കൊച്ചി: കോവിഡിന് ശേഷമുള്ള മലയാള സിനിമയിലെ ആദ്യ മെഗാ ഹിറ്റ് ദുൽഖർ സൽമാന്റെ കുറുപ്പായിരുന്നു. സുകമാരക്കുറുപ്പിന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ചു. കോവിഡിന്റെ ചെറിയൊരാശങ്കക്കാലം അതിനിടെ വന്നു. അപ്പോഴായിരുന്നു പ്രണവിന്റെ ഹൃദയമെത്തിയത്. പ്രേക്ഷകരുടെ ഹൃദയം ഈ വീനീത് ശ്രീനിവാസൻ ചിത്രം കവർന്നു. അതിന് ശേഷം മോഹൻലാലിന്റെ ആറാട്ടായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ ഈ മാസ് ചിത്രം മോഹൻലാൽ ഫാൻസുകാരെ തിയേറ്ററിൽ എത്തിച്ച് നേട്ടമുണ്ടാക്കി. ഇനി ഭീഷ്മപർവ്വത്തിന്റെ വരവാണ്. ഈ മമ്മൂട്ടി ചിത്രം മലയാള സിനിമയിലെ കോവിഡ് ഭീതികളെ എല്ലാം തകർക്കുമെന്നാണ് വിലയിരുത്തൽ.

പ്രണവിന്റെ ഹൃദയവും ദുൽഖറിന്റെ കുറുപ്പും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ആറാട്ടും സമാന നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. തിയേറ്ററിൽ നിന്ന് തന്നെ ആഗോള തലത്തിൽ 40 കോടിക്ക് മുകളിൽ ബിസിനസ്സ് ആറാട്ട് നേടിയിട്ടുണ്ട്. ഇപ്പോഴും തിയേറ്ററിൽ സജീവമാണ് ആറാട്ട്. ഇതിനൊപ്പം സാറ്റലൈറ്റ് റൈറ്റും മറ്റ് വരുമാനവും എല്ലാം കൂടുമ്പോൾ ആറാട്ട് സിനിമയും ലാഭം നേടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 35 കോടി ചെലവിൽ എടുത്ത ആറാട്ട് 15 കോടി വരെ നികുതിയും കഴിഞ്ഞ് നിർമ്മാതാവിന് ലാഭം നൽകുമെന്നാണ് വിലയിരുത്തൽ. ദുൽഖറിന്റെ കുറുപ്പും അമ്പതു കോടി ക്ലബ്ബിൽ കയറിയിരുന്നു. കോവിഡിന് ശേഷം എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. ഇതും വമ്പൻ വിജയമാകുമെന്നാണ് സിനിമാക്കാരുടെ പ്രതീക്ഷ.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് കിട്ടിയത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മാസ് ഡയലോഗുകളാണ് ട്രെയ്ലറിന്റെ ആകർഷണം.ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് 'ഭീഷ്മ പർവ്വം'. നാല് വർഷമായി ഒമർ ലുലു ചിത്രം 'ഒരു അഡാറ് ലവ്' കയ്യടക്കി വെച്ച റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു 'ഭീഷ്മ പർവം' ടീസർ. ഏറ്റവും കൂടുതൽ ലൈക്ക് നേടിയ മലയാള സിനിമാ ടീസർ എന്ന റെക്കോർഡായിരുന്നു കഴിഞ്ഞ നാലു വർഷമായി ഒരു അഡാർ ലവ് സ്വന്തമാക്കി വെച്ചിരുന്നത്. ഭീഷ്മ പർവം പുതിയ റെക്കോർഡിട്ട വിവരം സംവിധായകൻ ഒമർ ലുലു തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അന്തരിച്ച കെപിഎസി ലളിതയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, നദിയാ മൊയ്തു, നെടുമുടി വേണു, സുദേവ് നായർ, ഹരീഷ് ഉത്തമൻ, ലെന, അനസൂയ ഭരദ്വാജ്, ജിനു ജോസഫ്, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ് നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ഈ ചിത്രത്തിന് സിനിമാപ്രേമികൾക്കിടയിലെ കാത്തിരിപ്പ് എത്രയെന്ന് മനസിലാക്കാൻ ടീസറിനു ലഭിക്കുന്ന റിയാക്ഷനുകൾ ശ്രദ്ധിച്ചാൽ മാത്രം മതി. യുട്യൂബിൽ ഇന്നലെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യപ്പെട്ട ടീസർ 15 മണിക്കൂർ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളായിരുന്നു. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസർ റിയാക്ഷൻ വീഡിയോകൾ എത്തിയതും ഈ ടീസറിന് ആയിരുന്നു.

ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടർച്ചയായ 'ബിലാലാ'ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.

മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിന് റിലീസിന് മുൻപേ കോടികൾ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോർട്ട്. സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. ഭീഷ്മ പർവ്വത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഒ.ടി.ടി. അവകാശം ഡിസ്നി ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങൾക്ക് മാത്രമായി ഏതാണ്ട് 25 കോടി ഭീഷ്മ പർവ്വത്തിനു ലഭിച്ചെന്നാണ് വിവരം.