മുംബൈ: പീഡന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഇരയായ ബിഹാർ സ്വദേശിനി ബോംബെ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നേരത്തെ ഇക്കാര്യം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു കോവിഡ് ലോക്ഡൗൺ മൂലം പരിഗണിച്ചിരുന്നില്ല. ഇതിൽ അടിയന്തര നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. അടുത്ത ദിവസം തന്നെ യുവതിയുടെ അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.

കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ഈ വർഷം ആദ്യമാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് രണ്ടര വർഷം മുൻപ് ബോബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്.

2019 ജൂലൈയിൽ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീൽ ചെയ്ത കവറിൽ അത് കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഫലമാണ് പുറത്ത് വിടണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

ബിഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13നാണ് കോടിയേരി പുത്രനെതിരെ പീഡന പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ബിനോയ് കോടിയേരി വർഷങ്ങളോളം പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി.

തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛൻ ബിനോയ് കോടിയേരിയാണെന്നും ഇവർ വ്യക്തമാക്കിയിരുന്നു. കുട്ടിക്ക് പ്രായപൂർത്തിയായയെന്നും അതിനാൽ അച്ഛൻ ആരെന്ന് അവൻ അറിയണമെന്നുമാണ് യുവതി നിലപാട് എടുത്തത്. ഇതേ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്.

നേരത്തെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്. 2019 ജൂലൈ 29 ന് ബൈക്കുളയിലെ ജെജെ ആശുപത്രിയിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിച്ചു. മാസങ്ങൾക്ക് ശേഷം സീൽ ചെയ്ത കവറിൽ ഫലം കോടതിയിൽ സമർപ്പിച്ചിരുന്നു.

കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ കഴിഞ്ഞവർഷം ഡിസംബർ 15 ന് മുംബൈ പൊലീസ് അന്ധേരിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 678 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നരവർഷത്തിന് ശേഷമായിരുന്നു മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.