കൊൽക്കത്ത: ബുധനാഴ്ച വൈകിട്ട് ബംഗാളി വിനോദ വ്യവസായത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടിയും മോഡലുമായ ബിദിഷയുടെ ആത്മഹത്യ. നടി പല്ലവി ഡെ മെയ് 15 ന് ജീവനൊടുക്കിയതിന് പിന്നാലെ മറ്റൊരു മരണം കൂടി. ബിദിഷയുടെ മരണത്തിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയായിരുന്നു. ബുധനാഴ്ച രാവിലെ ഫേസ്‌ബുക്കിൽ തന്റെ പുതിയ ചിത്രം ഷെയർ ചെയ്ത മോഡൽ മണിക്കൂറുകൾക്കകം ജീവനൊടുക്കിയത് സുഹൃത്തുക്കളെ മാത്രമല്ല, പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കി. ആൺസുഹൃത്തുമായുള്ള ബന്ധം വഷളായതിനെ തുടർന്നാണ് ആത്മഹത്യ എന്നായിരുന്നു വാർത്തകൾ. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാകുന്നത് മറ്റൊരു ബംഗാളി മോഡലായ മഞ്ജുഷ്ശ്രീ നിയോഗിയുടെ ആത്മഹത്യയോടെയാണ്.

ബുധനാഴ്ച പുലർച്ചെ ബിദിഷ ഇട്ട ചിത്രം അവരുടെ സുഹൃത്തുക്കളിൽ ഒരാളുടേതായിരുന്നു. ഏതോ ഫോട്ടോ ഷൂട്ടിന് എടുത്ത ചിത്രം. ഫേസ്‌ബുക്ക് കവർ ഫോട്ടോയ്ക്ക് ലവ് യു ബോ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. പ്രിയതമേ നിന്നെ ഞാൻ സ്‌നേഹിക്കുന്നു എന്നാണ് ബംഗാളിയിൽ നിന്നുള്ള പരിഭാഷ. 2020 ൽ എടുത്ത ചിത്രം പെട്ടെന്ന് ഫേസ്‌ബുക്ക് കവറാക്കിയതിൽ സുഹൃത്തുക്കൾക്കും അദ്ഭുതം തോന്നിയിരിക്കണം.

വൈകിട്ടോടെ, 21 കാരി ഡംഡമിലെ നാഗർബസാറിലെ തന്റെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇവിടേക്ക് ബിദിഷ താമസം മാറിയിട്ട് ഒന്നരമാസമേ ആയിരുന്നുള്ളു. ബ്രൈഡൽ ഫോട്ടോഷൂട്ടുകളിലും മറ്റും, സുഹൃത്തായ മോഡലിന്റെ നെറ്റിയിൽ ബിദിഷ സിന്ദൂരം അണിയിക്കാറുണ്ടായിരുന്നു എന്നും സുഹൃത്തുക്കൾ ഇപ്പോൾ പറയുന്നു.

ബിദിഷയുടെ മരണത്തിന് പിന്നാലെയാണ് സുഹൃത്തും മറ്റൊരു ബംഗാളി മോഡലുമായ മഞ്ജുഷ്ശ്രീ നിയോഗിയും ജീവനൊടുക്കിയത്. കൊൽക്കത്തയിലെ പാട്ടുലിയിലെ വസതിയിലാണ് മഞ്ജുഷ്ശ്രീ തൂങ്ങിമരിച്ചത്. മൂന്നു ദിവസത്തിന്റെ ഇടവേളയിലാണ് സുഹൃത്തുക്കൾ ജീവിതം അവസാനിപ്പിച്ചത്. ഇരുവരും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറയുന്നു.

ബിദിഷ മരിച്ച ശേഷം മകൾ ആകെ വിഷമത്തിലായിരുന്നു. അവൾക്ക് അത് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. 'ബിദിഷയോടൊപ്പം താമസിക്കണമെന്ന് മകൾ എപ്പോഴും പറയും. ബിദിഷയെ കുറിച്ച് അവൾ എല്ലാ ദിവസവും എന്നോട് സംസാരിക്കും. ബിദിഷയുടേതു പോലെ നമ്മുടെ വീട്ടിലും മാധ്യമങ്ങൾ വരുമെന്ന് അവൾ എന്നോടു പറഞ്ഞു. അതിന് ഞാൻ അവളെ ചീത്ത പറയുകയും ചെയ്തു. പക്ഷേ അത് ആത്മഹത്യയുടെ സൂചനയാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.' അമ്മ പറയുന്നു. വിഷാദരോഗം അവളെ കീഴടക്കിയെന്നും മഞ്ജുഷ്ശ്രീയുടെ അമ്മഇന്ത്യാ ടുഡേയോട് പറഞ്ഞു. വെള്ളിയാഴ്‌ച്ച രാവിലെയാണ് മഞ്ജുഷ്ശ്രീ ആത്മഹത്യ ചെയ്തത്.

മഞ്ജുഷ്ശ്രീ കഴിഞ്ഞ വർഷം നവംബറിൽ വിവാഹിതയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ഭർത്താവ് രക്ഷപ്പെടുത്തുകയായിരുന്നു എന്ന് അമ്മ പറഞ്ഞു