- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിധിൻ സുന്ദരനാണ്, രാജീവ് പാവവും;ഭാവനയുടെ കാമുകന്മാരുടെ കഥ
ചലച്ചിത്ര നടി ഭാവനയ്ക്ക് ഏറ്റവും വിദ്വേഷമുള്ള വാക്കുകളിൽ ഒന്നാണ് യുഎസ്സിലെ സോഫ്റ്റ്‌വെയർ എൻജിനീയർ. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നതിനാലും കെട്ടിച്ചു വിടാൻ പലരും ദൃതിവെയ്ക്കുന്നതിനാലും ഈ വാക്കു കേട്ട് ഞെട്ടുകയാണെന്ന് ഭാവന പറയുന്നു. കാരണം വളരെ നിസ്സാരം-ഈ അടുത്ത കാലത്ത് കേട്ട എല്ലാ മലയാളി നടിമാരുടെയും ഭർത്താക്കന്മാർ യുഎസിലെ സ
ചലച്ചിത്ര നടി ഭാവനയ്ക്ക് ഏറ്റവും വിദ്വേഷമുള്ള വാക്കുകളിൽ ഒന്നാണ് യുഎസ്സിലെ സോഫ്റ്റ്‌വെയർ എൻജിനീയർ. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നതിനാലും കെട്ടിച്ചു വിടാൻ പലരും ദൃതിവെയ്ക്കുന്നതിനാലും ഈ വാക്കു കേട്ട് ഞെട്ടുകയാണെന്ന് ഭാവന പറയുന്നു. കാരണം വളരെ നിസ്സാരം-ഈ അടുത്ത കാലത്ത് കേട്ട എല്ലാ മലയാളി നടിമാരുടെയും ഭർത്താക്കന്മാർ യുഎസിലെ സോഫ്റ്റ് വെയർ എൻജിനീയർ തന്നെ! അതുകൊണ്ട് അതേ പരീക്ഷണത്തിനു താൻ ഇല്ല എന്നാണ് ഭാവന പറയുന്നത്. ദിലീപ് ഷോയുടെ ഭാഗമായി ഇപ്പോൾ ലണ്ടനിൽ ഉള്ള നടി ഭാവന മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇതു വ്യക്തമാക്കിയത്.
'ഇതേക്കുറിച്ച് ലൊക്കേഷനുകളിൽ നല്ല ചർച്ചകൾ നടക്കും. സലിം കുമാർ ചേട്ടൻ പറയുന്നത് ഈ കെട്ടുന്നതെല്ലാം ഒരാൾ തന്നെയാണെന്നാണ്. വേഷം മാറി വന്ന് ഓരോരുത്തരെ കെട്ടിക്കൊണ്ട് പോവുകയാണെന്ന്. അതുകൊണ്ട് എന്റെ കല്ല്യാണം വരുമ്പോൾ ഞാൻ ആദ്യം ചോദിക്കും യുഎസ്സിലെ സോഫ്റ്റ് വെയർ എൻജിനീയറാണോ എന്ന്. എങ്കിൽ എനിക്ക് അതു വേണ്ടേ വേണ്ട. ഞാൻ ഒന്നു മാറ്റി പരീക്ഷിക്കാം.
- അപ്പോൾ ഭാവനയ്ക്ക് ഇതുവരെ ചെക്കനെ കിട്ടിയില്ലാ എന്നാണോ?
ഈ ചോദ്യത്തിന് ഭാവന ഉത്തരം പറയാൻ അൽപ്പം മടിച്ചു. മുഖ ഭാവത്തിൽ നിന്നു വ്യക്തം. ആരോ മനസ്സിൽ ഉണ്ട്. അതു വെറും പ്രണയം ആവണമെന്നില്ല. നിശ്ചയിച്ചു ഉറപ്പിച്ചത് തന്നെയാകാം. എന്നാൽ തൽക്കാലം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല എന്നു തന്നെ അർത്ഥം. 'എന്നു തീർത്ത് പറയാൻ പറ്റില്ല. സമയാസമയത്ത് ഒക്കെ ഉണ്ടാവും. ചെറു ചിരിയോടെ ഭാവന ഒഴിഞ്ഞു മാറി.
- ഗോസിപ്പുകളിൽ സ്ഥിരം പേരുണ്ടല്ലോ?
വാസ്തവത്തിൽ എനിക്കിപ്പോൾ ഗോസിപ്പ് കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. എന്തെങ്കിലും ഒക്കെ പറയട്ടേ. അതിൽ എനിക്ക് താൽപ്പര്യമേ ഉള്ളൂ. രാജീവ് പിള്ളയെ കുറിച്ചല്ലേ ഇപ്പോൾ കേൾക്കുന്നത്. അതിനു മുമ്പ് തെലിങ്ക് നടൻ നിധിൻ ആയിരുന്നു നായകൻ. രണ്ട് പേരും നല്ല ചുള്ളന്മാരാണ് അതുകൊണ്ട് എനിക്ക് ഒരു വിരോധവും ഇല്ല. രാജീവ് വെറും പാവം. നിധിൻ നല്ല സുന്ദരനും. അതുകൊണ്ട് ഇതൊക്കെ കേൾക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ഇനിയും പുതിയ കഥകൾ ഇവർ പറയട്ടേ.
ഒരു സിനിമ ഷൂട്ടിങിനിടയിലാണ് അച്ഛൻ വിളിച്ച് രാജീവ് പിള്ളയുടെ കഥ പറയുന്നത്. രാഷ്ട്ര ദീപിക സിനിമയിൽ ആയിരുന്നു ഇത് ആദ്യം വന്നത്. അമ്മയെക്കൊണ്ട് ഞാൻ ഒരു വാരിക വാങ്ങിപ്പിച്ചു. ക്രിക്കറ്റിൽ രാജീവ് പടുകൂറ്റൻ സ്‌കോർ ചെയ്യുമ്പോൾ ഭാവനയുടെ മുഖത്ത് മറ്റൊരിക്കലും ഇല്ലാത്ത ആവേശവും സന്തോഷം ആയിരുന്നു എന്നാണ് അവർ കണ്ടെത്തിയ തിയറി. എന്നാൽ അവൻ ഒരു റൺ പോലും എടുക്കാതെയാണ് അപ്പോഴും കളി നിർത്തിയത്. ഒരു പക്ഷേ ഞങ്ങളുടെ ടീമിലെ ഏറ്റവും മോശം സ്‌കോർ അവന്റെയാകും.
- തെലുങ്കിലും ഉണ്ടായിരുന്നില്ലേ ഇതു പോലെ ചില ഗോസിപ്പുകൾ?
തെലുങ്ക് ഹീറോ നിധിനുമായി ബന്ധപ്പെട്ടായിരുന്നു അത്. രണ്ട് മൂന്ന് വർഷമായി ഈ കഥ കേട്ടിട്ട്. നിധിനുമായി അഭിനയിച്ച ഒരു സിനിമയിൽ ഒളിച്ചോടി കല്ല്യാണം കഴിക്കുന്നുണ്ട്. ഒരു ബൈക്കിന് പിന്നിൽ ഇരുന്നാണ് നായകനൊപ്പം ഞാൻ കല്ല്യാണം കഴിക്കാൻ പോകുന്നത്. അതു വളരെ രസകരമായാണ് ഷൂട്ട് ചെയ്തത്. പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് പ്രത്യക്ഷപ്പെടുന്നതായും മറ്റും. അതുകൊണ്ട് ആരോ ഫോൺ വിളിച്ചു പറഞ്ഞു ഞാൻ നിധിനൊപ്പം ഒളിച്ചോടി രജിസ്റ്റർ ചെയ്‌തെന്ന്. അക്കാലത്ത് ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തു എന്ന തരത്തിൽ വാർത്തകൾ സ്ഥിരമായി വരുമായിരുന്നു.
- ഗോസിപ്പുകൾ കേട്ട് വിഷമം തോന്നാറില്ലേ?
ഒരിക്കലും ഇല്ല. എനിക്ക് ഒരു പരിധി വരെ ഇതൊക്കെ കേൾക്കുന്നത് ഇഷ്ടമാണ്. പറയട്ടേ, നല്ല ചുള്ളൻ ചെക്കന്മാരെ വെച്ച് പറയണം എന്നു മാത്രം.
- ആരൊക്കെയാണ് ഭാവനയുടെ സിനിമയിലെ കൂട്ടുകാർ?
അടുത്തിരുന്ന റിമി ടോമിയെ നുള്ളിപ്പറിച്ചുകൊണ്ട് ഭാവന പറഞ്ഞു 'ഇവൾ എന്റെ നല്ല ഫ്രണ്ടാണ്. സയനോരയും ഞാനും നല്ല സുഹൃത്തുക്കളാണ്. നടിമാരിൽ അടുപ്പം രമ്യാ നമ്പീശനോടും ഭാമയോടുമാണ്.
- സിനിമയിൽ എത്തിയതിനു ശേഷം ദു:ഖകരമായ അനുഭവങ്ങൾ ഉണ്ടോ?
മാന്യമായ പെരുമാറ്റമാണ് എനിക്ക് സാധാരണ ലഭിക്കാറ്. എന്നാൽ പ്രതിഫല കാര്യത്തിൽ പുലർത്തുന്ന ആവശ്യമില്ലാത്ത ബാർഗെയ്‌നും പ്രൊഫഷണലിസം ഇല്ലായ്മയും എന്നെ നിരാശപ്പെടുത്താറുണ്ട്. നടിമാർക്കും നടന്മാർക്കും രണ്ട് തരം നിയമം. നടന്മാർ ചോദിക്കുന്ന പണം ഒരു പ്രശ്‌നവുമില്ലാതെ കൊടുക്കും. നടിമാർക്ക് തരാൻ മടി. ഈ വിവേചനം മലയാളത്തിൽ മാത്രമാണ്. ഇതിൽ എനിക്ക് നിരാശയുണ്ട്.
ഭാവനയുമായി സംസാരിച്ചാൽ സംഭാഷണം ഒരിക്കലും തീരില്ല. എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉള്ള ഭാവനയുടെ മറുപടിത്ത് മുൻപിൽ വായാടിയായ റിമി ടോമി പോലും നിഷ്പ്രഭമാകും. ഭാവനയുമായുള്ള അഭിമുഖത്തിന് അവസരം ഒരുക്കി തന്ന സംഘാടകർ മീശ പിരിക്കാൻ തുടങ്ങിയതോടെ സംഭാഷണം അവസാനിപ്പിക്കുക ആയിരുന്നു. ഭാവനയുടെ സ്വാഭാവികമായ ഈ പെരുമാറ്റം സിനിമാക്കാർ ഒക്കെ മാതൃക ആക്കിയിരുന്നെങ്കിൽ.