തിരുവനന്തപുരം: പൊലീസ് തലപ്പത്ത് ആഭ്യന്തര വകുപ്പിന്റെ വൻ അഴിച്ചുപണി. മനോജ് എബ്രഹാമാണ് പുതിയ വിജിലൻസ് എഡിജിപി. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്നു മനോജ് എബ്രഹാം. കെ പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാർട്ടേഴ്സിന്റെ ചുമതല. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്നു കെ.പത്മകുമാർ.

ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബവറേജസ് കോർപറേഷന്റെ എംഡിയാക്കി. ബവറേജസ് കോർപറേഷന്റെ എംഡി സ്ഥാനം എഡിജിപി സ്ഥാനത്തിനു തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം.

ഷാജ് കിരൺ വിവാദത്തിൽ വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ എം.ആർ.അജിത്കുമാറിനെ വീണ്ടും സ്ഥലംമാറ്റി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എഡിജിപിയായിരുന്ന അദ്ദേഹത്തിന് ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിട്ടാണ് നിയമനം. സെക്യൂരിറ്റി ഐജിയായിരുന്ന തുമല വിക്രത്തെ നോർത്ത് സോൺ ഐജിയായി നിയമിച്ചു. നോർത്ത് സോൺ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും ബവ്‌റിജസ് കോർപറേഷൻ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായും നിയമിച്ചു.

കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെ സ്‌പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്‌പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് കോട്ടയം എസ്‌പിയാകും. കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി.നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡിഷനൽ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്‌പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മിഷണർ.

ഇടുക്കി എസ്‌പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്‌പിയായി നിയമിച്ചു. വയനാട് എസ്‌പി അരവിന്ദ് സുകുമാർ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റാകും. കോട്ടയം എസ്‌പിയായിരുന്ന ഡി.ശിൽപയെ വനിതാ സെൽ എസ്‌പിയായി നിയമിച്ചു. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡിഷനൽ എഐജി ആർ.ആനന്ദിനെ വയനാട് എസ്‌പിയായും നിയമിച്ചിട്ടുണ്ട്.