പേരാമ്പ്ര: ഉടുതുണി പോലും എടുക്കാൻ സമ്മതിക്കാതെ മുത്തൂറ്റ് ബാങ്ക് അധികൃതരാൽ ജപ്തി ചെയ്യപ്പെട്ട പേരാമ്പയിലെ കല്ലിങ്കൽ ബിജുവിന്റെ കുടംബം ഇപ്പോഴും കഴിയുന്നത് വീടിന്റെ വരാന്തയിൽ തന്നെ. രാത്രിയിലെ തണുപ്പിനെ അവഗണിച്ചും കുട്ടികൾ അടക്കം ഈ വരാന്തയിൽ തന്നെയാണ് കിടക്കുന്നത്. മുറ്റത്ത് ഒരു ഷീറ്റ് കെട്ടിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. പോകാൻ മറ്റൊരിടം ഇല്ലാത്തതിനാലാണ് അവർ ഇവിടെ തന്നെ കഴിയുന്നത്. വിഷയം അറിഞ്ഞതോടെ മുത്തൂറ്റ് ബാങ്കിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാരും വിഷയത്തിൽ ഇടപെട്ടതോടെ ജപ്തി നടപടി ഒഴിവാക്കി വീട് തിരിച്ചു നൽകാൻ 370000 രൂപ കൂടി അടച്ചാൽ മതിയെന്ന് ബാങ്ക് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് ഈ വിഷയത്തിൽ ഇടപെട്ടവരെ ബാങ്ക് അധികൃതർ ഈ വിവരം അറിയിച്ചത്.

സ്‌കൂളിൽ പോകുന്ന രണ്ട് വിദ്യാർത്ഥികളായ മക്കളും രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. രണ്ട് തണ ഹൃദയാഘാതം വന്ന വ്യക്തിയാണ് ബിജു. ഇപ്പോഴും മരുന്നു കഴിക്കുകയും ചെയ്യുന്നു. ഇതിന് തന്നെ നല്ലൊരു തുക ആവശ്യമായതിനാൽ എങ്ങനെ കുടുംബം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത ഉഴറുകയാണ് ഇവർ. അതുകൊണ്ട് തന്നെ 370000 രൂപ ഇവരെ സംബന്ധിച്ചിടത്തോളും ചിന്തിക്കാൻ പോലും കഴിയാത്ത തുകയാണ്. ബാങ്ക് അധികൃതർ ഇളവ് പ്രഖ്യാപിച്ചാലും തൽക്കാലം ഈ തുക സുമനസുകളുടെ സഹായം ഇല്ലാതെ അടയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.

ഇതിനിടെ സോഷ്യൽ മീഡിയയിൽ സജീവമായ ഷംസീർ അടക്കമുള്ളവർ കുടുംബത്തെ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. വീടുവെയ്ക്കാൻ മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നും എടുത്ത ലോണാണ് ഇവരെ കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിച്ചത്. വീടു വെയ്ക്കാൻ തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപ തികയാതെ വന്നതോടെയാണ് ബിജു മുത്തൂറ്റിൽ നിന്നും 2013ൽ 3.7 ലക്ഷം രൂപ കടം എടുത്തത്. പത്ത് വർഷത്തെ കാലാവധി വച്ചായിരുന്നു ലോൺ എടുത്തത്. പ്രതിമാസം 4800 രൂപയായിരുന്നു തിരിച്ചടവ്. അപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ആ തുക ബിജുവിനും കുടുംബത്തിനും ഒരു വലിയ ബാധ്യതയും ആയിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ബിജുവിനും കുടുംബത്തിനും ഉണ്ടായ ദുർവിധികളാണ് ഈ കുടുംബത്തെ കടക്കെണിയിൽ എത്തിച്ചെത്.

അസുഖവും വാഹനാപകടവും പിതാവിന്റെയും സഹോദരങ്ങളുടെയും മരണവും ബിജുവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകൾ തല്ലി കെടുത്തിയതോടെ ലോണിൻ 70,000 രൂപ മാത്രമാണ് ഇവർക്ക് തിരിച്ചടയ്ക്കാനായത്. ഇപ്പോൾ പലിശയടക്കം എട്ടു ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്കുകാർ പറയുന്നത്.

ലോൺ എടുത്ത കാലാവധി പൂർത്തിയാകാൻ അഞ്ചു വർഷം കൂടി ഉണ്ടെന്നിരിക്കെയാണ് സ്ഥാപനം ജപ്തി നടപടികളുമായി മുന്നോട്ട് പോയത്. 8.5 സ്ഥലത്താണ് ഈ വീട് ഇരിക്കുന്നത്. വീട് ബാങ്ക് കൈവശപ്പെടുത്തിയതോടെ ബിജുവും അമ്മയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം കേറി കിടക്കാൻ മറ്റൊരു ഇടമില്ലാതെ എന്തു ചെയ്യണമെന്ന് അറിയാതെ പ്രയാസപ്പെടുകയാണ്.

പട്ടികജാതിയിൽപ്പെട്ട ബിജു ഹൃദ്രോഗിയാണ്. പട്ടികജാതിക്കാരൻ എന്ന നിലയ്ക്ക് സർക്കാർ പതിച്ചു കൊടുത്ത സ്ഥലത്താണ് ബിജു വീടുവെച്ചത്. സ്‌കൂൾ വിദ്ധ്യാർത്ഥികളായ മക്കളുടെ യൂണിഫോം അടക്കം വീടിനുള്ളിലാണ്. അടച്ച തുകയ്ക്ക് പുറമേ എട്ടു ലക്ഷം രൂപ കൂടി അടക്കണം എന്നാണ് മുത്തൂറ്റുകാർ പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ഇളവു വരുത്തനാണ് ബാങ്ക് അധികൃതർ ഇപ്പോൾ തയ്യാരായത്. സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തിന് രക്ഷയുള്ളൂ. ബിജുവിന്റെയും ഭാര്യയുടെയും പേരിൽ ഉള്ള ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച് സഹായിക്കാൻ അഭ്യർത്ഥിച്ച സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുണ്ട്.

ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ:

Ac no.32794467643
Ifsc. SBIN0003995
SHEELAJA &BIJU K
SBI PERAMBRA