കോതമംഗലം: പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് അണക്കെട്ട് നവീകരിക്കുന്നു. കമ്മീഷൻ ചെയ്ത് അര നൂറ്റാണ്ടിന് ശേഷമാണ് അപകടസ്ഥിതിയിലായ അണക്കെട്ടിന്റെ തകരാറുകൾ പരിഹരിക്കുന്നതിന് നീക്കം ശക്തമായിട്ടുള്ളത്. ലോക ബാങ്ക് സഹകരണത്തോടെ 14.5 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണിപ്പോൾ കരാർ ആയിട്ടുള്ളത്.

ബാരേജ് ബലപ്പെടുത്തുന്നതിനോടൊപ്പം ഡാമിന്റെ പഴകിയ 15 ഷട്ടറുകളും മാറ്റി സ്ഥാപിക്കും. താലൂക്കിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഭൂതത്താൻകെട്ടിന്റെ സൗന്ദര്യവൽക്കരണവും അണക്കെട്ടിന്റെ നവീകരണത്തിനൊപ്പം നടപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് ജലസേചന വകുപ്പ് കർമ്മപദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

മദ്ധ്യകേരളത്തിൽ കൃഷി-ജലസേചന ആവശ്യത്തിനായി സംസ്ഥാന ജലസേചന വകുപ്പ്തയ്യാറാക്കിയ ഭൂതത്താൻകെട്ട് പദ്ധതി നാശത്തിന്റെ പടുകുഴിയിലെത്തിയിട്ട് വർഷങ്ങളായിരുന്നു. ജില്ലയിലെകിഴക്കൻ മേഖലയിലെ മുഖ്യ കുടിവെള്ള - ജലസേചന സ്റ്റോതസ്സുകൂടിയായ പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഡാം നവീകരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മാർച്ച് 1 ന് മന്ത്രി പി.ജെ.ജോസഫ് നിർവഹിക്കും.

ഇപ്പോൾ ആസൂത്രണം ചെയ്തിട്ടുള്ളത് ഡാം സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിമാത്രമാണെന്നും ഇതു കൊണ്ട് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഫലവത്താകില്ലന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ. പദ്ധതിയുടെ കേടുപാടുകൾ ഏറെക്കുറെ പരിഹരിക്കുന്നതിന് നൂറുകോടി രൂപയെങ്കിലും വേണമെന്നതാണ് നിലവിലെ സ്ഥിതി. ഈ വർഷം പദ്ധതിയുടെ അറ്റകുറ്റപ്പണികൾക്കായി നാമമാത്രമായ തുകയാണ് ജലസേചന വകുപ്പ് അനുവദിച്ചിട്ടുള്ളത്.

എറാണാകുളം ജില്ലയുടെ 80 ശതമാനത്തോളം പ്രദേശത്ത് കൃഷി-ശുദ്ധ ജല ആവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്ന ഈ പദ്ധതി അധികൃതരുടെ അവഗണനമൂലം നാമമാത്രമായി മാറിക്കഴിഞ്ഞു. ഇതുമൂലം പദ്ധതിയുടെ ഗുണഭോക്താക്കളായ ആയിരക്കണിന് പേരാണ് ദുരിതത്തിലായിരിക്കുന്നത്.

പദ്ധതിയുടെ കനാലുകൾ വഴിയുള്ള നീരൊഴുക്ക് പലസ്ഥലത്തും പേരിന് മാത്രമായി ചുരുങ്ങി.പൊട്ടിപ്പൊളിഞ്ഞ് മണ്ണ് മൂടിക്കിടക്കുന്ന കനാലുകൾ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ ചുരുങ്ങിയത് 100 കോടി രൂപയെങ്കിലും മുടക്കേണ്ടിവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത്രയും തുക മുടക്കാൻ ജലസേചന വകുപ്പ് തയ്യാറല്ലെന്നാണ് ഇതുവരെയുള്ള നടപടികളിൽ നിന്നും വ്യക്തമാവുന്നത്.അറ്റകുറ്റപ്പണികൾക്കായി വർഷംതോറും സർക്കാർ അനുവദിക്കുന്നത് തുക എസ്റ്റിമേറ്റ് തുകയുടെ നാലയലത്തുപേലും എത്തുന്നില്ലെന്നുള്ളതാണ് വാസ്തവം.ഈ വർഷം അനുവദിച്ചിട്ടുള്ളത് ഏഴ് കോടിരൂപയാണ്.പെരുംബാവൂർ ,ആലുവ ഡിവിഷനുകളിലെ മൊത്തം അറ്റകുറ്റപ്പണികൾക്കായിട്ടാണ് ഈ തുക വിനയോഗിക്കപ്പെടുക.ഇതിന്റെ പത്തിരട്ടി തുകയെങ്കിലുമുണ്ടെങ്കിലെ നാമമാത്രമായിട്ടെങ്കിലും കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ കഴിയു എന്നതാണ് നിലവിലെ സ്ഥിതി. കനാലിന് വിള്ളൽ വീണും പൊട്ടിയും മറ്റും സമീപ പ്രദേശങ്ങളിൽ വെള്ളം കയറി കൃഷി നശിക്കുന്ന സംഭവം പതിവായിട്ടുണ്ട്.

1967-ലാണ് പദ്ധതി കമ്മീഷൻ ചെയ്യുന്നത് . ഈ പദ്ധതിക്കായി ഹൈലെവൽ, ലോലെവൽ, ബ്രാഞ്ച് എന്നി വിഭാഗങ്ങളിലായി 850 കിലോമീറ്ററോളം കനാൽ തീർത്തിട്ടുണ്ട്. പെരുബാവൂർ, അങ്കമാലി, കാലടി, മലയാറ്റുർ,ആലുവ എന്നിവിടങ്ങളിൽ ശുദ്ധ ജലത്തിനും കൃഷി ആവശ്യത്തിനും വെള്ളമെത്തിക്കുന്നതിനും ലക്ഷ്യമിട്ടിള്ളതാണ് പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട്. പദ്ധതിക്കായി തീർത്തിട്ടുള്ള ഭൂതത്താൻകെട്ട് അണക്കെട്ട് സുരക്ഷഭീഷണിയിലായിട്ട് വർഷങ്ങൾ പിന്നിട്ടു. ഷട്ടറുകൾക്കുള്ള കേടുപാടുകൾക്ക് പുറമേ ഡാമിന്റെ തൂണുകൾക്കും ബലക്ഷയമുണ്ട്. തൂണുകളിൽ നിന്നും കോൺക്രീറ്റ് അടർന്നുപോകാൻ തുടങ്ങയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ പല തൂണുകളുടെയും അടിഭാഗത്തെ കരിങ്കൽ കെട്ട് ദൃശ്യമായിക്കഴിഞ്ഞു. കിഴക്കൻ മലയോരങ്ങളിൽ ഉരുൾപൊട്ടലോ കനത്തമഴയോമൂലം ഉണ്ടാവുന്ന അധികജലം ഒഴുകിയെത്തുന്നത് ഭൂതത്താൻകെട്ടിലേക്കാണ്.

ശരവേഗത്തിലൊഴുകിയെത്തുന്ന വെള്ളം ഡാമിന്റെ ഷട്ടറുകൾ തുറന്ന് ഒഴുക്കിക്കളയുകയാണ് പതിവ്. ഇത്തരത്തിൽ ഒഴുകിയെത്തുന്ന വെള്ളം ബലക്ഷയത്തിൽ നിലനിൽക്കുന്ന തൂണുകളിൽ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ഇത്തരത്തിൽ എത്രനാൾ ഡാം നിലനിൽക്കുമെന്ന കാര്യത്തിൽ പരക്കെ ആശങ്ക ഉയർന്നു കഴിഞ്ഞു. ഏതെങ്കിലും കാരണവാശാൽ ഡാം തകർന്നാൽ അത് വലിയ ദുരന്തമായിരിക്കുമെന്നകാര്യത്തിൽ രണ്ടു പക്ഷമില്ല. ഭൂതത്താൻകെട്ടിന് താഴേക്ക് മലാറ്റൂർ വരെയുള്ള തീരപ്രദേശത്തെ വസ്തുവകകളും കൃഷിയുമെല്ലാം അപ്പാടെ വെള്ളം കൊണ്ടുപോകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.