കട്ടപ്പന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പണം പീരുമേട് എംഎൽഎ ഇ.എസ് ബിജിമോളുടെ ഭർത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു എന്ന് ആരോപണം. ബിജിമോളുടെ ഭർത്താവ് പി.ജെ. റെജിക്കെതിരെ ഉപ്പുതറ കോതപാറ കപ്പാലുമൂട്ടിൽ കെ.എം. ജോണാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവിലേക്കായി വായ്‌പെടുത്ത് സംഘടിപ്പിച്ച 15 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയെന്നതാണ് ആരോപണം. പരാതിയിൽ പൊലീസ് അന്വേഷണം നടത്തും.

2016 ലാണ് കേസിനാസ്പദമായ സംഭവം. ഇതുസംബന്ധിച്ച് ജോൺ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. പീരുമേട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വഞ്ചനാകേസും ഫയൽ ചെയ്തതിനെ തുടർന്ന് കേസെടുത്ത് അന്വേഷിക്കാൻ പീരുമേട് സിഐയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജോണും ഭാര്യയും റെജിയുടെ ഏലപ്പാറയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്. 2016 മെയ്‌ 11ന് രേഖകൾ ജോണിൽ നിന്ന് ഒപ്പിടുവിച്ചു വാങ്ങി തെരഞ്ഞെടുപ്പ് ഫണ്ടിനായി ജോണിന്റെ പേരിലുള്ള 79.5 സെന്റ് സ്ഥലം ഏലപ്പാറ കേരള ഗ്രാമീൺ ബാങ്കിൽ റെജി പണയം വെച്ചു.

ലഭിച്ച തുക അതേ ബാങ്കിൽ ജോണിന്റെ പേരിൽ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് 13-ന് ബാങ്കിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജോൺ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന 15 ലക്ഷം രൂപ റെജി പിൻവലിച്ചെന്നറിഞ്ഞത്. ജോണിന്റെ വ്യാജ ഒപ്പിട്ട് ചെക്ക് നൽകിയാണ് തുക പിൻവലിച്ചതെന്നും അറിഞ്ഞു. റെജിയോട് പല തവണ പണം ചോദിച്ചെങ്കിലും മടക്കി നൽകിയില്ല. ബാങ്കിൽ വായ്പാ തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജോണിന് ജപ്തി നോട്ടീസും ലഭിച്ചു. ഇതോടെയാണ് പരാതിയുമായി എത്തിയത്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎ നേതാക്കൾ എന്നിവർക്ക് മുമ്പാകെ പരാതി നൽകി. എന്നാൽ അന്വേഷണം നടന്നില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കോടതിയിൽ വഞ്ചനാ കേസും ഫയൽ ചെയ്തു. മഞ്ചേശ്വരം എംഎൽഎ കമറുദ്ദീനെ തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണഅ പൊലീസിൽ പരാതി നൽകുന്നത്. അതുകൊണ്ട് തന്നെ ഈ കേസിൽ എന്തു നടപടിയുണ്ടാകുമെന്നത് രാഷ്ട്രീയ ചർച്ചകൾക്കും വഴിവയ്ക്കും.