- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കോച്ചൻ-ബിജു മേനോൻ ഇക്വേഷൻ രൂപപ്പെട്ടത് എങ്ങനെ? സംയുക്ത സിനിമ വിട്ടതെന്തിന്? ബിജു മേനോന് പറയാനുള്ളത്
അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നാണ് കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ട്. ഓർഡിനറിയുടെ വിജയത്തോടെയാണ് ഈ കൂട്ടുകെട്ട് മലയാള സിനിമാലോകത്തെ ഭാഗ്യസഖ്യമായത്. വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്‌സി'ലും പ്രധാന കഥാപാത്രങ്ങളുടെ റോളിൽ ഈ രണ്ടു താരങ്ങളുണ്ടായിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ വിജയിക്കുകയും ചെയ്തു. ഇതിന് പിന്നാ
അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നാണ് കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ട്. ഓർഡിനറിയുടെ വിജയത്തോടെയാണ് ഈ കൂട്ടുകെട്ട് മലയാള സിനിമാലോകത്തെ ഭാഗ്യസഖ്യമായത്. വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്‌സി'ലും പ്രധാന കഥാപാത്രങ്ങളുടെ റോളിൽ ഈ രണ്ടു താരങ്ങളുണ്ടായിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ വിജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 'ഓർഡിനറി'യെത്തിയത്. ബിജുവിന്റെ പാലക്കാട്ടുകാരൻ ഡ്രൈവർ സുകുവിനെയും ചാക്കോച്ചന്റെ കണ്ടക്ടർ ഇരവിക്കുട്ടൻപിള്ളയെയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
തുടർന്ന് ഇരുവരും ഒന്നിച്ച റോമൻസും സൂപ്പർ ഹിറ്റായി. ഓർഡിനറിയുടെ സംവിധായകൻ സുഗീതിന്റെ അടുത്ത ചിത്രം '3 ഡോട്‌സ്' പക്ഷേ, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ ഇരുവരും പിരിഞ്ഞെന്നും ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണെന്നും അപവാദങ്ങൾ പ്രചരിച്ചു. ജോണി ആന്റണിയുടെ 'ഭയ്യാ ഭയ്യാ'യിലൂടെ വീണ്ടുമെത്തി ഈ കൂട്ടുകെട്ട് ഇതിനെല്ലാം മറുപടിയേകി. ഇനിയും ഇവർ ഒന്നിക്കുന്ന പ്രോജക്ടുകൾ ഒരുങ്ങുകയാണ്.
എന്താകും ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യം? ഈ സൗഹൃദത്തിന്റെ ആഴമെത്രയാണ്? പേരറിയാത്തവരിൽ സുരാജ് ചെയ്യേണ്ടിയിരുന്ന വേഷം ബിജുവിൽ നിന്ന് എന്തിനാണ് തട്ടിത്തെറിപ്പിച്ചത്? ഇവയ്‌ക്കെല്ലാമിതാ ബിജു മേനോൻ മറുപടി പറയുന്നു. 'കന്യക'യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തലുകൾ.
ചാക്കോച്ചനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ബിജു പറയുന്നതിങ്ങനെയാണ്: ''ആറുവർഷം മുമ്പാണ് ഞങ്ങളുടെ ആത്മബന്ധം തുടങ്ങുന്നത്. അതൊരു ചെറിയ കഥയാണ്. എന്റെ ജ്യേഷ്ഠന്റെ മോളുടെ സ്‌ക്കൂളിൽ ഒരു പരിപാടി ഉദ്ഘാടനം െചയ്യാൻ ഒരു സിനിമാ നടനെ വേണം. സിനിമാക്കാരനായ നടനെ കണ്ടുപിടിക്കാനുള്ള ചുമതല എന്റെ തലയിലായി. അങ്ങനെ ആ സ്‌ക്കൂളിലെ പരിപാടി ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് ഞാൻ ആദ്യമായി ചാക്കോച്ചനെ ഫോൺ നമ്പർ തിരക്കിപ്പിടിച്ചെടുത്ത് വിളിക്കുന്നത്. ഞാൻ വിളിച്ച ഉടനെ ചാക്കോച്ചൻ ഏറ്റു. പരിപാടി ഉദ്ഘാടനം ചെയ്ത അന്നു തുടങ്ങിയ ബന്ധമാണ് സീനിയേഴ്‌സ് എന്ന ചിത്രത്തിലെത്തിക്കുന്നത്. ആ ചിത്രത്തിലാണ് ഞാനും ചാക്കോച്ചനും ആദ്യമായി നായകജോടികൾ ആകുന്നത്. പിന്നീട് സ്പാനീഷ്മസാല, ഓർഡിനറി, റോമൻസ്, മല്ലുസിങ്, ഭയ്യാ ഭയ്യാ തുടങ്ങിയ ചിത്രങ്ങളിൽ നായകജോടികളായി.''
പരസ്പരം നന്നായി അറിയാം എന്നതാണ് തങ്ങളുടെ സൗഹൃദത്തിന്റെ കെട്ടുറപ്പ് എന്ന് ബിജു മേനോൻ പറയുന്നു: ''ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആദ്യ രഹസ്യമെന്നത് ഞങ്ങളെ ഞങ്ങൾക്ക് നന്നായി അറിയാം എന്നതാണ്. പരസ്പരം തിരിച്ചറിയുന്നതാണ് ഏത് സൗഹൃദത്തിന്റെയും വിജയം. പരസ്പരം ഈഗോ, അസൂയ ഒന്നുമില്ല. എല്ലാം തുറന്നുപറയുന്നു. ഒന്നും മറച്ചുവയ്ക്കില്ല. സംവിധായകരുടെ നിർദ്ദേശത്തിനനുസരിച്ച് കിട്ടുന്ന വേഷങ്ങൾ നന്നായി ചെയ്യുന്നു. എന്റെ കഥാപാത്രമാണ് മികച്ചത്, നിന്റേത് ചെറിയ കഥാപാത്രമാണ് എന്നുള്ള ഒരു കുശുമ്പും കുന്നായ്മയും ഞങ്ങൾക്കിടയിലില്ല.
ഞങ്ങളുടെ സൗഹൃദം ഞങ്ങളുടെ വീട്ടുകാർ തമ്മിലും ഉണ്ട്. എല്ലാ കാര്യവും ചർച്ച ചെയ്യാറുണ്ട്. വളരെ സന്തോഷത്തോടെയാണ് രണ്ടു കൂട്ടരും കഴിയുന്നത്. എന്തായാലും ഇതുവരെയുള്ള സൗഹൃദത്തിന് ദൈവാനുഗ്രഹത്താൽ മുറിവുകൾ ഒന്നും കൂടാതെ ഭംഗിയായി പോകുന്നു.''
താരദാമ്പത്യങ്ങൾ ഉലയുന്ന വാർത്തകൾ ഉയരുമ്പോഴും അതിലൊന്നും പിടികൊടുക്കാതെ മുന്നോട്ടുപോകുന്ന താരജോടികളാണ് ബിജു മേനോനും സംയുക്ത വർമയും. തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് ബിജുവിന്റെ വാക്കുകൾ: ''ഞങ്ങളുടെ ദാമ്പത്യത്തിൽ വലിയ രഹസ്യമൊന്നുമില്ല. പരസ്പര ധാരണയോടെ കഴിയുന്നു. പിന്നെ താരങ്ങളുടെ വിവാഹമോചനം കൂടുതലാവുന്നുണ്ട്. അതിനെല്ലാം അതിന്റെതായ കാരണങ്ങളും ഉണ്ടാകാം. എല്ലാം വിധി എന്നു വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരുടെ ദാമ്പത്യത്തെക്കുറിച്ച് നമ്മൾ അഭിപ്രായം പറയുന്നത് ശരിയല്ല. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ശരിയും തെറ്റും ഉണ്ടാകും.''
ഭാര്യയുടെ പിന്തുണ തന്നിലെ നടന്റെ വളർച്ചയിൽ ഏറെ സഹായിച്ചിട്ടുണ്ടെന്നും ബിജു പറയുന്നു. ''സംയുക്തയുടെ വലിയ പിന്തുണയാണ് എന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം. സംയുക്ത നല്ല സപ്പോർട്ടാണ് എനിക്ക് നൽകുന്നത്. സിനിമയിലെ എന്റെ വളർച്ചയ്ക്ക് പ്രധാനകാരണവും ഭാര്യ തന്നെയാണ്. കാരണം വീടിന്റേതായ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്. എന്റെ തിരക്കുമൂലം അതെല്ലാം നിറവേറ്റുന്നത് സംയുക്തയാണ്. ഒരു കാര്യത്തിലും എന്നെ വിഷമിപ്പിക്കാതെ വീട്ടിലെ കാര്യങ്ങൾ സംയുക്ത തന്നെയാണ് ചെയ്യുന്നത്. അത് വലിയ അനുഗ്രഹമാണ്.
മകന്റെ പഠനവും എല്ലാം ഭാര്യയാണ് നിറവേറ്റുന്നത്. അതിൽ സന്തോഷം മാത്രമാണ് എനിക്കുള്ളത്. സംയുക്ത നൽകുന്ന സപ്പോർട്ടുകൊണ്ട് മാത്രമാണ് എനിക്ക് സന്തോഷത്തോടെ സിനിമയിൽ തുടരാനാകുന്നത്.''
സംയുക്തയും സിനിമയിലേക്ക് തിരികെയെത്തുമോ? മഞ്ജു വാര്യർ, ശോഭന തുടങ്ങിയ നടിമാരൊക്കെ മികച്ച കഥാപാത്രങ്ങളുമായി സിനിമയിലേക്ക് തിരികെയെത്തി. സംയുക്തയെ സിനിമയിലേക്ക് വരാൻ ബിജു പ്രോത്സാഹിപ്പിക്കുമോ? എന്താണ് ബിജു പറയുന്നതെന്ന് കേൾക്കാം: ''പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. സംയുക്ത ഇനി സിനിമയിൽ അഭിനയിക്കില്ലായെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല, ശപഥവും ചെയ്തിട്ടില്ല. വിവാഹശേഷം സിനിമ വേണ്ട എന്നു തീരുമാനിച്ചത് സംയുക്ത തന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്വവും മകന്റെ കാര്യങ്ങളും കൂടി വന്നപ്പോഴാണ് സിനിമാ അഭിനയം നിർത്തിയത്.
സംയുക്ത സിനിമയിൽ വരുന്നതിൽ ഒരിക്കലും ഞാൻ എതിര് നിന്നിട്ടില്ല. സംയുക്ത തന്നെയാണ് സിനിമ വേണ്ടെന്നുവച്ചത്. ഇനി അവർക്ക് താൽപര്യമുണ്ടെങ്കിൽ തിരിച്ചുവരാം അതെല്ലാം സംയുക്തയുടെ നിലപാടുകളുടെ ഭാഗമാണ്.''
സംവിധായകൻ ഡോ. ബിജുവിനെ എറണാകുളം നഗരത്തിൽ മണിക്കൂറുകളോളം കാത്തുനിർത്തി എന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്ന് ബിജു മേനോൻ പറയുന്നു. എന്താണ് അക്കാര്യത്തിൽ യഥാർഥത്തിൽ സംഭവിച്ചത്?
''ഡോ. ബിജുവിന്റെ അഭിമുഖം ഞാനും വായിച്ചതാണ്. ഞാൻ മനഃപൂർവ്വം ചെയ്തതല്ല. ആ സംഭവത്തിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഒരിക്കലും അങ്ങനെ ഒരാളെ വിഷമിപ്പിക്കാൻ ഒന്നും ചെയ്യാറില്ല.
ഞാൻ അന്ന് എറണാകുളത്ത് ഒരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഡോ. ബിജു എന്നെ കാണാനായി എറണാകുളത്തെത്തി രാവിലെ ഫോൺ ചെയ്തു. രാവിലെയുള്ള തിരക്കുമൂലം ഞാൻ വൈകിട്ട് കാണാമെന്ന് പറഞ്ഞു. പക്ഷേ വൈകിട്ടും കാണാൻ കഴിഞ്ഞില്ല. സിനിമയുടെ വർക്ക് നീണ്ടുപോയി.
എന്നാൽ ഡോ.ബിജു എന്നെമാത്രം കാണാനാണ് എറണാകുളത്തെത്തിയതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം എന്നെ കാത്തുനിന്നു എന്നുപോലും അറിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹം ആ അഭിമുഖത്തിൽ പറയുമ്പോഴാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്.''
ബിജു മേനോന് പകരമാണ് പിന്നീട് സുരാജ് വെഞ്ഞാറമൂടിനെ 'പേരറിയാത്തവരി'ലേക്ക് ഡോ. ബിജു കാസ്റ്റ് ചെയ്തത്. അതിന് സുരാജിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇതിൽ നിരാശയും വിഷമവുമില്ലെന്ന് ബിജു മേനോൻ പറഞ്ഞു. സുരാജിന്റെ അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും ബിജു പറഞ്ഞു.
''എനിക്ക് കിട്ടാനുള്ളത് എനിക്ക് കിട്ടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആരെല്ലാം തടഞ്ഞുവച്ചാലും എനിക്ക് ലഭിക്കേണ്ട കഥാപാത്രം എന്നെ തേടിയെത്തും. പിന്നെ സുരാജിന് ആ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു. ദേശീയ അംഗീകാരവും ലഭിച്ചു. അതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.
സിനിമയിൽ ഇഷ്ട നായിക സംയുക്ത വർമയല്ല. പിന്നെ ആരാണ് ബിജുവിന്റെ ഇഷ്ടനായികയെന്നറിയണ്ടേ...
''മലയാളത്തിലെ പ്രധാന നായികമാരുടെ കൂടെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇപ്പോൾ വളരെ ടാലന്റുള്ള നായികമാർ വരുന്നുണ്ട്. എല്ലാവരും വളരെ കഴിവുള്ളവരും മിടുക്കികളുമാണ്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ഉർവ്വശിചേച്ചിയാണ്. ഉർവ്വശിചേച്ചിയുടെ അഭിനയം അപാരമാണ്. ഞാൻ എന്നും ആരാധിക്കുന്ന നായിക ഉർവ്വശിചേച്ചിയാണ്.''
മലയാള സിനിമയിലെ വിസ്മയതാരങ്ങൾ മമ്മൂക്കയും ലാലേട്ടനുമാണെന്നും ബിജു പറയുന്നു. അവരെയാണ് എന്നും ആരാധനയോടെ നോക്കുന്നതെന്നും താരം പറഞ്ഞു. എന്നാൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ ഭരത് ഗോപിയാണ്. ''തിലകൻചേട്ടൻ, ശങ്കരാടി തുടങ്ങിയ മഹാനടന്മാരേയും ഇഷ്ടമാണ്. ഭരത് ഗോപിച്ചേട്ടനെയാണ് ഞാൻ എല്ലാക്കാലവും ആദരവോടെ നോക്കിയിട്ടുള്ളത്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനും ഗോപിച്ചേട്ടനാണ്.''