പട്ന: നിയമസഭയിൽ 'ജയ് ശ്രീറാം' എന്നുരുവിട്ടതിനെത്തുടർന്ന് വിവാദത്തിലായ ബിഹാർ മന്ത്രി ഖുർദ്ദിഷ് എന്ന ഫിറോസ് അഹമ്മദ് മാപ്പ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ ഇമാരത് ഷരിയാഹ് എന്ന സംഘടന അഹമ്മദിന് മേൽ ഫത്വ ചുമത്തിയിരുന്നു. തന്റെ പ്രവർത്തിയിലൂടെ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു എന്നാണ് അഹമ്മദ് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ജയ് ശ്രീറാം എന്നു പറഞ്ഞതിലൂടെ ഒരു മതത്തേയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എല്ലാവർക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ട്, അവരുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ഞാൻ ആളല്ല. എന്റെ പ്രവൃത്തി മതനിന്ദയായി തോന്നിയെന്ന് പറഞ്ഞ് ആരെങ്കിലും എന്നെ സമീപിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ അറിയിച്ചിരുന്നെങ്കിൽ ഞാൻ അതിന് കൃത്യമായ മറുപടി നൽകുമായിരുന്നു. സമൂഹമാണ് മനുഷ്യനെ ഹിന്ദുവും മുസ്ലീമും ഒക്കെയാക്കി മാറ്റുന്നത്, അതിനുപരി നമ്മളെല്ലാം മനുഷ്യരാണ്. ഏതെങ്കിലും മതത്തിന്റെ ആളായല്ല മനുഷ്യനായാണ് നമ്മൾ ജനിക്കുന്നത്' - അഹമ്മദ് വ്യക്തമാക്കി.

മറ്റാരോടും ആലോചിക്കാതെയുള്ള ഒരു കൂട്ടം ആളുകളുടെ തീരുമാനമാണ് ഈ ഫത്വ, ആരും എന്നോട് ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല - അഹമ്മദ് കൂട്ടിച്ചേർത്തു.ജയ് ശ്രീറാം മന്ത്രം ഉരുവിട്ട ഒരാൾക്ക് ഒരിക്കലും മുസ്ലിം വിശ്വാസിയായിരിക്കാൻ സാധിക്കില്ലെന്നും അതിനാലാണ് അഹമ്മദിന് ഫത്വ ഏർപ്പെടുത്തിയതെന്നും ഇമാരത് ഷരിയാഹ് സംഘടനയിലെ അംഗമായ മുഫ്തി സുഹൈൽ അഹമ്മദ് പറഞ്ഞു.