- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിലെ മദ്രസകളിൽ മത പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും; ആർട്‌സും സയൻസും ചേർത്ത് 'ആധുനിക-മുഖ്യധാര സിലബസ് സ്വീകരിച്ച് മദ്രസ വിദ്യാഭ്യാസ ബോർഡ്; നടപടി മറ്റുള്ള വിഷയങ്ങൾ കൂടി പഠിച്ചാലേ വിദ്യാർത്ഥികൾക്ക് മുന്നോട്ടുവരാൻ സാധിക്കൂ എന്നതിലാലെന്ന് അധികൃതർ; അറബി കൊണ്ടു മാത്രം പഠനം പൂർണ്ണമാവില്ലെുന്നും ബീഹാർ മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ
ന്യൂഡൽഹി: മതവിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും ചേർത്ത് നവീകരണത്ത് ഒരുങ്ങി ബിഹാറിലെ മദ്രസകൾ. ആർട്‌സും സയൻസും ഇനി ഇവിടെ പഠിപ്പിക്കും. ബിഹാർ മദ്രസ വിദ്യാഭ്യാസ ബോർഡ്. ഏപ്രിലിൽ ആരംഭിച്ച അക്കാദമിക് സെഷനിലാണ് 'ആധുനിക-മുഖ്യധാര സിലബസ്' ഉൾപ്പെടുത്താൻ മതീരുമാനിച്ചത്. എസ്.സി.ഇ.ആർ.ടിയുടെയും എൻ.സി.ഇ.ആർ.ടിയുടെയും പാഠപുസ്തകങ്ങൾ ഉൾപ്പെടുത്താനും പത്താം ക്ലാസിന് ശേഷം ആർട്‌സ്, സയൻസ്, കോമേഴ്‌സ് എന്നീ വിഭാഗങ്ങളിൽ ഏതെങ്കിലും തെരഞ്ഞെടുത്ത് പഠിക്കാൻ അവസരമൊരുക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ഇസ്ലാമിക പഠനങ്ങൾക്കൊപ്പം തന്നെ മറ്റുള്ള വിഷയങ്ങൾ കൂടി പഠിച്ചാലേ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഇന്നത്തെ ലോകത്തിൽ മുന്നോട്ടുവരാൻ സാധിക്കൂ എന്നും അതിനാലാണ് പുതിയ സിലബസ് ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബിഹാർ മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ അബ്ദുൾ ഖായും അൻസാരി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.'അറബി മാത്രം പഠിച്ചതുകൊണ്ട് പഠനം പൂർണ്ണമാവില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇസ്ലാമിക പഠനത്തോടൊപ്പം തന്നെ ഞങ്ങളുടെ വിദ്യാർത്ഥികൾ മറ്റെല്ലാ വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. അവർ ഈ ലോകത്തോട് മത്സരിച്ച് മുന്നോട്ടുവരേണ്ടവരാണ്. അതിനവർക്ക് ഇവയെല്ലാം പഠിച്ചേ തീരു.' അബ്ദുൾ ഖായിം അൻസാരി പറഞ്ഞു.
കേരളത്തിലെയടക്കം പോലെ മദ്രാസാ വിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസവും ഒന്നിച്ചുകൊണ്ടുപോകുന്ന രീതി ഇവിടെയില്ല. പ്രാഥമിക വിദ്യാഭാസം കഴിഞ്ഞാൽ കുട്ടികൾ സ്‌കൂളിൽ പോവാറില്ല. അതിനാൽ മദ്രസാ വിദ്യാഭ്യാസം മാത്രം കിട്ടുന്നവർ വല്ലാതെ പിറകോട്ട് അടിക്കയാണ് പതിവ്. ഇത് ഒഴിവാക്കാനാണ് പുതിയ നടപടി. യുനിസെഫിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ബിഹാർ മദ്രസകളിലെ 10,000ത്തിലേറെ അദ്ധ്യാപകർക്ക് പുതിയ സിലബസിൽ പരിശീലനം നൽകി. ഓൺലൈനായാണ് പരിശീലനം നൽകിയത്.
പുതിയ സിലബസിന്റെ അധ്യയന ഭാഷ ഉർദുവായിരിക്കും. എല്ലാ പാഠപുസ്തകങ്ങളും ഉർദുവിൽ ലഭ്യമാക്കുകയും ചെയ്യും. ഇതിനൊപ്പം ഇംഗ്ലിഷും ഹിന്ദിയും പ്രത്യേക വിഷയങ്ങളായി പഠിക്കാൻ അവസരമുണ്ടായിരിക്കുമെന്നും മദ്രസ ബോർഡ് അറിയിച്ചു. മുഴുവൻ സിലബസും വെബ്‌സൈറ്റിൽ ലഭ്യമാക്കിയതോടൊപ്പം വിദ്യാർത്ഥികൾക്ക് പാഠ്യഭാഗങ്ങൾ എളുപ്പത്തിൽ ലഭിക്കാനായി പുതിയ ആപ്പും മദ്രസ ബോർഡ് തയ്യാറാക്കിയിട്ടുണ്ട്.ബിഹാർ സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ളത് പോലെ തന്നെ പത്താം ക്ലാസ് വരെ മദ്രസ വിദ്യാർത്ഥികൾക്ക് എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളും അതിനുശേഷം പ്ലസ് ടുവിൽ എൻ.സി.ഇ.ആർ.ടിയുമായിരിക്കും സിലബസിലുണ്ടായിരിക്കുക. 1 മുതൽ 10 വരെയുള്ള കരിക്കുലത്തിൽ ഇസ്ലാമിക പഠനം നിലവിലെ രീതിയിൽ തുടരും.
ബിഹാർ മദ്രസ വിദ്യാഭ്യാസ ബോർഡിന് കീഴിൽ 4000 മദ്രസകളും 15 ലക്ഷത്തിലേറെ വിദ്യാർത്ഥികളുമുണ്ട്. നിലവിൽ ഓൺലൈനായാണ് ഈ വിദ്യാർത്ഥികൾക്കെല്ലാം ക്ലാസുകൾ നടത്തുന്നത്.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മദ്രസ ബോർഡുകളും കഴിഞ്ഞ വർഷങ്ങളിലായി സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളുടെയും മറ്റും സിലബസ് ഉൾപ്പെടുത്താൻ തുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മദ്രസ ബോർഡായ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് 2017 മുതൽ സി.ബി.സി.ഇ സിലബസിലാണ് പഠിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ