യോധ്യയിലെ രാമജന്മഭൂമിബാബറി മസ്ജിദ് പ്രശ്‌നം മതേതര ഇന്ത്യയ്ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളും കളങ്കവും ചില്ലറയല്ല. തുടർന്ന് സംഘപരിവാർ ബാബറി മസ്ജിദ് തകർത്തപ്പോൾ തകർന്ന് വീണത് ഇന്ത്യയുടെ പരമ്പരാഗതമായ മതേതരത്വത്തിന്റെ താഴികക്കുടങ്ങളായിരുന്നു.ഇപ്പോഴും ആ പ്രശ്‌നം പൂർണമായും തീർന്നിട്ടുമില്ല. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത് ഏത് സമയവും പുകയാൻ സാധ്യതയേറെയുമാണ്. ഇപ്പോഴിതാ സമാധാന പ്രേമികൾക്ക് ഞെട്ടലേകിക്കൊണ്ട് മറ്റൊരു പുരാതന സൗധവും ഇന്ത്യയുടെ മതേതരത്വത്തിന് ഭീഷണിയാകുമോയെന്ന ആശങ്ക ശക്തമായി വരുകയാണ്. മധ്യപ്രദേശിലെ ധർ ജില്ലയിലുള്ള ഭോജ്ശാല കോംപ്ലക്‌സിന്റെ പേരിലാണ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഇപ്പോൾ തർക്കം ഉടലെടുത്തിരിക്കുന്നത്.11ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പുരാതന സൗധമാണിത്. ഇവിടെ ബസന്ത് പഞ്ചമിയിൽ പ്രാർത്ഥിക്കാൻ ഹിന്ദുക്കൾക്കാണ് അധികാരമുള്ളത്. വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾക്കും ഇവിടെ പ്രാർത്ഥിക്കാം. എന്നാൽ രണ്ടും ഒരേ ദിവസം വരുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഈ ദിവസങ്ങളിൽ ആര് പ്രാർത്ഥിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇതേ വരെ സാധിച്ചിട്ടില്ല. ഇത്തരത്തിൽ മധ്യപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയത്തിന്റെ പേരിൽ ഉഗ്രൻ തർക്കമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ജില്ലാ ഭരണാധികാരികൾ നടപ്പിലാക്കിയ പഴയ ഒത്തു തീർപ്പ് വ്യവസ്ഥയനുസരിച്ച് ബസന്ത് പഞ്ചമിയിലെ ഉദയത്തിലും അസ്തമയത്തിലും ഹിന്ദുക്കൾക്കാണ് ഇവിടെ പ്രാർത്ഥിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഇതു പ്രകാരം വെള്ളിയാഴ്ച മുസ്ലീങ്ങൾക്കാണ് ഇവിടെ പ്രാർത്ഥിക്കാനുള്ള അധികാരം. എന്നാൽ ഈ ഫെബ്രുവരി 12ന് ഇത് രണ്ടും ഒരുമിച്ച് വരുന്നതാണ് ഇപ്പോൾ തലവേദനയായിരിക്കുന്നത്. രണ്ടു പക്ഷവും വിട്ട് വീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടം കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് ഒരു മിനി അയോധ്യയായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് ചിലർ ആശങ്കപ്പെടുന്നത്.

ഫെബ്രുവരി 12ന്റെ ബസന്ത് പഞ്ചമി നാളിൽ മുഴുവനായും ഭോജ്ശാലയിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുമെന്നും മുസ്ലീങ്ങളെ വെള്ളിയാഴ്ചത്തെ നിസ്‌കാരത്തിന് അനുവദിക്കില്ലെന്നുമാണ് കടുത്ത ഹിന്ദുവാദികൾ പറയുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഭോപ്പാൽ സർക്കിളിന്റെ വെബ്‌സൈറ്റ് പ്രകാരം ഈ സൗധം ഭോജ്ശാല ആൻഡ് കമാൽ മൗലാസ് മോസ്‌കാണ്. ഇത് യഥാർത്ഥത്തിൽ പരവാര രാജാവായ ഭോജ 11ാം നൂറ്റാണ്ടിൽ നിർമ്മിച്ച സരസ്വതി ക്ഷേത്രമാണെന്ന് വെബ്‌സൈറ്റ് പറയുന്നു. പിന്നീട് ക്ഷേത്രത്തിന്റെ ഘടനയിൽ നിന്ന് മോസ്‌ക് നിർമ്മിക്കുകയായിരുന്നുവെന്നും സൈറ്റ് വെളിപ്പെടുത്തുന്നു. സംസ്‌കൃതത്തിലും പ്രാകൃതിയിലും എഴുതിയ ചില കരിങ്കൽ പലകകൾ ഈ സ്മാരകത്തിന്റെ ഉള്ളിൽ കാണാം. ഭോജയുടെ കീഴിൽ ഭോജശാല എന്ന മഹത്തായ പാഠശാല നിലനിന്നിരുന്നുവെന്നും സൂചനയുണ്ട്. കലകളുടെയും സാഹിത്യത്തിന്റെയും കളിത്തൊട്ടിലായിരുന്നു ഇത്.

ഫെബ്രുവരി 12നോടനുബന്ധിച്ച് ഇരു വിഭാഗക്കാരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നുണ്ടെന്നാണ് ഒരു പൊലീസ് ഓഫീസർ പറയുന്നത്. പ്രദേശത്തെ ചില മുസ്ലിം നേതാക്കന്മാർക്ക് നേരെ അധികൃതർ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്നാണ് ഈ പ്രശ്‌നം ഇപ്പോൾ കൂടുതൽ ശക്തമായി ഉയർന്ന് വന്നിരിക്കുന്നത്. ഡിസംബർ 7ന് രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിന്റെ പേരിൽ സംസ്ഥാനത്തെ കോൺഗ്രസ് മൈനോറിറ്റി വിങ് പ്രസിഡന്റ് മുജീബ് ഖുറൈഷി, അദ്ദേഹത്തിന്റെ മകൻ കംറാൻ ഖുറൈഷി, എന്നിവരെയും ധർ സഹർ ഖ്വാസി വഖാർ സാദിഖിനും മുകളിലാണ് രാജ്യദ്രോഹം ചുമത്തിയിരിക്കുന്നത്. സംഭവത്തോടനുബന്ധിച്ച് മറ്റ് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും എന്നാൽ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. ജില്ലയിലെ 210,000 മുസ്ലീങ്ങളുടെ ആത്മീയാചാര്യനാണ് ഖ്വാസി. പ്രദേശത്തെ ഹിന്ദു നേതാക്കളുടെ താൽപര്യപ്രകാരമാണ് ഇവരെ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് മുസ്ലീങ്ങൾ ആരോപിക്കുന്നത്.2003ലും 2006ലും 2013ലും ഇതേ പോലുള്ള പ്രതിസന്ധി ഭോജ്ശാലയിൽ ഉണ്ടായിരുന്നു. ഫെബ്രുവരി 12ന്റെ പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ചർച്ചകൾ ഇവിടെ നടന്ന് വരുകയാണ്.