സമസ്തിപുർ: വീട് കത്തിയമരുമ്പോൾ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി വീട്ടിലേക്ക് കയറിയ രണ്ടു സ്ത്രീകളടക്കം നാലു പേർക്ക് അതിദാരുണ മരണം. ബീഹാറിലെ സമസ്തിപുരിൽ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഘോഷ് ലെയ്ൻ മേഖലയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

അടുത്തുള്ള വീട്ടിൽ വിവാഹത്തിനായിരുന്നു വീട്ടുടമസ്ഥൻ സുനിൽകുമാറും സഹോദരനും കുടുംബവും പോയത്. കല്യാണത്തിന് ശേഷം തിരിച്ച് വരുമ്പോളായിരുന്നു വീട് കത്തുന്നത് കുടുംബം കാണുന്നത്. നാട്ടുകാർ വിലക്കിയിട്ട് പോലും അനുസരിക്കാതെ വീട്ടിനകത്തെ വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി നാല് പേരും വീട്ടിലേക്ക് കയറുകയാണ് ചെയ്തത്.

എന്നാൽ ഇവർ സാധനങ്ങൾ എടുക്കുമ്പോഴേക്കും വീട്ടിലെ തീ വളരെ അധികം വർധിച്ചിരുന്നു. ഇവർ പുറത്തിറങ്ങാൻ ശ്രമിക്കുമ്പോഴും വീടിനെ തീ വിഴുങ്ങിയിരുന്നു.ആളിക്കത്തിയ തീയിൽ നിന്ന് പുറത്തുകടക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

മോട്ടോർ സൈക്കിൾ സ്‌പെയർപാർട്‌സ് കട നടത്തുന്ന വീട്ടുടമസ്ഥൻ സുനിൽകുമാർ എൻജിൻ ഓയിൽ വീടിനകത്ത് സൂക്ഷിച്ചിരുന്നതായും ഇതാവാം തീ കൂടുതൽ വേഗത്തിൽ ആളിപ്പടരാൻ ഇടയാക്കിയതെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തൻവീർ അഹ്മദ് പറഞ്ഞു. സുനിൽകുമാറും സഹോദരനും കുടുംബത്തിലെ രണ്ടു സത്രീകളുമാണ് മരിച്ചത്.