപ്പ് പുതുക്കി തന്നിരുന്നു. അതിലുള്ള നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണം, ബർലിൻ കുഞ്ഞനന്ദൻ നായർ പറഞ്ഞു. ഇനി കണ്ണൂരിൽ എത്തുമ്പോൾ ബെർലിനെ കാണാൻ പിണറായി എത്തും. എന്നാൽ ബെർലിൻ ഒപ്പം നിന്ന് പിണറായിയെ എതിർത്ത മറ്റ് ഇടതുപക്ഷക്കാർ കരുതലോടെയാണ് പ്രതികരിക്കുന്നത്.
പിണറായിയെ എല്ലാ വിധത്തിലും അനുകൂലിക്കുകയാണ് ഇപ്പോൾ ബർലിൻ. ''എനിക്ക് വയസ്സ് 96 കഴിഞ്ഞു. ഇപ്പോൾ രണ്ടുകണ്ണിനും കാഴ്ചയില്ല. എങ്കിലും ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. കാഴ്ചയില്ലെങ്കിലും ശബ്ദം കേൾക്കാമല്ലോ. എല്ലാം കഴിഞ്ഞു. പാർട്ടിയിൽ ഐക്യവും ശക്തിയും വന്നില്ലേ'', അദ്ദേഹം പറഞ്ഞു. ''സൂപ്പർ ബജറ്റാണ്. പിണറായി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നതിന് യാതൊരു സംശയവുമില്ല.''- അദ്ദേഹം വ്യക്തമാക്കി.
അസുഖബാധിതനായി കുറെക്കാലമായി നാറാത്തെ വീട്ടിലാണ് ബർലിൻ. മുൻപ് പിണറായി വിജയന്റെ രാഷ്ട്രീയ സമീപനത്തെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹത്തെ ബർലിൻ വിമർശിച്ചിരുന്നു. ബർലിൻ കുഞ്ഞനന്തൻ നായർ എന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സിപിഎം സഹയാത്രികൻ എഴുതിയ 'ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ പല ഭാഗങ്ങളും ഈ സ്പ്രിങ്‌ളർ വിവാദ കാലത്ത് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരുന്നു. മാതാ അമൃതാനന്ദമയിയുടെ കോയമ്പത്തൂരിലെ സ്വാശ്രയ കോളജിൽ പിണറായിയുടെ മകൾ വീണക്ക് പരീക്ഷപോലും എഴുതാതെ അഡ്‌മിഷൻ കിട്ടിയതിന്റെ ചരടുവലികൾ ഈ പുസ്‌കത്തിൽ പറയുന്നത് നേരത്തെ വാർത്തയായിരുന്നു. 'ഏകാധിപതികൾ അർഹിക്കുന്നത്'എന്ന പുസ്തകത്തിൽ വിഎസിനെ പിണറായി പക്ഷക്കാർ വധിക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള ഗുരതരമായ ആരോപണങ്ങളാണ് ബർലിൻ ഉന്നയിച്ചത്.
പഴയകാല പത്രപ്രവർത്തകനും കമ്മ്യൂണിസ്റ്റ് അനുഭാവിയുമാണ് ബർലിൻ കുഞ്ഞനന്തൻ നായർ. കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.1943 മെയ് മാസത്തിൽ ബോംബെയിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. കോൺഗ്രസ്സിൽ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചത് കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.പി. കൃഷ്ണപിള്ള, ഏ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ദീർഘകാലം ജർമ്മനിയിൽ നാട്ടിലെത്തിയ ശേഷം സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിൽ സജീവമാവുുകായിരുന്നു.പിണറായിയുടെ കടുത്ത വിമർശകനായ ബർലിനെ ഇതേതുടർന്ന സിപിഎം അംഗത്വത്തിനിന്ന് പുറത്താക്കിയിരുന്നു. ടി.പി ചന്ദ്ര ശേഖരൻ വധത്തിന് ശേഷം ആർഎംപി വേദിയിലും കുഞ്ഞനന്തൻ നിത്യ സാന്നിധ്യമായിരുന്നു.
എന്നാൽ 2014ൽ അദ്ദേഹം വീണ്ടും മലക്കം മറിയുകയും വിഎസിനെ തള്ളിപ്പറയുകും ചെയ്തു. ആർഎംപി കോൺഗ്രസിന്റെ ബി ടീമാണെന്നും, വിഎസിന് ആധികാരത്തോട് ആർത്തിയാണെന്നും പരസ്യമായി പ്രഖ്യാപിച്ചാണ് ബർലിൻ പാർട്ടിയിൽ തിരിച്ചെത്തിയത്. 2005 മാർച്ച് രണ്ടിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബർലിനെ പത്ത് വർഷക്കാലം പുറത്തു നിർത്തിയ ശേഷം 2015 മെയലാണ് തിരിച്ചെടുക്കുന്നത്.
മാപ്പു പറയുന്നത് പണാധിപത്യം വന്നത് തലശ്ശേരി ഉപതെരഞ്ഞെടുപ്പോടെ എന്നതടക്കമുള്ള ആരോപണങ്ങൾക്ക്
സിപിഎമ്മിൽ പണാധിപത്യം വന്നത് തലശ്ശേരി ഉപതെരഞ്ഞെടുപ്പോടെയാണെന്നാണ് ബർലിൻ വിവാദ പുസ്തകത്തിൽ പറയുന്നത്. '1996 മുഖ്യമന്ത്രി നായനാർ തലശ്ശേരി ഉപ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് മുതലാണ് വൻ പണക്കാർ പണം നിറച്ച സ്യൂട്ട് കേസുകളുമായി പാർട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എത്തിത്തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് ഉയർന്നതും ഇതേ കാലത്താണ്. നായനാർ പാർട്ടിക്കുള്ള ഫണ്ട് കൈ കൊണ്ട് തൊടില്ല. ഉപതെരഞ്ഞെടുപ്പിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയത് മറ്റുചില നേതാക്കളാണ്. കൂടുതലൊന്നും ഞാൻ പറയുന്നില്ല സിപിഎമ്മിനെ ഇന്ന് ബാധിച്ച ജീർണ്ണതയുടെ കളരി തലശ്ശേരി ആണ്. ഹൈന്ദവ ഫാസിസ്റ്റുകൾക്കെതിരെ മുഖാമുഖം പോരാടിയ രാജു മാസ്റ്ററുടെയും വാട്വതി വാസുവിന്റെയും കാലശേഷം ആണ് തലശ്ശേരിയിലെ സിപിഎമ്മിൽ പുതിയൊരു കമ്മീഷൻ പാർട്ടി രൂപപ്പെട്ടത്. ഇപ്പോൾ ഐസ്‌ക്രീം പാർലർ കേസിൽ കോടതി നടപടികൾ നേരിടുന്ന ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകൻ കെ ദാമോദരനെപോലെ പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിൽ ഒരാളാണ് റബ്‌കോ ചെയർമാൻ ഇ നാരായണൻ. ലാവലിൻ കമ്പനി ക്യാൻസർ ആശുപത്രി തുടങ്ങാൻ ഓഫർ ചെയ്തത് 100 കോടി രൂപയാണല്ലോ. എന്നാൽ കിട്ടിയത് നാമമാത്രമായ സംഖ്യ. കിട്ടിയ തുക എത്രയാണെന്ന് കൃത്യമായി എനിക്കറിയില്ല. ക്യാൻസർ ആശുപത്രിക്ക് പാരവയ്ക്കാൻ ഇ നാരായണൻ നടത്തിയ ശ്രമങ്ങൾ കൂടി പറയാതിരിക്കാൻ കഴിയില്ല.
തലശ്ശേരിയിൽ ഇ നാരായണൻ പ്രസിഡന്റായി ഒരു സഹകരണ ആശുപത്രിയിൽ പ്രവർത്തിച്ചുവരവേ, അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിൽ ഒരു സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ച് സഹകരണ ആശുപത്രിക്ക് നേരെ എതിർവശം ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ശ്രമം നടത്തുന്ന സമയം. ഇ കെ നായനാർ മെമോറിയൽ സൂപ്പർസ്‌പെഷ്യാലിറ്റി എന്ന നാമകരണം ചെയ്യാനും തീരുമാനിച്ചു. ആശുപത്രി കെട്ടിടത്തിന് തറക്കല്ലിടാൻ അന്നത്തെ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയെ ക്ഷണിക്കാനും തീരുമാനിച്ചു.എരഞ്ഞോളി പുഴയോരത്തെ ചതുപ്പുകൾ നികത്തിയും കണ്ടൽകാടുകൾ വെട്ടിനിരത്തിയുമാണ് സ്വകാര്യ ആശുപത്രി കെട്ടിട നിർമ്മാണത്തിന് സ്ഥലം ഒരുക്കിയത്. ഇതിനെതിരെ ശാസ്ത്രസാഹിത്യപരിഷത്ത് കാർ ആദ്യം രംഗത്തുവന്നെങ്കിലും പാർട്ടിനേതൃത്വം പരിഷത്തുകാരെ വിരട്ടിയോടിച്ചു.(ഇ നാരായണനെ മേലെ തലശ്ശേരിയിൽ കാക്ക പോലും പറക്കില്ല എന്നിട്ടല്ലേ പരിഷത്ത് ). തികച്ചും ദുരൂഹമായ സാഹചര്യത്തിൽ ചില നവ സമ്പന്നരെ മാത്രം ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നേതൃത്വത്തിൽ ഇ കെ നായനാരുടെ പേരിൽ ആശുപത്രി നിർമ്മിക്കുകയും ചെയ്യുന്നത് നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ ശ്രദ്ധയിൽപ്പട്ടു. നായനാരുടെ പേരിൽ ചില മുതലാളിമാർ ചേർന്ന് ആശുപത്രി നിർമ്മിക്കുമ്പോൾ പിണറായിയുടെ മാത്രം അനുമതി പോരല്ലോ.
നായനാരുടെ കുടുംബത്തിന്റെ അനുമതിയും വാങ്ങണം അല്ലോ. ഇ നാരായണൻ അത് ചെയ്തില്ല. തന്നെയും കുടുംബത്തെയും അനുമതിയില്ലാതെ മുന്മുഖ്യമന്ത്രി നായനാരുടെ പേരിൽ ചില സ്വകാര്യ വ്യക്തികൾ ചേർന്ന് ഇ നാരായണൻ റെ നേതൃത്വത്തിൽ ആശുപത്രി നിർമ്മിക്കുന്നതിന് എതിരെ ശാരദ ടീച്ചർ പാർട്ടി ജനറൽ സെക്രട്ടറി സുർജിത്തിന് പരാതി അയച്ചു. ഡൽഹിയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് ഫാക്‌സ് മുഖേന അയച്ച പരാതി ചോർന്ന് മാതൃഭൂമിക്ക് ലഭിക്കുകയും പത്രത്തിൽ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായി. അടിയന്തരമായും ആശുപത്രി കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ പാർട്ടി ജനറൽ സെക്രട്ടറി ഉത്തരവിടുകയും ചെയ്തു. കെട്ടിടത്തിന് നായനാരുടെ പേര് നൽകരുതെന്നും നിർദ്ദേശിച്ചു. 2004 ലാണ് സംഭവം. ആശുപത്രി ഇതുവരെ അവിടെ ഉയർന്നിട്ടില്ല പകരം ഒരു സൂപ്പർ മാർക്കറ്റ് കെട്ടിടം ഉയർന്നു. ആശുപത്രിയുടെ നിർമ്മാണം അടുത്തു തന്നെ ആരംഭിക്കുമെന്നും കേൾക്കുന്നു.'- ബർലിൻ എഴുതിയത് ഇങ്ങനെയാണ്.
ഈ പുസ്തകത്തിലെ മറ്റ് അധ്യായങ്ങളിലും ബർലിൻ പിണറായി അടക്കമുള്ള നേതാക്കളെ നിശിതമായി വിമർശിക്കുന്നുണ്ട്.പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസിൽ പൊതു ഖജനാവിന് നഷ്ടം വരുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഈ കേസിനെ നേരിട്ട രീതിയാകട്ടെ ബൂർഷ്വാ പാർട്ടി നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലായിരുന്നു വെന്നാണ് കമ്മ്യൂണിസ്റ്റ് ധാർമ്മികത എന്ന അദ്ധ്യായത്തിലെഴുതിയിരിക്കുന്നത്.
കച്ചവടക്കാരെയും, വൻകിട വിദേശ മുതലാളിമാരെയും വിവാദ വ്യവസായികളെയും പാർട്ടിയുമായി കൂട്ടി ചേർക്കുന്ന പ്രവണത കേരളത്തിലെ സി പി എമ്മിൽ വളരെ പ്രകടമാണ്. സിപിഎം ഒരു കമ്മീഷൻ പാർട്ടിയായി അധ:പതിച്ചുവെന്നാണ് ബർലിന്റെ ആരോപണം. ഏത് മാർഗവും ഉപയോഗിച്ച് പണം സമ്പാദിക്കുക എന്ന സ്വഭാവം നേതാക്കളിലും അണികളിലും വളരെ പ്രകടമായി കഴിഞ്ഞുവെന്നാണ് 2012ൽ മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കിയ പുസ്തകത്തിൽ പറയുന്നത്. പാർട്ടിക്ക് സംഭവിച്ച എല്ലാ ജീർണതകളെക്കുറിച്ചുള്ള തുറന്നെഴുത്താണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പാർട്ടി അംഗമായിരിക്കുന്ന കാലത്താണ് ഈ ആത്മകഥ 2004 മുതൽ 2005 വരെ മാതൃഭുമി വാരികയിൽ പ്രസിദ്ധീകരിച്ചത്. പല നേതാക്കളുടേയും മുഖം മൂടി വലിച്ചു കീറിയിട്ടുണ്ട്. പുസ്തകത്തിലെ ആരോപണങ്ങൾക്കും പരാമർശങ്ങൾകക്കും വിധേയരായ കണ്ണുരിലെ ജയരാജന്മാർ, പിണറായി വിജയൻ തുടങ്ങിയ നേതാക്കളാരും തന്നെ മാനനഷ്ടത്തിന് ബർലിനെതിരെ കേസു കൊടുക്കാൻ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
വിഎസിന് കൊല്ലാൻ പിണറായി പക്ഷം കരുനീക്കിയെന്നും ആരോപണവും ഇനി ഇല്ല
പിന്നീട് പുറത്തിറങ്ങിയ 'ഏകാധിപതികൾ അർഹിക്കുന്നത്' എന്ന പുസ്തകത്തിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ബർലിൻ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ അപായപ്പെടുത്താൻ സിപിഎം നേതാവ് ശ്രമിച്ചെന്നാണ് അദ്ദേഹം പറയുന്നത്. 2006ലായിരുന്നു സംഭവം. കണ്ണൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വിഎസിനെ അപായപ്പെടുത്താൻ യുവജന സംഘടനാ നേതാവ് ശ്രമിക്കുകയായിരുന്നു. അണികൾക്കിടയിലൂടെ നടന്നു നീങ്ങിയ വിഎസിനെ കുരുക്കിട്ട് വീഴ്‌ത്താനായിരുന്നു ശ്രമം. എന്നാൽ വിഎസിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഷാജഹാൻ സംഭവം കയ്യോടെ കണ്ടുപിടിച്ചു. ഇതിനെതിരെ പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഷാജഹാനും പ്രതികരിച്ചിരുന്നു.
'വേണ്ടത് വിഎസിന്റെ ജീവൻ തന്നെയോ' എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന അധ്യായത്തിലാണ് ബെർലിൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് യുവജന സംഘടനാ നേതാവായിരുന്ന ഇയാൾ ഇപ്പോൾ എംഎൽഎയും സംസ്ഥാന സമിതിയംഗവുമാണെന്നും പുസ്തകത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ