ചാലക്കുടി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. എങ്കിലും രാഷ്ട്രീയ ഇടപെടൽ നടത്താനുള്ള അവസരങ്ങൾ കളഞ്ഞു കുളിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറല്ല. എങ്കിലും രാഷ്ട്രീയം കളിക്കാൻ അതിന്റേതായ വേദിയുണ്ടെന്നിരിക്കെ അനവസരത്തിലെ ഇടപെടൽ ആരെലും രോഷമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. അത്തരമൊരു സംഭവം അന്തരിച്ച പ്രിയ നടൻ കലാഭവൻ മണിയുടെ സംസ്‌ക്കാര ചടങ്ങിലും ഉണ്ടായി. കലാഭവൻ മണിയുടെ ജനപ്രീതിയെ മുതലെടുക്കാൻ വേണ്ടിയുള്ള ശ്രമവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതാണ് വിഷമകരമായ സംഭവം.

മണിയുടെ സംസ്‌ക്കാര ചടങ്ങിനിടെ ഒരു വിഭാഗം സംഘപരിവാർ അനുഭാവികൾ 'ഭോലോ ഭാരത് മാതാകീ ജയ്' വിളിയുമായി രംഗത്തുവന്നതാണ് സംസ്‌ക്കാര ചടങ്ങിൽ കല്ലുകടിയായത്. അദ്ദേഹത്തിന്റെ ഭൗതികദേഹം ചിതയിലേക്ക് എടുത്ത് തീകൊളുക്കുന്ന വേളയിലായിരുന്നു സംഭവം. ഒരു വിഭാഗം ആളുകൾ മണിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു രംഗത്തെത്തി. പിന്നീട് ഭോലോ ഭാരത് മാതാകീ ജയ് വിളികളുമായി ഇടയ്ക്കു കയറുകയായിരുന്നു. മണിയോടുള്ള സ്‌നേഹത്തിലുപരി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുകയും ടെലിവിഷൻ വഴി വീക്ഷിച്ച ചടങ്ങിൽ രാഷ്ട്രീയം കുത്തിത്തിരുകയായിരുന്നു ഇക്കൂട്ടർ. ഇതിൽ പലരും അതൃപ്തരാകുകയും ചെയ്തു.

നേരത്തെ ചാലക്കുടിയിൽ കലാഭവൻ മണിയുടെ ഭൗതികദേഹം സംഗീതനാടക അക്കാഡമിയിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചിരുന്നു. കലാ-സാംസ്കാരിക രംഗത്തുമുള്ളവരും നാട്ടുകാരുമുൾപ്പെടെ നിരവധിപ്പേർ മോർച്ചറി പരിസരത്തും അക്കാഡമിയിലും അന്ത്യാഞ്ജലിയർപ്പിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, നേതാക്കളായ ഇ പി ജയരാജൻ, സി എൻ മോഹനൻ, എ സി മൊയ്തീൻ, യു പി ജോസഫ്, കെ രാധാകൃഷ്ണൻ, ബേബി ജോൺ തുടങ്ങിയവർ ഇവിടെയെത്തി അന്തിമോപദാരം അർപ്പിച്ചു. അന്ത്യാഞ്ജലിയർപ്പിച്ചു.

മണിയുടെ മൃതദേഹം ഇവിടെ എത്തിച്ചത് മുതൽ എല്ലാ കാര്യങ്ങളും സിപിഐ(എം) ഏറ്റെടുത്താണ് നടത്തിയത്. പൊതുദർശനത്തിന് വച്ച അവസരത്തിൽ എല്ലാം നിയന്ത്രിക്കാൻ എത്തിയിരുന്നത് സഖാക്കളായിരുന്നു. റെഡ് വാളണ്ടിയേഴ്‌സാണ് തിരക്ക് നിയന്ത്രിക്കാനും മറ്റുമെത്തിയതും. പിണറായി അടക്കമുള്ളവർ പാർട്ടി അന്തിമോപചാരം അർപ്പിക്കുന്ന വിധത്തിൽ തന്നെ മണിക്ക് വിട നൽകി. പിന്നീട് വീട്ടുവളപ്പിൽ മൃതദേഹം എത്തിച്ചപ്പോൾ ഈങ്കിലാബ് സിന്ദാബാദ് വിളികളുമായി സിപിഐ(എം) പ്രവർത്തകരും ചടങ്ങിൽ നിറഞ്ഞു. സംസ്‌ക്കാര ചടങ്ങിൽ സിപിഐ(എം) പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തിയതോടയാണ് സംഘപരിവാർ അനുഭാവികളും മുദ്രാവാക്യം വിളിക്കുകയായിരുന്നു. മണിയുടെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ ഇവർ ഭോലോ ഭാരത് മാതാകീ ജയ് വിളിച്ചു. മണിക്ക് അനുകൂലമായും മുദ്രാവാക്യം വിളിക്കുകയായിരുന്നു.

തന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോട് ചേർന്നാണെന്ന് പരസ്യമായി പ്രഖ്യാപിച്ച താരമായിരുന്നു കലാഭവൻ മണി. സിപിഐ(എം) അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നതായുള്ള വാർത്തകൾ പല തവണ വന്നതുമാണ്. എന്നാൽ, ചാലക്കുടിയിലെ എല്ലാ ആവശ്യത്തിനും കക്ഷി രാഷ്ട്രീയം നോക്കാതെ രംഗത്തിറങ്ങിയിരുന്നു മണി. അതുകൊണ്ട് മണ്ഡലത്തിലെ കാര്യത്തിൽ അദ്ദേഹം രാഷ്ട്രീയം നോക്കാതെ രംഗത്തു നിന്നു. കോടിയേരി ബാലകൃഷ്ണന് വേണ്ടിയും ഇന്നസെന്റിന് വേണ്ടിയും വോട്ട് ചോദിച്ച് മണി എത്തിയിട്ടുണ്ടെന്നതും വാസ്തവമാണ് താനും. സിപിഐ(എം) അനുഭാവം കൂടുതൽ ഉണ്ടങ്കിലും പാർട്ടി മെമ്പർ ആയിരുന്നില്ല അദ്ദേഹം.

നേരത്തെ മണി മരിച്ചതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്തുകാരിയായ മൃണാളിന് സാരാഭായി മരിച്ച വേളയിൽ അനുശോചനം അറിയിക്കാത്ത മോദി മണിക്ക് വേണ്ടി ട്വീറ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കും ഇടയാക്കിയിരുന്നു. ഇതിന് ശേഷം ഇന്ന് സംസ്‌ക്കാര ചടങ്ങിനിടയിൽ നടന്ന രാഷ്ട്രീയക്കളിയിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കിടയിൽ അമർഷമുണ്ട്.