തിരുവനന്തപുരം: ഒരു കാലത്ത് സർക്കാരിന്റെ ഖജനാവിലേക്ക് കോടികൾ ഒഴുക്കിയിരുന്ന ബിവറേജസ് കോർപറേഷന് ഇപ്പോൾ പറയാനുള്ളത് അനുദിനം വരുമാനം കുറഞ്ഞു വരുന്ന കണക്കു മാത്രം. നോട്ടു നിരോധനവും ഓരോ മദ്യക്കുപ്പിയിൽ മേലും ഈടാക്കി വരുന്ന ലാഭത്തിന്റെ തോതു കുറച്ചതും ബിവറേജസ് കോർപറേഷന് ലാഭം കുറച്ചപ്പോൾ വരുമാനത്തിലും കുത്തനെ ഇടിവാണ് നേരിടുന്നത്. വർഷം 130 കോടിയോളം രൂപമാണ് കോർപറേഷന് മിച്ചം കിട്ടിക്കൊണ്ടിരുന്നത്. ഈ സ്ഥാനത്ത് 2015-16 സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം കോർപറേഷന് ലാഭം കിട്ടയത് 35 കോടി മാത്രമാണ്. മുൻ സാമ്പത്തിക വർഷം ഇത് 151 കോടി രൂപയായിരുന്ന സ്ഥലത്താണ് അടുത്തവർഷം ലാഭം 35 കോടിയായി ചുരുങ്ങിയത്.

ഒരു വർഷം കൊണ്ട് ലാഭയിനത്തിൽ തന്നെ കോർപറേഷന് നേരിടേണ്ടി വന്നത 116 കോടി രൂപയുടെ ഇടിവാണ്. കോർപറേഷൻ ഉയർന്ന ലാഭം നേടിയിരുന്ന സമയത്താണ് മദ്യത്തിന്റെ വില കൂട്ടുന്നത്. മദ്യവില കൂട്ടുമ്പോൾ പൊതുവിപണിയിൽ വിലക്കയറ്റവും കച്ചവടം കുറയുന്നതും തടയാൻ കോർപറേഷൻ ലാഭമെടുക്കുന്നത് കുറയ്ക്കുകയായിരുന്നു. കൂടാതെ വിറ്റുവരവ് നികുതിയിൽ പകുതി മദ്യക്കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്നതും കോർപറേഷൻ നിർത്തലാക്കുകയായിരുന്നു. വിറ്റുവരവ് നികുതിയായി അഞ്ചു ശതമാനമാണ് കോർപറേഷൻ നൽകേണ്ടത്. ഇതിനു തുല്യമായ തുക മദ്യക്കമ്പനികളിൽ നിന്നും ഈടാക്കിയിരുന്നു. 2015 മുതൽ മദ്യക്കമ്പനികളിൽ നിന്നുള്ള നികുതി ഈടാക്കൽ നിർത്തുകയും ചെയ്തു. കേരളത്തിൽ കുടിയ•ാരുടെ എണ്ണം വർധിച്ചു വന്നിട്ടും കോർപറേഷന്റെ ലാഭം ഇടിയുന്നതിന് പ്രധാനകാരണം ഇവ രണ്ടുമാണ്.

നിലവിൽ 2015-16 വർഷത്തെ കണക്കുകൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. അതിനുശേഷമുള്ള കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കണക്കുകൾ ക്രമീകരിച്ചതിലും ഓഡിറ്റ് വിഭാഗം ആവശ്യപ്പെടുന്ന രേഖകൾ കൈമാറുന്നതിലും അപാകതയുണ്ടെന്ന് കാണിച്ചാണ് കണക്കുകൾ ഇതുവരെ പൂർത്തിയാക്കാത്തത്. നാളിതുവരെയായിരുന്നു ബിവറേജസ് കോർപറേഷനിലെ അക്കൗണ്ടിങ് സംവിധാനം പൂർണമായും കന്വ്യൂട്ടർവത്ക്കരിക്കാൻ സാധിച്ചിട്ടുമില്ല.

201-17 കാലയളവിലെ ഓഡിറ്റ് രണ്ടുമാസത്തിനകം പൂർത്തിയാകുമെന്ന് പറയപ്പെടുന്നു. ഇതുപ്രകാരം കോർപറേഷന് 70 കോടിയായിരിക്കും ലാഭമെന്നും വിശദീകരണമുണ്ട്. എന്നാൽ മദ്യകമ്പനികൾക്ക് 100 കോടിരൂപയ്ക്കുമേൽ കുടിശിക നൽകാനുണ്ട് എന്നകാര്യം മറച്ചുവച്ചാണ് കോർപറേഷൻ അതിന്റെ ലാഭക്കണക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

കോർപറേഷനെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു വസ്തുത കൂടിയാണ്. ഷോപ്പുകളുടെ വാടക. നിലവിൽ ഭാരിച്ച വാടകയാണ് നൽകേണ്ടി വരുന്നത്. പല സ്ഥലങ്ങളിലും മൂന്നിരട്ടി വാടക നൽകിയാണ് കെട്ടിടങ്ങൾ എടുത്തിട്ടുള്ളത്. ഈ വർഷം മാർച്ചിലെ കണക്കുപ്രകാരം ഷോപ്പുകളുടെ മാസ വാടകയിനത്തിൽ തന്നെ മൂന്നുകോടിയോളം നൽകേണ്ടി വരുന്നുണ്ട്. കൂടാതെ ജീവനക്കാരുടെ ശമ്പളയിനത്തിലും എട്ടു കോടിയിലധികം ചെലവു വരും. കെഎസ്ബിസി ജീവനക്കാർക്ക് 3.67 കോടിയും അബ്കാരി ജീവനക്കാർക്ക് 4.28 കോടിരൂപയും ഡെപ്യൂട്ടേഷനിൽ എത്തിയവർക്ക് പത്തുലക്ഷം രൂപയും നൽകണം. അതേസമയം മദ്യവില്പനയിൽ നിന്ന് 2016-17 കാലയളവിൽ 10,353 കോടി രൂപയും 2017-18 കാലയളവിൽ 11,024 കോടി രൂപയുമാണ് നികുതിയിനത്തിൽ നേടാനായത്.