ദുബായ്: ലോകത്തെ ഏറ്റവും മികച്ച ടീച്ചറെ തിരഞ്ഞെടുത്തത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്ന് ലഭിച്ച 30,000 അപേക്ഷകളിൽനിന്നാണ്. കുട്ടികളെ ഫലപ്രദമായി പഠിപ്പിക്കാനായി 35 ഭാഷകൾ ഹൃദിസ്ഥമാക്കിയ ലണ്ടൻ നഗരത്തിലെ ഒരു സാധാരണ സ്‌കൂളിലെ ടീച്ചർ ജേതാവായപ്പോൾ അഭിമാനിക്കാൻ മലയാളിക്കുമേറെ. ലോകമെമ്പാടുമുള്ള മുഖ്യധാരാ പത്രങ്ങൾ വലിയ വാർത്തയാക്കിയ പത്തുലക്ഷം ഡോളറിന്റെ പുരസ്‌കാരം നൽകിയത് വർക്കി ഫൗണ്ടേഷൻ എന്ന മലയാളിയുടെ സ്ഥാപനം.

ഇന്നലെ ഈ പുരസ്‌കാരം ഓസ്‌കർ സ്‌റ്റൈൽ പരിപാടിയിൽവെച്ച് വിതരണം ചെയ്തപ്പോൾ യുഎഇ ഭരണാധികാരിക്കടുത്ത് നിൽക്കാൻ ഉണ്ടായിരുന്ന ഒരാൾ മലയാളി ആയിരുന്നു. വർക്കി ഫൗണ്ടേഷൻ ചെയർമാൻ സുനിൽ വർക്കി ഇതാദ്യമായല്ല ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകർക്ക് പുരസ്‌കാരമേർപ്പെടുത്തുന്നത്. നാലാമത് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പ്രൈസായിരുന്നു ഇത്തവണത്തേത്. പത്തുലക്ഷം ഡോളർ സമ്മാനത്തുകയുള്ള പുരസ്‌കാരം, അദ്ധ്യാപക മേഖലയിൽ ലോകത്തുതന്നെ ഏറ്റവും വലുതാണ്.

ബ്രെന്റിലെ ആൽപെർട്ടൺ കമ്യൂണിറ്റി സ്‌കൂളിലെ ആർട്ട് ആൻഡ് ടെക്‌സ്റ്റൈൽ ടീച്ചർ ആൻഡ്രിയ സഫിരാക്കൗവാണ് ആയിരക്കണക്കിന് അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ സ്‌കൂളിലെ വിവിധ നാട്ടുകാരായ കുട്ടികളുമായി സംവദിക്കുന്നതിന് 35 ഭാഷകൾ പഠിച്ച ആൻഡ്രിയ അദ്ധ്യാപകസമൂഹത്തിനാകെ മാതൃകയാണെന്ന് ജൂറി വിലയിരുത്തി. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമേഖലകളിലൊന്നായ ബ്രെന്റിൽ പ്രവർത്തിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികളേറെയും കുടിയേറ്റക്കാരുടെ മക്കളാണ്.

ദുബായിയിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഡെയ്‌ലി ഷോ അവതാരക ട്രെവർ നോവയായിരുന്നു ചടങ്ങിൽ അവതാരകയായി വന്നത്. ഹോളിവുഡ് താരം ചാർലിസ് തെറോൺ, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയ സെലിബ്രിറ്റികളും ചടങ്ങിനെത്തിയിരുന്നു. വേദിയിൽ, ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്രോഫിയും സമ്മാനത്തുകയും ആൻഡ്രിയക്ക് കൈമാറി. ഫോർമുല വൺ ചാമ്പ്യൻ ലൂയി ഹാമിൽട്ടണാണ് ട്രോഫി ദുബായ് ഭരണാധികാരിക്ക് നൽകിയത്.

കഴിഞ്ഞതവണ പുരസ്‌കാരം നേടിയത് കാനഡയിൽനിന്നുള്ള മാഗി മാക്‌ഡോണലായിരുന്നു. ഒറ്റപ്പെട്ട ഗ്രാമത്തിൽ ഗോത്രവർക്കാരായ കുട്ടികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ധ്യാപികയാണ് മാഗി. സമാനമായ രീതിയിൽ വിവിധ സംസ്‌കാരങ്ങളിൽനി്ന്നും ചുറ്റുപാടുകളിൽനിന്നുമെത്തുന്ന വിദ്യാർത്ഥികളാണ് ആൻഡ്രിയയുടെ സ്‌കൂളിലുമുള്ളത്. തന്റെ വിദ്യാർത്ഥികളിലേറെയും കടുത്ത വെല്ലുവിളികൾ അതിജീവി്ചചാണ് സ്‌കൂളിലെത്തുന്നതെന്ന് ആൻഡ്രിയ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

ആൻഡ്രിയയെ പുരസ്‌കാരലബ്ധിയിൽ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രസംഗവും വേദിയിൽ വീഡിയോയിൽ പ്രദർശിപ്പിച്ചു. തന്റെ വിദ്യാർത്ഥികൾക്കായി അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ആൻഡ്രിയക്ക് ഈ പുരസ്‌കാരം തീർച്ചയായും അർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകവൃത്തിയിൽ എത്രത്തോളം അർപ്പണമനോഭാവം വേണമെന്നതിന് മറ്റുള്ളവർക്ക് മാതൃകയാണ് ആൻഡ്രിയയെന്നും തെരേസ മെയ്‌ പറഞ്ഞു.

ലോകത്തേറ്റവും വിപുലമായ സ്വകാര്യ സ്‌കൂൾ ശൃംഖലയായ ജെംസ് എജ്യുക്കേഷന്റെ ചെയർമാനാണ് സുനിൽ വർക്കി. ഒരു ഡസനിലേറെ രാജ്യങ്ങളിലായി 130-ലേറെ സ്‌കൂളുകൾ അദ്ദേഹത്തിനുണ്ട്. വർക്കി ഗ്രൂപ്പ്, വർക്കി ഫൗണ്ടേഷൻ എന്നിവയുടെയും ചെയർമാനായ അദ്ദേഹം യുനെസ്‌കോയുടെ ഗുഡ്‌വിൽ അംബാസഡറുമാണ്.