കൊച്ചി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്ന് പറഞ്ഞ് യുവ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘത്തിന് പിന്തുണ നൽകിയെന്ന് സംശയിക്കുന്ന തൃക്കാക്കര മുൻ അസി. കമ്മിഷണർ ബിജോ അലക്‌സാണ്ടറെ അന്വേഷണസംഘം ചോദ്യം ചെയ്യും. അനധികൃത സ്വത്ത് കേസിൽ സസ്‌പെൻഷനിലാണ് ബിജോ.

കേസിലെ ഒന്നാം പ്രതിയായ സിപിഐ(എം) എറണാകുളം ജില്ലാ കമ്മിറ്റിയംഗവും കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ സക്കീർ ഹുസൈനെ ഇന്നലെയും പൊലീസിന് കണ്ടെത്താനായില്ല. സക്കീർ ഹുസൈൻ കഴിഞ്ഞ ദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

സക്കീറിനെതിരെ തത്കാലം നടപടി വേണ്ടെന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനത്തെ അടുത്ത നാലിന് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം ചോദ്യം ചെയ്യുമെന്നാണ് സൂചന.

വ്യവസായിയായ ജൂബി പൗലോസിനെ സിപിഐ(എം) കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുപറഞ്ഞ് വ്യവസായിയായ സാന്ദ്രാ തോമസിന്റെ ഭൂമിയും വീടും തട്ടിയെടുത്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ കറുകപ്പിള്ളി സിദ്ദിഖാണ് ജൂബിയെ കൂട്ടിക്കൊണ്ടു പോയത്. ഇയാളുടെ ജീവനക്കാരനെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

കേസിൽ എറണാകുളം കങ്ങരപ്പടിയിലുള്ള അക്‌സാ ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ഷീലാ തോമസാണ് മൂന്നാം പ്രതി. ഷീലയും ജൂബിയും തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് ഷീല കരാർ റദ്ദാക്കി. തൊട്ടുപിന്നാലെ ജൂബിയെ അന്ന് തൃക്കാക്കര അസി. കമ്മിഷണറായിരുന്ന ബിജോ അലക്‌സാണ്ടർ വിളിച്ചുവരുത്തി സ്ഥാപനത്തിൽ കയറരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഷീലയ്‌ക്കെതിരെ പരാതി നൽകിയതോടെ ബിജോ അലക്‌സാണ്ടർ ബലമായി തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും ജൂബി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ബിജോ അലക്‌സാണ്ടറെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) അവെയ്‌ലബിൾ ജില്ലാ സെക്രട്ടേറിയറ്റിലാണ് സക്കീറിനെതിരെ തത്കാലം നടപടി വേണ്ടെന്ന് തീരുമാനിച്ചത്. ഈ യോഗത്തിൽ വി എസ് പക്ഷ നേതാക്കൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇവർ അടുത്ത യോഗത്തിൽ നടപടി ആവശ്യപ്പെടുമെന്നാണ് വിവരം.