തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണൻ ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ തെളിവെന്ന നിലയിൽ സിഡിയുമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർ നിരാശരാകേണ്ടി വരും. ബിജു രാധാകൃഷണന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന നിഗമനത്തിലാണ് ഇന്റലിന്റ്‌സ് റിപ്പോർട്ട്. എല്ലായെപ്പോഴും ജനങ്ങളുടെ കൂടെ കഴിയുന്ന നേതാവായ ഉമ്മൻ ചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് സരിത മോഡൽ ബ്ലാക്‌മെയ്‌ലിംഗാണ് ബിജു രാധാകൃഷ്ണൻ ഉദ്ദേശിച്ചത്. കേരളം കണ്ട ഏറ്റവും വലിയ നുണബോംബാണ് ബിജു രാധാകൃഷ്ണൻ പൊട്ടിച്ചതെന്നാണ് ഇന്റലിജന്റ്‌സ് വൃത്തങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ഹാജരാക്കാവുന്ന ഒരു വീഡിയോ ദൃശ്യവും ബിജു രാധാകൃഷ്ണന്റെ പക്കലില്ല. എന്നാൽ പൊലീസിനുള്ളിൽ നിന്നുതന്നെ മറ്റു ചില ദൃശ്യങ്ങൾ പുറത്തുപോയതായും വിവരമുണ്ട്. ഇപ്പോൾ ഡൽഹിയിലുള്ള കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊബൈലിൽ ആറുമാസം മുൻപുതന്നെ ബിജുവിന്റെ മൊഴിയിലില്ലാത്ത ഒരു ദൃശ്യമുണ്ടായിരുന്നു. കോൺഗ്രസിനുള്ളിൽ നിന്നുള്ള ചില പ്രമുഖരുടെ ഒത്താശയും ഗ്രൂപ്പുവഴക്കുമാണ് ഇപ്പോൾ ബിജു ബലവാനായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ ഇടയാക്കിയതെന്നും അറിയുന്നു. യു.ഡി.എഫിന് പുറത്തു നിൽക്കുന്ന രണ്ട് നേതാക്കന്മാരുടെ ചരടുവലികളും പിന്നിലുണ്ട്. തന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതിൽ മൂന്ന് മൊബൈലുകളും ഒരു ലാപടോപ്പും പൊലീസ് പൂഴ്‌ത്തിയെന്ന് നേരത്തേ സരിത എസ്. നായർ പരാതിപ്പെട്ടിരുന്നു.

ഭരണത്തിലെ പ്രമുഖരുടെ വീഡിയോ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞ് ബ്ലാക്ക്‌മെയിലിങ് നടത്തി പണമുണ്ടാക്കാനും ജാമ്യം നേടി പുറത്തിറങ്ങാനുമാണ് ബിജു രാധാകൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് സർക്കാർ വിലയിരുത്തൽ. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതടക്കം അറുപതിലേറെ കേസുകളിൽ പ്രതിയാണ് ബിജു രാധാകൃഷ്ണൻ. സോളാർ തട്ടിപ്പുകേസുകളിൽ ബിജുവിന് കോടതി 45 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൊലക്കേസിലടക്കം അഭിഭാഷകരുടെ ചെലവിനും വൻതുക വേണം. പണത്തിന്റെ ആവശ്യമേറെയുള്ള ഘട്ടത്തിൽ ബിജു ഇറക്കിയ പുതിയ അടവാണ് പ്രമുഖർക്കെതിരെയുള്ള ലൈംഗിക ആരോപണമെന്നാണ് ഇന്റലിജൻസ് പറയുന്നത്. വാക്ചാതുരിയിൽ ആരെയും വീഴ്‌ത്താൻ ബിജുവിനാകും. ഇന്ത്യയിൽ ഏറ്റവും ശമ്പളം വാങ്ങുന്ന എക്‌സിക്യൂട്ടിവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു പാർലമെന്റംഗവുമായി ബിസിനസ് ഉടമ്പടിയുണ്ടാക്കിയ ആളാണ് ബിജുവെന്നും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. സോളാർ ഇടപാടിൽ അനധികൃതമായി ഉണ്ടാക്കിയ പത്തുകോടി രൂപ താൻ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും തന്നെ രക്ഷിച്ചാൽ 25 ലക്ഷം നൽകാമെന്നുമായിരുന്നു കൊല്ലത്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പൊലീസുകാരോട് ബിജുവിന്റെ പ്രലോഭനം.

സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിക്കുക എളുപ്പമല്ലാത്തതിനാൽ ബിജുവിന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. ഈ ഘട്ടത്തിൽ ജാമ്യമെടുത്ത് പുറത്തിറക്കാമെന്ന പ്രലോഭനവുമായി ചില രാഷ്ട്രീയ ഉന്നതരുടെ ദൂതന്മാർ ബിജുവിനെ ജയിലിൽ കണ്ടിട്ടുണ്ടെന്നതിനുള്ള തെളിവുകൾ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിട്ടുണ്ട്. കോൺഗ്രസിലെ ഉന്നത നേതാവിന്റെ അനുവാദത്തോടെയാണിതെന്നുമാണ് പൊലീസ് പറയുന്നത്. ഐ ഗ്രൂപ്പിന്റെ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ബിജു രാധാകൃഷ്ണനുമായി നടത്തിയ രഹസ്യകൂടിക്കാഴ്‌ച്ചകളും സംശയമുനയിലാണ്. തടവുകാരെ സെല്ലിൽ അടയ്ക്കുന്ന വൈകിട്ട് ആറിനുശേഷം ബിജുവിനെ സെല്ലിന് പുറത്തിറക്കി കഴിഞ്ഞ ഒക്‌ടോബർ 17 മുതൽ നവംബർ 13 വരെ ഇരുപതിലേറെ തവണയാണ് ജയിൽ സൂപ്രണ്ട് കൂടിക്കാഴ്ച നടത്തിയത്. സോളാർ കമ്മിഷനിലും കോടതികളിലും ബിജുവിനെ ഹാജരാക്കേണ്ട ദിവസങ്ങൾക്ക് തൊട്ടുമുൻപുള്ള പല കൂടിക്കാഴ്ചകളും ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ ജയിലിനുള്ളിൽ നടന്ന ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ഒരുവിഭാഗം ആരോപിക്കുന്നു.

അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾക്കെതിരെ നടത്തിയ ലൈംഗിക ആരോപണം സരിതയുമായി ആലോചിച്ചായിരുന്നെന്നും ആരോപണം ഉന്നയിച്ചത് സരിത പറഞ്ഞിട്ടാണെന്നും സോളർ കമ്മിഷനെ ബിജു രാധാകൃഷ്ണൻ ഇന്നലെ അറിയിച്ചിട്ടുണ്ട്. എന്നാൽ പിന്നീടു സരിതയുടെ നിഷേധം കണ്ടു താൻ ഞെട്ടിയെന്നും ബിജു പറഞ്ഞു. സരിതയുമായി സംസാരിച്ച തീയതികളും ഫോൺ നമ്പരുകളും കമ്മിഷനു മുമ്പാകെ ബിജു വെളിപ്പെടുത്തി. സരിതയുമായി താനും തന്റെ അഭിഭാഷകനും നടത്തിയിട്ടുള്ള സംഭാഷണങ്ങൾ വീണ്ടെടുക്കുന്നതിനു നടപടിയെടുക്കണമെന്നും ബിജു ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കമ്മിഷൻ മുമ്പാകെ പറഞ്ഞ എല്ലാ കാര്യങ്ങളും സരിതയ്ക്ക് അറിവുള്ളതാണ്. കഴിഞ്ഞ 12നാണ് എന്നോട് സോളർ കമ്മിഷൻ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുന്നത്. ആ ദിവസം തന്നെ മൂവാറ്റുപുഴ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസുണ്ടായിരുന്നു. സരിതയും അവിടെ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ചില കാര്യങ്ങൾ തനിക്കു സംസാരിക്കാനുണ്ടെന്നും കോടതി കഴിഞ്ഞ് ഡ്രൈവർ ബിനു അക്കാര്യം പറയുമെന്നും സരിത അറിയിച്ചു.

ഇതനുസരിച്ച് കോടതി കഴിഞ്ഞപ്പോൾ ഡ്രൈവർ മൂന്നു കാര്യങ്ങളാണ് അറിയിച്ചത്. മുഖ്യമന്ത്രിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും കമ്മിഷനു മുന്നിൽ തുറന്നു പറയണം. അങ്ങനെ പറഞ്ഞില്ലെങ്കിൽ ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും കൂടിയാണ് സോളർ തട്ടിപ്പുകൾ നടത്തിയതെന്നു സരിത കമ്മിഷന്റെ മുമ്പാകെ പറയും. രണ്ട്: ആര്യാടൻ ഷൗക്കത്ത്, ബഷീർ അലി ഷിഹാബ് തങ്ങൾ, ഷിബു ബേബി ജോൺ ഇവരുടെ കാര്യങ്ങളും പറയണം. മൂന്ന്: ശാലുമേനോനാണ് സോളർ ഇടപാടിലെ പണം മുഴുവൻ ചെലവഴിച്ചതെന്നും പറയണം എന്നതുമായിരുന്നു ആവശ്യം.

കോട്ടയം ഡിസിസി ഭാരവാഹിയായിരുന്ന കെ.ജെ ജയിംസ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം തന്നെ വന്നു കണ്ടിരുന്നതായും ബിജു സോളാർ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. രണ്ടു തവണയായി പത്തു ലക്ഷവും 30 ലക്ഷവും നിക്ഷേപമായി വാങ്ങി. മുഖ്യമന്ത്രിയുടെ ദൂതനായി തോമസ് കൊണ്ടോടി ഏഴു തവണ വന്നുകണ്ടിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ ഒരു സബ്‌സിഡിയും ടിം സോളറിനു കിട്ടിയിട്ടില്ല, വിവിധ എക്‌സിബിഷനുകളിൽ പങ്കെടുക്കാനുള്ള സൗകര്യം മാത്രമാണു ലഭിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ചോദ്യങ്ങൾക്കിടെ പലവട്ടം കമ്മിഷൻ ഇടപെട്ടു. പല ചോദ്യങ്ങളും ചോദിക്കുന്നതിൽനിന്നു കമ്മിഷൻ വിലക്കുകയും ചെയ്തു. സരിതയുടെയും മറ്റൊരു സ്ത്രീയുടെയും നഗ്‌നചിത്രങ്ങൾ ബിജുരാധാകൃഷ്ണൻ പകർത്തിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ പരാമർശങ്ങളും കമ്മിഷനെ ചൊടിപ്പിച്ചു. ഗണേശ്കുമാറാണ് സരിതയുടെ നഗ്‌നചിത്രങ്ങളെടുത്തതെന്ന് ബിജു പറഞ്ഞു. പുറത്തിറക്കാമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരും പറഞ്ഞിരുന്നതിനാലാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്ന് ബിജു പറഞ്ഞു.

അതേസമയം ബിജുവിന്റെ പക്കൽ ഉണ്ടോ എന്നവ്യക്തയില്ലാത്ത സിഡിയുടെ പേരിൽ മുഖ്യമന്ത്രിക്കെതിര വാർത്ത നൽകിയ ചാനലുകളും കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. ഒരു കൊലക്കേസ് പ്രതിയുടെ ആരോപണം ഇങ്ങനെ ആഘോഷമാക്കേണ്ടിയിരുന്നോ എന്നാണ് പൊതുവിൽ സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നിന്നിരുന്നു.