- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ല്യുസിസി അവർക്ക് ഇഷ്ടമുള്ള ആളുകൾക്ക് നേരേ ഉയരുന്ന ആരോപണങ്ങൾ മൂടി വയ്ക്കുന്നു; വലിയ മാർക്കറ്റ് ഉള്ള നടന്മാർക്കും നിർമ്മാതാക്കൾക്കും എതിരെയുള്ളത് മാത്രം പുറത്തുവന്നാൽ പോരാ; കൂട്ടായ്മയ്ക്ക് നിലപാടില്ലായ്മ പ്രശ്നം; വിമർശനവുമായി ഭാഗ്യലക്ഷ്മി
കൊച്ചി: മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി ഡബ്ബിങ്ങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. സംഘടനയുടെ ഭാരവാഹികൾക്ക് ഇഷ്ടമുള്ള വ്യക്തികൾക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ മൂടിവെയ്ക്കാറുണ്ട് എന്ന് ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ചില കാര്യങ്ങളിൽ സംഘടനയ്ക്ക് നിലപാടില്ലായ്മയുണ്ട്. ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ താൻ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ സംഘടനയുടെ പല നിലപാടുകളിലും എതിർപ്പുണ്ടെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. എന്നാൽ അസൂയ മൂലമാണ് താൻ വിമർശിക്കുന്നത് എന്ന് പറയും. ഏതൊരു സംഘടനയും വ്യക്തിയും വിമർശനത്തിന് പത്രമാകണം എന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
'ഞാൻ ഡബ്ല്യുസിസിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ആ സംഘടനയിൽ ഇല്ലാത്ത കൊണ്ട് അസൂയ എന്ന് പറയും. അതിനാൽ പലപ്പോഴും പറയണം എന്ന് തോന്നിയ പല കാര്യങ്ങളും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ ഏതൊരു പ്രസ്ഥാനത്തിനും വ്യക്തിക്കും നേരെ വിമർശനം ഉണ്ടാകണം. ഡബ്ല്യുസിസിയിൽ ഇല്ലെങ്കിൽ പോലും ആ സംഘടന രൂപപെട്ടപ്പോൾ ഞാൻ ഏറെ സന്തോഷിച്ചിരുന്നു. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ. അതിനെ ഒരു സംഘടന എന്ന് പറയാൻ കഴിയില്ല. അത് ഒരു കൂട്ടായ്മയാണ്. ഒരുപാട് സ്ത്രീകൾക്ക് ധൈര്യം നൽകിയ ഒരു കൂട്ടായ്മ. പിൽകാലത്ത് അത് രജിസ്റ്റർ ചെയ്തു ഒരു സംഘടനയായി മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ഇപ്പുറവും അത് ഒരു കൂട്ടായ്മ മാത്രമായി നിൽക്കുന്നുഎനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും അവർ പിന്തുണയ്ക്കുന്ന അവർക്ക് ഇഷ്ടമുള്ള ആളുകൾക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ മൂടിവെയ്ക്കുന്നുണ്ട്. വലിയ മാർക്കറ്റ് ഉള്ള നടന്മാർക്കും നിർമ്മാതാക്കൾക്കും എതിരെയുള്ളത് മാത്രം പുറത്തുവന്നാൽ പോരല്ലോ. അവരുടെ പ്രതികരണം എന്നത് അവർക്ക് ഇഷ്ടമുള്ളവരുടെ കാര്യങ്ങളിൽ പ്രതികരിക്കേണ്ട എന്ന നിലപാടില്ലായ്മയുണ്ട്.
സൈബർ ആക്രമണത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അത് സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലെന്നും കേന്ദ്രത്തിൽ നിന്നുമാണ് തുടങ്ങേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ അതിര് വിടുന്ന ഭാഷാ പ്രയോഗത്തിന് എങ്കിലും നിയമം വേണമെന്നും അവർ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ