തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പല കഥകളും സിനിമാ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പേരിൽ ഇറങ്ങിയിട്ടുണ്ട്. ഇവരുടെ പട്ടികയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയ വ്യക്തിയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ഈ കലാകാരിയുടെ പേരിൽ ഒരു ശബ്ദരേഖയാണു വാട്‌സ്ആപ്പിലൂടെ ദിവസങ്ങളായി പ്രവർത്തിക്കുന്നത്. എന്നാൽ, നഷ്ടപ്രണയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ശബ്ദരേഖയിൽ ഉള്ളത് തന്റെ ശബ്ദമല്ലെന്നു ഭാഗ്യലക്ഷ്മി പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രണയം ഇങ്ങനെയല്ല എന്നു ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നത്.

ഒരു സ്ത്രീ അവരുടെ ആത്മസുഹൃത്തിനോട് നഷ്ടപ്രണയത്തെ കുറിച്ച് പറയുന്ന ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഭാഗ്യലക്ഷ്മിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ കൂടി ചേർത്താണ് ശബ്ദരേഖ പ്രചരിപ്പിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് പരിചയക്കാർ മെയിലിലും ഫോണിലും നേരിട്ടും ബന്ധപ്പെടുന്നതിനാൽ എല്ലാവർക്കും മറുപടി എന്ന രീതിയിലാണു ഫേസ്‌ബുക്കിൽ ഭാഗ്യലക്ഷ്മി വിശദീകരണ കുറിപ്പിട്ടത്.

സംഭാഷണത്തിലുള്ള സ്ത്രീയും പുരുഷനും ആരെന്നോ എന്തെന്നോ തനിക്കറിയില്ലെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. സിനിമാ മേഖലയിലുള്ളവർക്കെല്ലാം ഇത് തന്റെ ശബ്ദം അല്ലെന്ന് അറിയാം. സിനിമയ്ക്ക് പുറത്തുള്ളവരാണ് ഇത് പ്രചരിപ്പിക്കുന്നത്. താൻ അത്രയ്ക്ക് വിഡ്ഢിയല്ലാത്തതു കൊണ്ടും തന്റെ ശബ്ദം അല്ലാത്തതു കൊണ്ടുമാണ് സൈബർ സെല്ലിൽ പരാതി നൽകാനുള്ള ഉപദേശം അവഗണിച്ചത്.

തന്നെ സ്‌നേഹിക്കുന്നവർക്കും മനസ്സിലാക്കിയവർക്കും വിശ്വാസമുള്ളവർക്കും എന്നെയും എന്റെ ശബ്ദവും അറിയാം. ഇത്രയും സിനിമകൾക്ക് ശബ്ദം നൽകിയിട്ടും മലയാളികൾക്ക് എന്റെ ശബ്ദം തിരിച്ചറിയാൻ സാധിച്ചില്ലല്ലോ എന്ന സങ്കടമാണുള്ളത്.

ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞേ അടങ്ങൂ എന്ന മനോഭാവമുള്ളവർ ദയവായി ആ സംഭാഷണം മുഴുവനായി കേൾക്കുക. അതിൽ അവരുടെ പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ട്. കേട്ട് നിർവൃതിയടയുക സായൂജ്യം കൊള്ളുക. എന്നിട്ടും സംശയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. എന്റെ പ്രണയം ഇങ്ങനെയല്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ദയവായി ശ്രദ്ധിക്കുക കഴിഞ്ഞ കുറേ നാളുകളായി ഞാൻ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നം ഒരു ഫോൺ സംഭാഷണമാണ്..ഏതോ ഒരു സ്...

Posted by Bhagya Lakshmi on Tuesday, September 29, 2015