- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷം മാത്രം സൈനിക സേവനം; പതിനേഴര വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള 45,000 പേരെ സേനയിലേക്ക് എടുക്കും; നാല് വർഷം കഴിഞ്ഞാൽ ഇവരിൽ 25 ശതമാനം പേരെ മാത്രം നിലനിർത്തും; പുതിയ റിക്രൂട്ട്മെന്റ് പദ്ധതി 'അഗ്നിപഥിന്' രൂപം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ. നാല് വർഷത്തേക്ക് മാത്രം സൈന്യത്തിൽ ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്ന പദ്ധതിയുമായാണ് കേന്ദ്രസർക്കാർ രംഗത്തുവന്നത്. 'അഗ്‌നിപഥ്' എന്ന പേരിൽ സായുധ സേനകളുടെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതികൾക്കാണ് സർക്കാർ തുടക്കമിട്ടത്. പുതിയ പദ്ധതി അനുസരിച്ച് പതിനേഴര വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ളവരെ സൈന്യത്തിലേക്ക് എടുക്കും. ഇത്തരത്തിൽ 45,000 പേരെയാണ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുക. ഇവർ നാല് വർഷം മാത്രം സേവനം ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആറ് മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും ഇവരുടെ നിയമനം. 30,000- 40,000 ഇടയിലായിരിക്കും ശമ്പളം. ഇതിനൊപ്പം പ്രത്യേക അലവൻസുകളും അനുവദിക്കും. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഇവർക്കുണ്ടാകും. 'അഗ്‌നിവീർ' എന്നായിരിക്കും ഈ സൈനികർ അറിയപ്പെടുക.
നാല് വർഷം കഴിഞ്ഞാൽ ഇവരിൽ 25 ശതമാനം പേരെ മാത്രം നിലനിർത്തും. ഇവർക്ക് സാധാരണ സൈനികരായി ഓഫീസർ റാങ്കില്ലാതെ 15 വർഷം കൂടി സേനയിൽ തുടരാം. 11- 12 ലക്ഷം രൂപയുടെ പാക്കേജുമായി ഇവർക്ക് സൈന്യത്തിൽ നിന്ന് വിരമിക്കാം. പിന്നീട് യാതൊരു പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക് ഉണ്ടാകില്ല. പദ്ധതി വിജയിച്ചാൽ പ്രതിരോധ വാർഷിക ബജറ്റിൽ നിന്ന് 5.2 ലക്ഷം കോടി ലാഭിക്കാം.
ശമ്പള, പെൻഷൻ ബില്ലുകൾ വെട്ടിക്കുറയ്ക്കുന്നതിനും ആയുധങ്ങൾ അടിയന്തരമായി വാങ്ങുന്നതിനുള്ള ഫണ്ടുകൾ സ്വതന്ത്രമാക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ചരിത്രപരമായ തീരുമാനം എന്നാണ് പദ്ധതിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്. രണ്ടാഴ്ച മുൻപ് മൂന്ന് സേനാ തലവന്മാരും പ്രധാനമന്ത്രിയെ പദ്ധതി സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിരുന്നു. സൈനികകാര്യ വകുപ്പാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അഗ്‌നിവീർ സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കുമെന്ന് നാവികസേനാ മേധാവി അഡ്‌മിറൽ ആർ.ഹരികുമാർ അറിയിച്ചു. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
11 മുതൽ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വർഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവർക്ക് പെൻഷന് അർഹതയുണ്ടാവില്ല പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്. അതേസമയം ഇതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഒരു സൈനികനെ പരിശീലിപ്പിക്കാൻ തന്നെ വർഷങ്ങൾ എടുക്കമെന്നിരിക്കെ ഇത്തരത്തിലുള്ള നീക്കം സൈനികളുടെ മനോവീര്യം തകർക്കുമെന്നാണ് ഉയരുന്ന ആക്ഷേപം.
മറുനാടന് ഡെസ്ക്