തിരുവനന്തപുരം: ഇക്കുറി ദേശീ ചലച്ചിത്ര പുരസ്‌ക്കാര നിർണയം കഴിയുമ്പോൾ മലയാളം സിനിമക്ക് വലിയ നേട്ടമാണ് ഉണ്ടായത്. നിരവധി മലയാളി താരങ്ങൾ പുരസ്‌ക്കാരം നേടി. മികച്ച നടിക്കുള്ള പുരസ്‌ക്കാരം സുരറൈ പോട്രിലെ നായികാ വേഷത്തിലൂടെ അപർണ ബാലമുരളി നേടിയപ്പോൾ ബിജു മേനോന് മികച്ച സഹനടനുള്ള പുരസ്‌ക്കാരമാണ് അയ്യപ്പനും കോശിയിലെ അഭിനയത്തിലൂടെ നേടിയത്.

സുരറൈ പോട്രിലെ തന്റെ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കാൻ സംവിധായിക സുധാ കൊങ്ങര ആഗ്രഹിച്ചിരുന്നതായി നടി അപർണ ബാലമുരളി പുരസ്‌ക്കാര നേട്ടത്തോട് പ്രതികരിച്ചു. അവർ തന്നിലേൽപ്പിച്ച വിശ്വാസം കാരണമാണ് തനിക്ക് ഈ നേട്ടം ലഭിച്ചതെന്നും അപർണ പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അപർണ.

'ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ്, ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം. എല്ലാവർക്കും നന്ദി. ഈ കഥാപാത്രത്തിന് പുരസ്‌കാരം ലഭിക്കണമെന്ന് ഈ ചിത്രത്തിന്റെ സംവിധായിക സുധ മാമിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവർ എന്നിൽ അർപ്പിച്ച വിശ്വാസം കാരണം മാത്രമാണ് ഞാനിവിടെ നിൽക്കുന്നത്. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് ആവശ്യമായ സമയം സുധ മാം തന്നു.

അതിനാൽ നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു. തീർത്തും അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയത്. സിനിമയെക്കുറിച്ചൊന്നും കാര്യമായ ധാരണ എനിക്കുണ്ടായിരുന്നില്ല. അതിനാൽ ഇനിയും ഒരുപാട് പഠിക്കണം എന്നാണ് ആഗ്രഹം. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഈ കഥാപാത്രത്തിനായി നല്ല രീതിയിൽ പരിശീലനം ലഭിച്ചിരുന്നു. മധുര തമിഴ് പറയാൻ ഉൾപ്പടെ ഒരുപാട് പേർ സഹായിച്ചു. വലിയൊരു ടീം വർക്കായിരുന്നു ആ സിനിമ.' -അപർണ പറഞ്ഞു.

അതേസമയം തനിക്ക് ലഭിച്ച പുരസ്‌ക്കാരം സച്ചിക്കു സമർപ്പിക്കുന്നതായി ബിജു മേനോനും പ്രതികരിച്ചു. നിരവധി അവാർഡുകളുമായി അയ്യപ്പനും കോശിയും മുന്നിലാണ്. സച്ചി ഈ സന്തോഷം കാണാൻ ഇല്ലാത്തതാണ് ഏറ്റവും വിഷമമെന്ന് ബിജു മേനോൻ പ്രതികരിച്ചു

''ഈ അവാർഡ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ടു വർഷം മുൻപ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണിത്.ഈ അവസരത്തിൽ ഓർക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സച്ചിയോടു മാത്രമാണ്. സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്നതിന്, പ്രേക്ഷകർ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോട് നന്ദി പറയുന്നു, ദൈവത്തോട് നന്ദി പറയുന്നു. എന്റെയൊപ്പം ജോലി ചെയ്ത സഹപ്രവർത്തകരോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുകയാണ്.

ഈ ചിത്രത്തിന്റെ ആദ്യത്തെ ആലോചന മുതൽ തന്നെ ഞാൻ ഒപ്പമുണ്ടായിരുന്നു ചെറിയ ക്യാൻവാസിലായിരുന്നു ഈ സിനിമ ആദ്യം പ്ലാൻ ചെയ്തിരുന്നത്. ഈ അംഗീകാരത്തിന് ഒരുപാട് സന്തോഷം എല്ലാവരോടും നന്ദി പറയുന്നു. ഈ സന്തോഷം കാണാൻ സച്ചിയില്ലെന്നതാണ് വലിയ വിഷമം. സച്ചിയുടെ വലിയ എഫർട്ടിന് കിട്ടിയ അംഗീകാരമായിട്ട് ഇതിനെ കാണുന്നു. ഒരുപാട് സിനിമകളുണ്ടായിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ വലിയ സന്തോഷം. ഇത്തരത്തിൽ അവാർഡ് ലഭിക്കുന്നത് വലിയ പ്രചോദനമാണ്''. ബിജു മേനോൻ പ്രതികരിച്ചു.