കണ്ണൂർ: ആർ.എസ്.എസ്. നേതാവ് രാമന്തളിയിലെ ബിജുവിനെ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെയാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഏപ്രിൽ 22നു തന്നെ ഇതു സംബന്ധിച്ച് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 22ന് ബിജെപി. ശക്തികേന്ദ്രമായ മൊട്ടക്കുന്നിൽ ഒരു സിപിഐ(.എം). പ്രവർത്തകന്റെ ഗൃഹപ്രവേശ ചടങ്ങുണ്ടായിരുന്നു.

പിടിയിലായ അനൂപും റിനീഷും ഈ വീട്ടിലുണ്ടായിരുന്നു. പ്രതികളെല്ലാവരും ചേർന്ന് അവിടെവച്ചാണ് ബിജുവിനെ വകവരുത്താനുള്ള ആലോചന നടത്തിയത്. 24 ന് ഇന്നോവാ കാർ വാടകയ്ക്കെടുത്ത് അന്നുതന്നെ കാനായിലെ ഒരു സി.പി..എം. പ്രവർത്തകനുമായി ബന്ധപ്പെട്ട് അവിടെ താവളം ഒരുക്കിയിരുന്നു. കൊല നടന്നാൽ ഒളിച്ചുതാമസിക്കാനുള്ള ഇടമായിരുന്നു ഇത്.

താവളമൊരുക്കിയ ശേഷമാണ് ബിജുവിനെ നിരീക്ഷിക്കാൻ ഒരു പ്രവർത്തകനെ ചുമതലപ്പെടുത്തിയത്. ഇയാളിൽ നിന്ന് ബിജുവിന്റെ വരവും പോക്കും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. നേരത്തെ ഡിവൈഎഫ്ഐ. പ്രവർത്തകൻ ധൻരാജ് കൊല്ലപ്പെട്ടത് 2016 ജൂലായ് 11 ആയിരുന്നു.

അതുകൊണ്ട് അന്നു തന്നെ ബിജുവിനെ കൊലപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ബിജു മംഗലാപുരത്തായതിനാൽ അത് നടന്നില്ല. ബിജുവിനൊപ്പം എന്നുമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് പകവീട്ടലിന് കളമൊരുങ്ങിയത്.

കഴിഞ്ഞ മെയ് 12 ന് രാജേഷിനെ പിൻതുടർന്ന് പ്രതികൾ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തി. ബിജുവിനെ കൂട്ടാൻ ബൈക്കുമായി സ്‌റ്റേഷനിൽ കാത്തു നിന്ന രാജേഷിനെ ജ്യോതിഷ്, ജിതിൻ എന്നിവർ നിരീക്ഷിച്ചിരുന്നു. പഴയങ്ങാടിയിൽ വണ്ടിയിറങ്ങിയ ശേഷം രാജേഷിന്റെ ബൈക്കിൽ പുറപ്പെട്ട ബിജുവിനെ പിൻതുടരുകയും ഇന്നോവാ കാറിലുണ്ടായിരുന്ന അനൂപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ജ്യോതിഷും ജിതിനും വിവരം നൽകുകയും ചെയ്തു. രാജേഷിന്റെ ബൈക്കിനു മുന്നിലുള്ള ഇന്നോവാ കാറിൽ സഞ്ചരിക്കുന്നവരെ ശ്രദ്ധിക്കാൻ ബിജു പറഞ്ഞിരുന്നു. എന്നാൽ അത് മറ്റേതോ യാത്രാ സംഘമാണെന്ന് രാജേഷ് മറുപടിയും നൽകി.

അല്പം കഴിഞ്ഞപ്പോൾ എതിരാളികളാണെന്ന് മനസ്സിലാക്കിയ ബിജു 'പണി കിട്ടി. ഉടൻ വിട്ടോ' എന്ന് പറഞ്ഞു. അതനുസരിച്ച് രാജേഷ് ബൈക്കിന്റെ വേഗം വർദ്ധിപ്പിക്കാൻ ശ്രമിക്കവേ ഇന്നോവാ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹെൽമെറ്റ് അടക്കം തെറിച്ചു വീണ് രാജേഷ് ഓടി രക്ഷപ്പെട്ടു.

എന്നാൽ ബിജു ഓടും മുമ്പേ സമീപത്തെ സർവ്വേ കല്ലിൽ വെച്ച് അയാളുടെ കഴുത്തറുക്കുകയായിരുന്നു. അതിനു ശേഷം റിനീഷ് വാൾ കൊണ്ട് ബിജുവിന്റെ വയറ്റിൽ വെട്ടി. വെട്ട് ഷർട്ടിൽ കുടുങ്ങി അതോടെ വടിവാൾ വയറ്റിൽ കുത്തിയിറക്കി. മരിച്ചെന്ന് ഉറപ്പായിട്ടും പ്രതികളിലൊരാൾ ബിജുവിന്റെ കൈവെട്ടി മാറ്റുകയും ചെയ്തു- അന്വേഷണ സംഘത്തിന് പ്രതികൾ നൽകിയ മൊഴികളിൽ പറയുന്നു.